ആര്‍ക്കാണ് പ്രയോജനം?

0


ആമയുടെയും മുയലിന്റെയും കഥ കേള്‍ക്കാത്തവരായി നിങ്ങളില്‍ ആരുമുണ്ടാവില്ല. കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും മാത്രമല്ല, അതിന്റെ ഗുണപാഠവും നിങ്ങള്‍ക്കറിയാം. അഹങ്കാരം നല്ലതല്ല, അലസന്‍ പരാജയപ്പെടും, തോല്‍പിക്കാനിറങ്ങുന്നവന്‍ സ്വയം തോല്‍ക്കും എന്നിങ്ങനെ പല പാഠങ്ങളും നിങ്ങള്‍ കേട്ടിട്ടുണ്ടാകും.

ഈ കഥ കൊണ്ട് പ്രയോജനം ലഭിക്കുന്നത് വാസ്തവത്തില്‍ ആര്‍ക്കാണ്? ആമയ്‌ക്കോ മുയലിനോ അതോ മറ്റാര്‍ക്കെങ്കിലുമോ? ഒന്നാലോചിച്ചാല്‍ മനസ്സിലാകും. ആമയോടും മുയലിനോടും ആരും ഈ കഥ പറഞ്ഞുകൊടുത്തിട്ടില്ല. അതിനാല്‍ അവര്‍ക്ക് ഈ കഥയോ ഗുണപാഠമോ അറിയില്ല. കഥയുടെ പ്രയോജനവും അവര്‍ക്ക് ലഭിക്കില്ല.

അപ്പോള്‍പ്പിന്നെ ആര്‍ക്കാണ് പ്രയോജനം? സംശയമെന്ത്? കഥ വായിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും തന്നെ. എന്നുവച്ചാല്‍ മനുഷ്യര്‍ക്കുതന്നെ.

ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ കഥകളും മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണ്. കഥാപാത്രങ്ങള്‍ മൃഗങ്ങളായാലും അതിന്റെ പ്രയോജനം ലഭിക്കുന്നത് മനുഷ്യര്‍ക്കാണ്. അതു ലഭിക്കണമെങ്കില്‍ കഥകള്‍ കേള്‍ക്കുകയോ വായിക്കുകയോ വേണം. 
നല്ലനല്ല നൂറുനൂറു കഥകള്‍ വായിക്കാന്‍ നിങ്ങള്‍ സമയം ചെലവഴിക്കണം. അതിനുംകൂടിയുള്ളതാണല്ലോ അവധിക്കാലം.

ഷാജി മാലിപ്പാറ