കടുക്

0

വിശുദ്ധ  ഗ്രന്ഥത്തിൽ വിശ്വാസത്തിനു എന്തു മാത്രം വലുപ്പം വേണമെന്ന ചോദ്യത്തിനു ഉത്തര൦ തിരഞ്ഞപ്പോൾ ലഭിച്ച ഉത്തര൦ (ഒരു കടുകുമണിയോളം) ഉള്ളിൻ്റെ ഉള്ളിൽ അല്പം ചിരി പടർത്തി. പിന്നീട്  ചിന്തിച്ചപ്പോൾ അതു എന്നിൽ ഉളവാക്കിയ വികാരങ്ങൾ ഏറെയാണ്. ഒരു കടുകിനോളം ആണ് ഒരു മലയെ മാറ്റാൻ വേണ്ട വിശ്വാസത്തിൻ്റെ  വലുപ്പം. ഒരു  മലയെ  പോയിട്ടു ഒരു ഇലയെ മാറ്റാൻ തക്ക വിശ്വാസം എന്നിലുണ്ടോ എന്ന  ചോദ്യം എന്നിൽ ഭയം ആണ് നിറച്ചത്.

കാരണം ഒരു കടുകിനോളമാണ് മലയെ മാറ്റാൻ വേണ്ട വിശ്വാസത്തിൻ്റെ വലുപ്പമെന്നിരിക്കെ ഒരു ഇലയെ മാറ്റാൻ എന്ത് മാത്രം വിശ്വാസം വേണം എന്ന മാനുഷിക ചോദ്യം എന്നിൽ പല വേലിയേറ്റങ്ങളാലും നിറഞ്ഞു. (തീർച്ചയായും ഇവിടെ പരാമർശിക്കപ്പെടുന്ന മലയെ വെറും ഒരു മല ആയി അല്ല പരാമർശിക്കുന്നത് എന്ന് പ്രത്ത്യേകം എടുത്തു പറയേണ്ടതില്ലലോ.)

സത്യം പറഞ്ഞാൽ എന്നിലെ വിശ്വാസത്തിൻ്റെ അളവിനെ ഓർത്തു ഇപ്പോൾ എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നുന്നു.  മോശ ഉയർത്തിയ പിച്ചള സർപ്പത്തെ പോലെ ദൈവം എന്നെ പിടിച്ചു ഉയർത്തുമ്പോൾ എല്ലാ കണ്ണുകളും എന്നിലേക്കു നീളുന്നുണ്ട്. ഉയർത്തപ്പെടുന്ന എന്നിലെ വിശ്വാസത്തിൻ്റെ അളവ് ആണ് എന്നിൽ ഭയം നിറക്കുന്നത്. ജീവിത്തിൻ്റെ വേദന നിറഞ്ഞ നിമിഷങ്ങളിൽ ഞാൻ കണ്ണു ഉയർത്തി നോക്കുന്ന എല്ലാം വിശ്വാസത്തിൻ്റെ നിറകുടങ്ങൾ ആകണം എന്നില്ല. ഇന്നിൻ്റെ ഏറ്റവും വലിയ ദുരന്ത൦ എന്ന് പറയുന്നതും ഇതാണ്.

ക്രിസ്തു കടലിൻ്റെ മീതെ നടക്കുന്നത് കണ്ട പത്രോസിനും ഒരു ആഗ്രഹo… പത്രോസും നടന്നു. ക്രിസ്തുവിനെ നോക്കി നടന്നപ്പോൾ താൻ നടക്കുന്നത് ആഴകടലിൻ്റെ മുകളിലെന്നതു പത്രോസ് മറന്നു പോയിരിക്കണം, എന്നാൽ  വെള്ളത്തിലേക്ക് നോക്കിയ പത്രൊസ്‌ മുങ്ങി പോകാൻ തുടങ്ങി. ചുരുക്കത്തിൽ ഈ കടുകിനോളം വിശ്വാസം ലഭിക്കാൻ ഒത്തരി കാര്യങ്ങൾ ഒന്നും വേണ്ട എന്ന് പഠിപ്പിച്ചത് പത്രോസാണ്. നോക്കേണ്ടത് ക്രിസ്തുവിലേക്കു മാത്രം. കടുകോളം അല്ല, മലയോളം വിശ്വാസം അവനിൽ ഉണ്ട്.  ചുരുക്കത്തിൽ എൻ്റെ  നോട്ടങ്ങൾ ആണ്  മാറേണ്ടത്. അൾത്താരയിൽ ഉയരുന്ന ഗോതമ്പപ്പത്തിൽ അവൻ ഉണ്ട് എന്ന തിരിച്ചറിവ് വൈകുന്നിടത്തോളം എൻ്റെ നോട്ടങ്ങൾ ഉയർത്തപ്പെട്ട മറ്റു പല ബിംബങ്ങളിലേക്കും ആണ്.

ഈ തിരിച്ചറിവ്   ഇല്ലാത്തിടത്തോള൦ ഞാൻ പത്രോസിനെ പോലെ മുങ്ങി താഴ്ന്നുകൊണ്ടിരിക്കും. തീർച്ചയായും ക്രിസ്‌തുവിലേക്ക്‌ നോക്കി നടന്ന പത്രോസിൽ ഉണ്ടായിരുന്നത് ഒരു കടുകിനോളം വിശ്വാസം അല്ലായിരിക്കാം. ഇപ്പോൾ എൻ്റെ ഉള്ളു പിടയുന്നതും  എൻ്റെ നോട്ടങ്ങൾ ചെന്ന് പതിച്ചിരിക്കുന്ന പലതും വെറും ബിംബങ്ങൾ മാത്രം ആണെന്നുള്ളതിനെ ഓർത്താണ്. ധ്യാന കേന്ദ്രങ്ങൾ ആയ ധ്യാന കേന്ദ്രങ്ങൾ മുഴുവൻ കയറി ഇറങ്ങിയിട്ടും, കാണാവുന്ന എല്ലാ ആധ്യാത്മിക ഗുരുക്കന്മാരെ എല്ലാം കണ്ടിട്ടും ഞാൻ ഇന്നും മുങ്ങി താഴുന്നെങ്കിൽ, അറിയുക -എൻ്റെ നോട്ടങ്ങളുടെ ദിശ മാറേണ്ടിയിരിക്കുന്നു.

ഇപ്പോൾ ഉള്ളിൽ ഉയരുന്ന പ്രാർത്ഥ ഇപ്രകാരം ആണ്, ദൈവമേ എനിക്കിപ്പോൾ വേണ്ടത് ഒരു കടുകുമണിയോളം വിശ്വാസം അല്ല, മറിച്ചു എൻ്റെ നോട്ടങ്ങൾ നിന്നിലേക്ക്‌ ആക്കണെ എന്നാണ്. കാരണം അവിടെ ഉള്ളത് ഒരു കടുകിനോളം ഉള്ള വിശ്വാസം അല്ല എന്ന് ഇപ്പോൾ ഈ  കടുകുമണി   എന്നെ പഠിപ്പിച്ചിട്ടുണ്ട്.                                                                                             

ഫ്രിജോ തറയിൽ.