സൗമ്യം

0


മകനേ സൗമ്യതയോടുകൂടെ കര്‍ത്തവ്യങ്ങളനുഷ്ഠിക്കുക, ദൈവത്തിന് അഭിമതരായവര്‍ നിന്നെ സ്‌നേഹിക്കും.
(പ്രഭാ 3: 17)

സൗമ്യത ഒരു ഗുണമാണ്. ഏതൊരാളെയും തന്നിലേക്ക് ആകര്‍ഷിക്കുന്ന ഗുണം. പക്ഷേ തിരക്കുകളേറുമ്പോഴും കൂടുതല്‍ ചെയ്യാന്‍ ബാക്കിയുണ്ടാവുമ്പോഴും ജോലികള്‍ക്കിടയില്‍ എവിടെയോ നമുക്ക് ഈ ഗുണം നഷ്ടമാകുന്നു.

സൗമ്യതയ്ക്ക് പകരം ദേഷ്യം, പൊട്ടിത്തെറി, പിറുപിറുപ്പ്.. നമ്മുടെ കര്‍ത്തവ്യത്തിന്റെ ഫലം അനുഭവിക്കുന്നവരോടാണ് ഇതു മുഴുവന്‍ എന്നതാണ് ഏറെ ഖേദകരം. ഉദാഹരണത്തിന് വീട്ടുജോലികള്‍ക്കിടയില്‍ അമ്മ കുഞ്ഞുമക്കളോട്.. മരുമകള്‍ വൃദ്ധയായ അമ്മായിയമ്മയോട്..ഭര്‍ത്താവ് ഭാര്യയോട്..മേലധികാരി കീഴുദ്യോഗസ്ഥനോട്..

ബൈബിള്‍ പറയുന്നുണ്ടല്ലോ ഉപവാസം അനുഷ്ഠിക്കുമ്പോള്‍ ചെയ്യരുതാത്ത ചില കാര്യങ്ങളെക്കുറിച്ച്.. മുഖം വക്രിക്കുക. എന്തോ വലിയ ദൗത്യം നിര്‍വഹിക്കുന്നുവെന്ന ഭാവം പ്രകടിപ്പിക്കുക. വേണ്ട അതൊന്നും പാടില്ല എന്നുതന്നെയാണ് ബൈബിള്‍ പറയുന്നത്. അതുപോലെയാണ് കര്‍ത്തവ്യം അനുഷ്ഠിക്കുമ്പോഴും.

നമ്മള്‍ വലിയ കാര്യങ്ങളാണ് ചെയ്യുന്നതെന്ന ഭാവം വേണ്ട.. മറിച്ച് ഒന്നുമാത്രം ചിന്തയിലേക്ക് കൊണ്ടുവരിക. ഈ കര്‍ത്തവ്യം അനുഷ്ഠിക്കാന്‍ എനിക്ക് അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. രോഗിയായ കുഞ്ഞിനെ ശുശ്രൂഷിക്കാന്‍.. കിടപ്പിലായ അമ്മയെ പരിചരിക്കാന്‍..ഭാര്യയെ അടുക്കളയില്‍ സഹായിക്കാന്‍.. എന്റെ ഒരു ഒപ്പിനും എന്റെ ഒരു നോട്ടത്തിനും വേണ്ടി എന്റെ മുമ്പില്‍ നില്ക്കുന്നവരെ സംതൃപ്തിയോടെ പറഞ്ഞയ്ക്കാന്‍..അതെ ഇതെനിക്ക് കിട്ടിയ അവസരം. ഈ ദിവസത്തില്‍ ഞാന്‍ അത് ചെയ്യണം. അതിന് മുമ്പില്‍ ഞാന്‍ സൗമ്യത കൈവെടിയരുത്. കോപം പുതയ്ക്കരുത്.

സൗമ്യതയോടെ ഇടപെടുകയും ആത്മാര്‍ത്ഥയോടെ പെരുമാറുകയും ചെയ്യുന്നവരെ കാണുമ്പോള്‍ മനസ്സില്‍ നന്മയുള്ളവര്‍ക്ക് സന്തോഷം അനുഭവപ്പെടും. അത്തരക്കാരെ അവര്‍ സ്‌നേഹിക്കുകയും വേണം.

ഇതാ കര്‍ത്തവ്യം അനുഷ്ഠിക്കാന്‍ നമുക്കൊരു പ്രഭാതം കൂടി.. സൗമ്യതയുടെ കവചമണിഞ്ഞ് നാം ആയിരിക്കുന്ന മണ്ഡലങ്ങളിലേക്ക് ഇറങ്ങുക. സൗമ്യത നമുക്ക് അലങ്കാരമായി മാറട്ടെ.
നല്ലൊരു ദിവസത്തിന്റെ ആശംസകളോടെ
സൗമ്യസ്‌നേഹത്തോടെ

വിഎന്‍