മാലാഖമാരുടെ മറിയത്തിന്റെ ബസിലിക്ക (Basilica di Santa Maria degli Angeli)

തീര്‍ത്ഥാടനം

0

മറ്റൊരു പ്രധാനപ്പെട്ട ദേവാലയമാണിത്. ക്ലാരയുടെ ബസിലിക്കയില്‍നിന്ന് ഏതാണ്ട് രണ്ടു കിലോമീറ്റര്‍ അകലെ സമതലത്തിലാണ് റെയില്‍വേസ്റ്റേഷനടുത്താണ് ഈ ദേവാലയം. അങ്ങോട്ടെത്താന്‍ ബസ് സൗകര്യമുണ്ട്. നല്ല തണുപ്പും മഴയും…നില്ക്കുന്ന ഇടത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒന്നും അത്ര കാര്യമാക്കാനില്ലല്ലോ.

പത്തുമിനിറ്റിനുള്ളില്‍ നമ്മള്‍ അവിടെയെത്തും.     വലുപ്പത്തില്‍ ലോകത്തിലെ ഏഴാമത്തെ പള്ളിയാണിത്. ഫ്രാന്‍സിസും ആദ്യകാല സഹോദരന്മാരും ജീവിച്ചിരുന്ന ആശ്രമം ഇതിനോടനുബന്ധിച്ചാണ്. അന്നത്തെ പോര്‍സ്യാങ്കുള ദേവാലയവും ഫ്രാന്‍സിസ് മരിച്ച കുഞ്ഞുമുറിയും ഈ പള്ളിക്കുള്ളില്‍ നിലനിര്‍ത്തിയിരിക്കുന്നു. ഈ പള്ളിയുടെ കഥയിങ്ങനെ:
ഫ്രാന്‍സിസിന്റെ മരണശേഷം അനുയായികള്‍ പോര്‍സ്യാങ്കുളയ്ക്കു ചുറ്റും ചെറിയ കുടിലുകള്‍ നിര്‍മിച്ച് അതില്‍ താമസിക്കാന്‍ തുടങ്ങി. സാവധാനം ഒരു ഭക്ഷണശാലയും  ചെറിയൊരു പോര്‍ട്ടിക്കോയും പണിതു. എന്നാല്‍, പോര്‍സ്യാങ്കുളയിലേക്ക് തീര്‍ത്ഥാടകരായി ഇടമുറിയാതെ ആളുകള്‍ എത്തിക്കൊണ്ടിരുന്നു. പള്ളിയില്‍ ആളുകളെ ഉള്‍ക്കൊള്ളാനാവാതായി. അങ്ങനെ പതിനാറാം നൂറ്റാണ്ടില്‍ പയസ് അഞ്ചാമന്‍ പാപ്പയുടെ കാലത്ത് ഒരു വലിയ പള്ളി പണിയാന്‍ തീരുമാനിക്കുകയായിരുന്നു. അതിനുവേണ്ടി, ചെറിയ കുടിലുകളും കെട്ടിടങ്ങളുമെല്ലാം പൊളിച്ചു നീക്കി. എന്നാല്‍, പോര്‍സ്യാങ്കുളയും ഫ്രാന്‍സീസ് മരിച്ച മുറിയും പള്ളിക്കുള്ളില്‍ത്തന്നെ നിലനിര്‍ത്തി. 1569 ലായിരുന്നുവത്. ഫ്രാന്‍സീസിന്റെ മുറിയില്‍ ഒരു ചെറിയ അള്‍ത്താരയില്‍ അദ്ദേഹം അരയില്‍ കെട്ടിയിരുന്ന ഫ്രാന്‍സിസ്‌ക്കന്‍ ചരട് സൂക്ഷിച്ചിട്ടുണ്ട്. ഒന്‍പതാം പീയൂസ് പാപ്പ ഈ ദേവാലയത്തെ പേപ്പല്‍ ബസിലിക്കയായി ഉയര്‍ത്തി.

