സൗന്ദര്യമുള്ള ജീവിതങ്ങള്‍

0

സന്യാസം ഒരു മാറിനില്ക്കലാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍  കൂട്ടം തെറ്റലാണ്. പ്രമുഖ പത്രത്തിന്റെ പഴയൊരു പരസ്യം ഓര്‍മ്മിക്കുന്നു. മഴ പെയ്യുമ്പോള്‍ ഒരു കുടക്കീഴില്‍ നനയാതെ നില്ക്കുന്ന രണ്ടോ മൂന്നോ പേര്‍. മറ്റൊരാളാവട്ടെ മഴ നനഞ്ഞ് നില്ക്കുന്നു. എങ്ങനെയും വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഒരു പരസ്യം.

സ്വയം മഴ നനഞ്ഞും മറ്റുള്ളവരെ കുടയുടെ സുരക്ഷിതത്വത്തിലേക്കും സൗകര്യത്തിലേക്കും ചേര്‍ത്തുനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് സന്യാസിനികള്‍. തങ്ങള്‍ നനഞ്ഞാലും മറ്റുള്ളവര്‍ നനയരുതെന്ന് ആഗ്രഹിക്കുന്നവര്‍. അവര്‍ ചിലപ്പോള്‍ നനയുന്ന മഴയില്‍ തീയുണ്ടാകാം.. ചെളിയുണ്ടാകാം. പക്ഷേ എല്ലാം ഏറ്റുവാങ്ങാന്‍ കഴിയും വിധത്തിലുള്ളതാണ് അവരുടെ മനസ്സ്.
കൂട്ടത്തില്‍ കൂടാന്‍ വളരെയെളുപ്പമാണ്. എന്നാല്‍ കൂട്ടത്തില്‍ നിന്ന് മാറിനടക്കാന്‍ ഇത്തിരിയൊക്കെ ധൈര്യവും ആത്മബലവും ജ്ഞാനവുമെല്ലാം വേണം. സന്യാസം സവിശേഷമായ വിളിയാകുന്നത് അതുകൊണ്ടാണ്. മാറിനില്ക്കലിന്റെ വിളിയാണ് സന്യാസം. മാറിനില്ക്കുന്നത് അറിഞ്ഞുകൊണ്ടാണെങ്കില്‍, സ്വമേധയാ ആണെങ്കില്‍ അവിടെ പിന്നെ പരാതികളുടെയോ പല്ലുകടിയുടെയോ ആവശ്യമില്ല. സന്യസ്ത ജീവിതം ഉപേക്ഷിച്ചുപോന്നിരുന്നവര്‍ പിന്നീട് അതിനെതിരെ വിഷം തുപ്പുന്നത് കേള്‍ക്കുമ്പോഴൊക്കെ തോന്നിയിട്ടുണ്ട് അവര്‍ അവിടെ എന്തായിരുന്നു പ്രതീക്ഷിച്ചിരുന്നത്? ഉന്നതപദവികളോ.. അംഗീകാരങ്ങളോ.

ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറിയിട്ട് അവിടെ ന്യായമായ വേതനമോ അംഗീകാരമോ ഇല്ലായെങ്കില്‍ നമുക്ക് പരാതിപ്പെടാം. കാരണം ഉദ്ദേശ്യവും അനുഭവവും രണ്ടായതിന്റെ പേരില്‍. പക്ഷേ സന്യാസജീവിതം തിരഞ്ഞെടുത്തിട്ട് അവിടെ മുല്ലമാലകളും ബൊക്കെകളും കിട്ടുന്നില്ല എന്നതിന്റെപേരില്‍, സൗകര്യങ്ങള്‍ കുറവായതിന്റെ പേരില്‍ അവിടെയെന്തിനാണ് മുറുമുറുക്കുന്നത്.. അപസ്വരമുയര്‍ത്തുന്നത്? സന്യാസം ഒരിക്കലും പട്ടുമെത്തയല്ല. അസിധാരാവ്രതം എന്നൊക്കെ പറയുന്നതുപോലെയുള്ള ഒന്നാണ്. അതാകുമ്പോഴാണ് സന്യാസം വെല്ലുവിളിയാകുന്നത്.. അല്ലെങ്കില്‍ ഒഴുക്കിനൊത്തുള്ള വെറും  ചാഞ്ചാട്ടങ്ങള്‍ മാത്രം.

