തിത്തിരിപ്പക്ഷികള്‍

0

താനിടാത്ത മുട്ടയ്‌ക്ക്‌ അടയിരിക്കുന്ന തിത്തിരിപ്പക്‌ഷിയെപ്പോലെയാണ്‌ അന്യായമായി സമ്പത്തു സമ്പാദിക്കുന്നവന്‍. ജീവിതമധ്യത്തില്‍ അത്‌ അവനെ പിരിയും; അവസാനം അവന്‍ വിഡ്‌ഢിയാവുകയും ചെയ്യും.”(ജറ 17 : 11)

പാവം തിത്തിരിപ്പക്ഷി ! അടയിരിക്കുന്നത് സ്വന്തം മുട്ടകൾക്ക്‌ മീതെയാണെന്നായിരുന്നു, വിചാരം. വിരിഞ്ഞ് പുറത്തിറങ്ങാൻ പോകുന്ന കുഞ്ഞു തിത്തിരി പക്ഷികളെക്കുറിച്ചുള്ള സ്വപ്നങ്ങളും നെയ്തുകൂട്ടിയതായിരുന്നു.. പക്ഷേ മുട്ടകൾ വിരിഞ്ഞപ്പോഴാണ് മനസ്സിലായത് തൻ്റെ കുഞ്ഞുങ്ങൾ അല്ല ! വെറുംകയ്യോടെ അവിടെനിന്ന് പറന്നുപോകുകയാണ്.. 

കഴിഞ്ഞ എട്ടു വർഷങ്ങൾ കൊണ്ട് മുന്നൂറ് പേരുടെയെങ്കിലും മൃതസംസ്കാരശുശ്രൂഷകൾ നടത്തിയിട്ടുണ്ട്. അതിൽ അത്താഴപ്പട്ടിണിക്കാരനും കോടീശ്വരന്മാരും ഉണ്ടായിരുന്നു. ഭൂമിയിൽ നേടിയെടുത്ത സമ്പത്തിന്റെ ഒരു തരിപോലും അവരാരും കൊണ്ടുപോയില്ല. കൊടുത്തുവിടാൻ ആരും മെനക്കെട്ടുമില്ല.. !!

സമ്പാദ്യം അതിനാൽത്തന്നെ തെറ്റല്ല. സമ്പത്ത് ഇല്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനും ആവില്ല. ഈലോകജീവിതത്തിന് ഒരു തുണ മാത്രമാണ് സമ്പത്ത് എന്നുള്ള തിരിച്ചറിവുണ്ടാവുക എന്നതാണ് പ്രധാനം. 

തിത്തിരിപ്പക്ഷികൾ ആവാതിരിക്കാൻ മനസ്സിനോട് ഓരോ പ്രഭാതത്തിലും ഈ ഓർമ്മപ്പെടുത്തലാവാം. “നശ്വരമല്ലോ ഭവനവുമതിലെ ജഡികാശകളും. നീർപ്പോളകൾപോൽ എല്ലാമെല്ലാം മാഞ്ഞടിയുന്നൂ.. “

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം .. 

ഫാ. അജോ രാമച്ചനാട്ട്