പള്ളിയോടു ചേര്‍ന്നുതന്നെയാണ് ആ പഴയ ആശ്രമം. ആശ്രമത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മള്‍ ഇരിയാതെതന്നെ മനസ്സ് നൂറ്റാണ്ടുകള്‍ പിന്നിലേക്കു സഞ്ചരിക്കും. ഫ്രാന്‍സീസ് തൊട്ടടുത്ത്, നമ്മോടൊപ്പമുണ്ടെന്ന തോന്നലുണ്ടാകുന്നു. നമ്മെ വിസ്മയിപ്പിക്കുന്ന രണ്ടു കാഴ്ചകള്‍ ഇവിടെയുണ്ട്. ആ ചെറിയ വരാന്തയില്‍ അദ്ദേഹത്തിന്റെ ഒരു ശില്പം. അതില്‍ പ്രാവുകള്‍ വന്നിരിക്കുന്നു. എപ്പോഴും ഒന്നുരണ്ടു പ്രാവുകള്‍ അവിടെ വന്നിരിക്കുമത്രേ…വിശ്വസിക്കാന്‍ പ്രയാസം തോന്നുമായിരിക്കും…തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈമാറി, നൂറ്റാണ്ടുകളായി അവ ആ ശീലം നിലനിര്‍ത്തുന്നു! കിളികളെ പെങ്ങന്മാരായിക്കണ്ട ഒരാളോട് അവര്‍ക്കുള്ള നന്ദിയും സ്‌നേഹവും…! അവരെങ്ങനെയറിഞ്ഞു ഇത് ആ മനുഷ്യന്റെ ശില്പമാണെന്ന്…?
ആ വരാന്തയോടു ചേര്‍ന്നുള്ള ‘റോസ് ഗാര്‍ഡന്‍’ എന്ന  പൂന്തോട്ടമാണ് മറ്റൊരത്ഭുതം. അതില്‍ വളരുന്ന റോസാചെടികള്‍ക്ക് മുള്ളുകളില്ല. ആ കഥ കേട്ടുകാണും. ഫ്രാന്‍സീസ് ഒരിക്കല്‍ വല്ലാത്ത ആശയക്കുഴപ്പത്തിലും പ്രലോഭനത്തിലും അകപ്പെട്ടു. അതില്‍നിന്നു പുറത്തുകടക്കാനാവാതെ കുഴഞ്ഞ ഫ്രാന്‍സിസ് തോട്ടത്തിലെ മുള്ളുകള്‍ നിറഞ്ഞ റോസാച്ചെടിയില്‍ കിടന്നുരുണ്ടു. എന്നാല്‍, പാവനമായ ആ ശരീരത്തെ കുത്തി മുറിവേല്പിക്കാന്‍ ആ ചെടി ഇഷ്ടപ്പെട്ടില്ല.  ചെടി മുള്ളുകള്‍ പിന്‍വലിച്ചു! ഇന്നും അവിടെ വളരുന്ന റോസാച്ചെടികള്‍ക്കു മുള്ളുകളില്ല! അതെ, പ്രകൃതി നമ്മെ മനസ്സിലാക്കുന്നുണ്ട്. കാലത്തെ അതിജീവിച്ച് ഫ്രാന്‍സിസ് സജീവനായിരിക്കുന്നതിന്റെ തെളിവുപോലെ തോന്നി ഈ രണ്ടു കാഴ്ചകള്‍.
വരാന്തയുംകടന്ന് നാം ചെല്ലുമ്പോള്‍ ഫ്രാന്‍സീസിന്റെ മുറിയാണ് ആദ്യം കാണുന്നത്. റോസ് ചാപ്പല്‍ എന്ന പേരിലാണത് ഇന്നറിയപ്പെടുന്നത്. അവിടെ പ്രാര്‍ത്ഥനാഭരിതനായി ക്രൂശിതരൂപത്തിനുമുമ്പില്‍ മുട്ടുകുത്തി നില്ക്കുന്ന ഫ്രാന്‍സീസിസിന്റെ മനോഹരശില്പം. എത്രയോ മണിക്കൂറുകള്‍ ഈ സെല്ലിനുള്ളില്‍ ഫ്രാന്‍സീസ് പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിട്ടുണ്ടാകാം. തന്റെ വ്യഥകളും സ്വപ്നങ്ങളും ദൈവത്തോടുള്ള സ്‌നേഹവുമൊക്കെ അവിടുത്തോട് പങ്കുവച്ചതും ഇവിടെവച്ചാണ്.
പുറത്തേക്കിറങ്ങുമ്പോള്‍ മുറ്റത്ത് ഫ്രാന്‍സിസിനെ ഓര്‍മിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസിന്റെ ഒരനുയായി പ്രാവുകളോടെപ്പം…അവ അദ്ദേഹത്തിന്റെ കൈകളിലും തോളുകളിലുമൊക്കെ വളരെ സ്വതന്ത്രമായി വന്നിരുന്ന് കിന്നാരം പറയുന്നു…കൈയില്‍ നിന്ന് ധാന്യമണികള്‍ കൊത്തിത്തിന്നുന്നു.
അതെ, ഇവിടത്തെ ഓരോ കല്ലും മണ്ണും ചെടികളുമൊക്കെ ഫ്രാന്‍സീസിന്റെ ഓര്‍മ വീണ്ടും വീണ്ടും സജീവമാക്കുകയാണ്. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. കഴിയുന്നിടത്തോളം അന്നത്തെപ്പോലതന്നെ എല്ലാം നിലനിര്‍ത്തിയിരിക്കുകയാണ്. പുതുക്കാതെ, ചെത്തിമിനുക്കാതെ… ഫ്രാന്‍സീസിനോടൊപ്പവും ശേഷവും എത്രയോ വിശുദ്ധരായ സന്യാസിമാര്‍ ഇവിടെ ജീവിച്ചു കടന്നുപോയി. വിശുദ്ധ അന്തോനീസ് ജീവിച്ചതും ഇവിടെയാണ്! അദ്ദേഹം ഫ്രാന്‍സിസിനോടൊപ്പമായിരുന്നു ഈ ആശ്രമത്തില്‍ കഴിഞ്ഞത്.

