അവര്‍ ആല്‍മരങ്ങള്‍ പോലെ…

0

അവന്‍ പറഞ്ഞു: നീ നിന്‍െറ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക.”(മത്താ. 22 : 37)

പൗരോഹിത്യത്തോട് അടുത്തുകൊണ്ടിരുന്ന ദിവസങ്ങളിൽ ഒരു യുവസുഹൃത്തിനോട് ഞാൻ ചോദിച്ചു, ഒരു പുരോഹിതൻ ആരായിരിക്കണം? അവൻ കൈകൾ രണ്ടും വിരിച്ചുപിടിച്ചിട്ട് എന്നോട് പറഞ്ഞു, “ദേ ഇങ്ങനെ.. ഒരു ആൽമരം പോലെ ആവണം”.

പിന്നെ അതിനെപ്പറ്റി ചോദിക്കാനോ വിശദീകരിക്കാനോ എന്തോ ഞങ്ങൾ രണ്ടാൾക്കും പറ്റിയിട്ടില്ല. എനിക്ക് അതങ്ങ് പൂർണമായും മനസ്സിലായിട്ടുമില്ല, അവൻ എന്തൊക്കെയാണ്‌ മനസ്സിൽ കണ്ടതെന്ന്.

പുരോഹിതൻ തണലും, കരുതലും, കാവലും ആവേണ്ടതുണ്ട്, അതാവണം അവൻ മനസ്സിൽ കരുതിയത്. ഏറെക്കുറെ – എപ്പോഴും എല്ലാവരും അല്ലെങ്കിലും –  അങ്ങനെയൊക്കെയാണ് താനും. ഇന്നോളം എന്റെ വ്യക്തിജീവിതത്തിൽ സ്വാധീനം ചെലുത്തിയ പ്രിയ വൈദികരെയോർത്തു പ്രാർഥിക്കുന്നു.. 
എന്താവണം, ഒരു പുരോഹിതന്റെ മൂലധനം?

മത്താ.22/37 ഓർമപ്പെടുത്തുന്നത് ആ ‘പൂർണ’സ്നേഹത്തെക്കുറിച്ചാണ്, ഇനി ഒരു തരി ഇല്ലാത്തവിധം തമ്പുരാന് സർവവും നൽകുന്ന, ഒരു കണിക ബാക്കി ഇല്ലാത്തവിധം ദൈവത്തെ സ്നേഹിക്കുന്ന പുരോഹിതനെ ദൈവം സ്വന്തമാക്കുകയും ഉപയോഗിക്കുകയും ചെയ്യും, ഉറപ്പ്. 

ഒരാൾ ഭൂമിയിൽ തന്റെ ഇണയ്ക്കായി പൂർണമായി നൽകുകയും അവർ ഒന്നാവുകയും ചെയ്യുന്നതിനേക്കാൾ ഇഴയടുപ്പം തമ്പുരാൻ തന്റെ പുരോഹിതരിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട് !! ഭൂമിയിലുള്ള ഒന്നും അതിന് തടസ്സമാകരുതെന്ന് അല്പം Possessive ആയിത്തന്നെ ആഗ്രഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ അനുഭവം !

ദൈവസ്നേഹം ഉള്ളിൽ നിറയുന്ന പുരോഹിതർ, ഭൂമിയിലെ അനേകായിരം മനുഷ്യർക്ക് മുൻപിൽ ഓരോരോ ആകാശങ്ങളായിത്തീരും.. 

വന്നുപോയതും വരുത്തിവച്ചതുമായ പിഴകളെ ഓർത്ത്‌.. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. 

പ്രിയരേ, ഇനിയും ഞങ്ങളെ സ്നേഹിക്കണം, പ്രാർത്ഥിക്കണം, കൂടെ നിൽക്കണം, അനേകാത്മാക്കൾക്ക് ചേക്കേറാനുള്ള ആൽമരങ്ങളായി ജീവിക്കാൻ.

കൃപ നിറഞ്ഞ ഒരു ദിവസം

സ്നേഹപൂർവം.. 

ഫാ. അജോ രാമച്ചനാട്ട്