പിന്നിട്ട വഴികളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കൂ

0
തടവുകാരനായി നിനെവേയില്‍ എത്തിയപ്പോള്‍ എന്‍െറ സഹോദരന്‍മാരും ചാര്‍ച്ചക്കാരും വിജാതീയരുടെ ഭക്‌ഷണം കഴിച്ചു.
എന്നാല്‍, ഞാന്‍ കഴിച്ചില്ല;
കാരണം, ദൈവത്തേക്കുറിച്ചുള്ള ഓര്‍മ എന്‍െറ മനസ്‌സില്‍ നിറഞ്ഞുനിന്നിരുന്നു.
(തോബിത്‌ 1 : 10-12)
B.C. 721 ലാണ് അസ്സീറിയൻ അധിനിവേശത്തിന്റെ ഫലമായി യഹൂദർ  നിനിവേയിലേയ്ക്ക് നാട് കടത്തപ്പെടുന്നത്. അവരിലൊരാളായിരുന്നു തോബിത്. ദൈവഭക്തിയും നിയമം പാലിക്കുന്നതിൽ കൃത്യതയും ഉണ്ടായിരുന്ന തോബിത് വളരെ തിക്തമായ അനുഭവങ്ങളിലൂടെ ആണ് കടന്നുപോയത്.
അഗ്നികുണ്ഠം കണക്കെ അനുഭവങ്ങൾ കഠിനമായപ്പോഴും താൻ ആരെന്നു മറക്കാത്തവൻ, തോബിത്. അന്യനാട്ടിൽ അടിമത്വത്തിൽ കഴിയുമ്പോഴും ‘ഞാൻ ആരാണ്, എന്തായിരിക്കണം’ എന്ന്‌ മറക്കാതിരുന്നവൻ !
വിശപ്പ് ഇല്ലാത്തതുകൊണ്ടല്ല, ഭക്ഷണം കൊതിപ്പിക്കാഞ്ഞിട്ടുമല്ല, പക്ഷെ, “ദൈവത്തെക്കുറിച്ചുള്ള ഓർമ്മ”യാണ് അയാളെ സ്വത്വം നഷ്ടപ്പെടാതെ സൂക്ഷിച്ചത്.
പച്ച കെടാത്ത ചില ഓർമകളും, ചില ചിത്രങ്ങളും മനസ്സിൽ കൊണ്ടുനടക്കുന്നത് നല്ലതാണ്..
അവ നമ്മെ ചില പ്രവാസങ്ങളിൽ, ചില അഗ്നിപരീക്ഷകളിൽ  താങ്ങിനിർത്തിയേക്കാം. ദൈവ-ഓർമയിൽ ജീവിച്ച തോബിതിനെ ദൈവവും മറക്കുന്നില്ല, വെറും 12 അദ്ധ്യായങ്ങൾ മാത്രമുള്ള ഈ ചെറുഗ്രന്ഥം അത്ര ചെറുതല്ലാത്ത Positive Energy നൽകിയാണ് അവസാനിക്കുന്നത്.
ജീവിതത്തിന്റെ ചില നാൽക്കവലകളിൽ ഓർമകൾ ഇല്ലാതിരുന്നതുകൊണ്ടാവാം, ചില വിരുന്നുകളുടെ മുൻപിൽ നമുക്ക് നിലപാടുകൾ നഷ്ടമായതും നമ്മൾ ആരെന്ന് നമ്മൾ മറന്നുപോയതും.
സുഹൃത്തേ, ഒന്നും മറക്കേണ്ടതില്ല; കുടുംബത്തെ, മാതാപിതാക്കളെ, പ്രിയപ്പെട്ടവരെ, വന്ന വഴികളെ, വളർത്തിയവരെ, തളർത്തിയവരെ… ആരെയും !
ഈ വർഷത്തിലെ അവസാനദിനം. മറക്കാതിരിക്കാം, എല്ലാമൊന്നും ഓർക്കാൻ ആയില്ലെങ്കിലും !
കാരണം, ചില ഓർമകൾ തന്നെ പുണ്യമാണ്..!
നല്ല ദിവസം സ്നേഹപൂർവ്വം ..
ഫാ. അജോ രാമച്ചനാട്ട്