അസ്സീസിയോട് വിടപറയുമ്പോള്‍ അങ്ങോട്ടുപോയ മനസ്സല്ലായിരുന്നു. ദൈവമേ, സുവിശേഷം ജീവിക്കാന്‍ കോമാളിയെപ്പോലെ ജീവിച്ച ഒരു മനുഷ്യന്‍ എത്തിനില്ക്കുന്ന ഉയരം…! കഠിനമായ ആ വഴിയിലേക്ക് ഒരു ചുവടുപോലും വയ്ക്കാനുള്ള ധൈര്യമില്ലല്ലോ എന്നോര്‍ത്ത് ആത്മനിന്ദ തോന്നി. സഹനത്തിന്റെയും ത്യാഗത്തിന്റെയും ആള്‍രൂപമായി ജീവിച്ച ഒരു മനുഷ്യനെ കാലം എത്ര  സ്‌നേഹത്തോടെയാണു ചേര്‍ത്തുപിടിക്കുന്നത്. ഫ്രാന്‍സീസിന്റെ കാലടികളെ പിഞ്ചെന്ന് ജീവിച്ചവരില്‍ ആയിരക്കണക്കിനു വിശുദ്ധരുണ്ട്. സുവിശേഷത്തിനുവേണ്ടി മറ്റെല്ലാം നിസ്സാരമായി കരുതിയ ഈ മനുഷ്യന്‍ കാലത്തിന്റെ അവസാനംവരെ നമ്മെ ഇങ്ങനെ വെല്ലുവിളിച്ചുകൊണ്ടിരിക്കും. അതെ, ക്രിസ്തുവിന്റെ രണ്ടാം വരവോളം…!

 സിസ്റ്റര്‍ ശോഭ സിഎസ് എന്‍