എന്നും ഏതൊരാളുടെയും ആദ്യത്തെ പ്രലോഭനം ഉടലിന്റേതുതന്നെയാണ്. പല വിധത്തില്‍ പല സമയത്ത് നിലവിളിക്കുന്ന അലാറം തന്നെയാണ് ഉടല്‍. അതിനെയാണ് സന്യസ്തര്‍ ആദ്യം തന്നെ നിശ്ശബ്ദമാക്കുന്നത്. പണ്ടുകാലങ്ങളില്‍ കന്യാസ്ത്രീകളുടെ ശിരസ് മുണ്ഡനം ചെയ്യുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ശിരസ് മാത്രമല്ല ജീവിതം തന്നെയാണ് അതിലൂടെ മുണ്ഡനം ചെയ്യപ്പെടുന്നത്.   ബാഹ്യമോടികളില്‍ നിന്നും ആടകളില്‍ നിന്നും അലങ്കാരങ്ങളില്‍ നിന്നും അവര്‍ സ്വമേധയാ മോചനം നേടുന്നു.  സവിശേഷമായ വിളിയിലേക്ക് പേരുചേര്‍ക്കപ്പെടുമ്പോള്‍ തങ്ങളുടെ അസ്തിത്വവും വ്യക്തിത്വവും  അവര്‍ വിസ്മരിക്കുകയായിരിക്കാം അതിലൂടെ ചെയ്യുന്നത്.

തന്നെ തന്നെ വിസ്മരിക്കുന്നവര്‍ക്ക് മാത്രമേ ദൈവത്തിന്റെ ജോലികളെ ദൈവത്തിന് ഇഷ്ടമായ രീതിയില്‍ ചെയ്യാന്‍ കഴിയൂ. കുടുംബജീവിതം പോലും അതില്‍ നിന്ന് ഭിന്നമല്ല.  എല്ലാവരുടെയും വളര്‍ച്ചയ്ക്ക് തടസമായി നില്ക്കുന്നതും ഈ അഹമാണ്.   സന്യാസത്തിനുള്ളില്‍ നിന്നുകൊണ്ട് സന്യാസജീവിതത്തെ അപഹസിക്കുകയും പിന്നീട് വെളിയില്‍ വന്ന് അതിന് നേരെ കല്ലെറിയുകയും ചെയ്യുന്നവര്‍ സത്യത്തില്‍ സന്യാസമായിരുന്നില്ല തിരഞ്ഞെടുത്തത് എന്നതാണ് അര്‍ത്ഥം. അവര്‍ മറ്റെന്തൊക്കെയോ പ്രതീക്ഷിച്ചു..അന്വേഷിച്ചു.  അത് കിട്ടാതെ വന്നപ്പോള്‍ ഖിന്നരായി.  ഇച്ഛാംഭംഗം അനുഭവപ്പെട്ടു. അഹത്തെ മറക്കുന്നതുകൊണ്ടും അഹത്തെ ഗൗനിക്കാത്തതുകൊണ്ടുമാണ്  അവര്‍ മുറിവേല്ക്കുന്നവരായി മാറുന്നത്.

സന്യാസജീവിതവും സഭയും ഏറെ നിന്ദനങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന വര്‍ത്തമാനകാലത്തിലും സന്യാസത്തെ വാഴ്ത്തുന്ന ചില സംഭവങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിലൊന്നായിരുന്നു  പ്രമുഖ ചാനലിലെ ഒരു പ്രത്യേക പ്രോഗ്രാമില്‍ നടന്ന മത്സരത്തില്‍ ജഡ്ജസിനെ അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ ഒരു കുരുന്നുബാലന്‍ പാട്ടുപാടിയത്. മാംസപിണ്ഡമെന്ന നിലയില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചുകളഞ്ഞ  ആ ബാലനെ പട്ടുവത്തെ കന്യാസ്ത്രീമാരാണത്രെ് പിന്നീട് വളര്‍ത്തിയതും വലുതാക്കിയതും. പൊതുസമൂഹത്തിന്റെ ഇടയില്‍  സന്യസ്തര്‍ ചെയ്യുന്ന സേവനങ്ങളുടെ മഹത്വം വെളിവാക്കാന്‍ തദ്ദൃശ്യമായ സംഭവങ്ങള്‍ ഏറെ ഉപകാരപ്പെടും.

പറഞ്ഞുവരുന്നത് ഇതാണ്. മഹത്തായ സേവനങ്ങള്‍ ചെയ്യുമ്പോള്‍ , നിസ്വാര്‍ത്ഥതയോടെ  ചെയ്യുമ്പോള്‍ നിങ്ങളെയെല്ലാവരും ആദരിക്കും..സ്‌നേഹിക്കും.. മറ്റുള്ളവരുടെ കണ്ണീരു തുടയ്ക്കുകയാണ്  നിങ്ങള്‍ ചെയ്യുന്നതെന്ന് തിരിച്ചറിയപ്പെടുമ്പോഴും സമൂഹം നിങ്ങളുടെ ഒപ്പമുണ്ടാകും. എന്നാല്‍ വിദ്യാഭ്യസത്തിന്റെയോ  ആതുര ശുശ്രൂഷയുടെയോ  മറ്റ് പലവിധ ശുശ്രൂഷകളുടെയോ പേരില്‍ സ്വന്തം മഹത്വം അന്വേഷിക്കുകയും സ്വാര്‍ത്ഥലക്ഷ്യമാണ് ഉണ്ടായിരിക്കുകയും ചെയ്യുന്നതെങ്കില്‍ നിങ്ങളും ബിസിനസുകാരും തമ്മില്‍ യാതൊരു വ്യത്യാസവും ഉണ്ടായിരിക്കുകയില്ല.

നിങ്ങളില്‍ നിന്ന് ഞങ്ങള്‍ ഏറെ പ്രതീക്ഷിക്കുന്നു. അത് നിങ്ങള്‍ മനുഷ്യരായതുകൊണ്ടല്ല പകരം നിങ്ങള്‍ അറിയപ്പെടുന്ന വിശേഷണത്തിന്റെ പേരിലാകുന്നു. കര്‍ത്താവിന്റെ മണവാട്ടികള്‍.  കര്‍ത്താവിന്റെ മണവാട്ടികള്‍ ആയതുകൊണ്ടുതന്നെ നിങ്ങള്‍ അതിന് അനുസരിച്ച് ജീവിക്കണം. ജീവിതം കെട്ടിപ്പടുക്കണം..മാതൃകയാകണം. അതിനപ്പുറം ഒന്നും ഞങ്ങള്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല.  ഇടറിയും പതറിയും നീങ്ങുന്ന ഞങ്ങള്‍ക്ക് നിങ്ങള്‍ വേണം മാര്‍ഗ്ഗദീപമാകാന്‍. പ്രാര്‍ത്ഥനകൊണ്ട് കരുത്തുപകരാനും സ്‌നേഹം കൊണ്ട് പ്രകാശിതരാകാനും നിങ്ങള്‍ക്ക് വേണ്ടത് പ്രാവിന്റെ നിഷ്‌ക്കളങ്കതയാണ്, സര്‍പ്പത്തിന്റെ വിവേകവും. അതെവിടെ കൈമോശം വരുന്നുവോ അവിടെ നിങ്ങളെ കാത്തിരിക്കുന്നത് സങ്കീര്‍ണ്ണതകളും സംഘര്‍ഷങ്ങളുമായിരിക്കും.
വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയായുടെ ഘാതകന്‍ സമുന്ദര്‍സിംങിനെ മാനസാന്തരപ്പെടുത്തിയ സ്വാമിയച്ചന്‍ അമേരിക്കന്‍ യാത്രയില്‍  മിണ്ടാമഠം സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് പിന്നീട് സാക്ഷ്യപ്പെടുത്തിയത് ഇങ്ങനെയാണ്.. ലോകത്തിലേക്കും വച്ചേറ്റവും സൗന്ദര്യം തോന്നിയ സ്ത്രീകളായിരുന്നുവത്രെ ആ കന്യാസ്ത്രീകള്‍. അതെ കന്യാസ്ത്രീകള്‍ക്ക് സൗന്ദര്യമുണ്ട്. അത് അവരുടെ നിസ്വാര്‍ത്ഥമായ സേവനമാണ്..കാരുണ്യത്തിന്റെ മുഖമാണ്. സ്‌നേഹത്തിന്റെ പ്രകാശമാണ്.  നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും സൗന്ദര്യമുള്ള സന്യാസമുഖം ആരുടേതായിരുന്നു.  കൊല്‍ക്കൊത്തയിലെ ആ കന്യാസ്ത്രീയുടേതായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. മദര്‍ തെരേസയുടെ..
ആ സൗന്ദര്യമുള്ള എല്ലാ കന്യാസ്ത്രീമാരുടെയും ജീവിതങ്ങള്‍ക്ക് മുമ്പില്‍ കൂപ്പുകൈകളോടെ..

വിനായക് നിര്‍മ്മല്‍