ജീവനോട് കരുതലുള്ളവരാകുക

0
ഉണ്ണിയേശുവിന്റെ പാൽപുഞ്ചിരി തൂകുന്ന സീനിൽനിന്നും നിഷ്കളങ്ക രക്തം ചൊരിയുന്ന ഹെറോദേസിലേക്ക് ഒരു 90 ഡിഗ്രി മാറ്റമാണ് ഇന്നത്തെ സുവിശേഷത്തിന്റേത്. ജ്ഞാനികളിൽനിന്നും, പുതുതായി അവതരിച്ച രാജാവിനെ തിരിച്ചറിയാമെന്നും അങ്ങിനെ അവനെ വകവരുത്തി, തന്റെ ഭരണം സുസ്ഥിരമാക്കാമെന്നുമുള്ള ഹെറോദേസിന്റെ കൗശലം വിജയിക്കുന്നില്ല. ജ്ഞാനികൾ സ്വപ്നത്തിൽ ലഭിച്ച നിർദ്ദേശമനുസരിച്ച് വേറൊരുവഴിക്കു തിരിച്ചുപോകുന്നു. ജ്ഞാനികൾ തിരിച്ചുപോയെന്നു മനസ്സിലാക്കിയ ഹെറോദേസ് ആ വലിയ ക്രൂരതയ്ക്ക് കല്പനകൊടുക്കുന്നു. – ബെത്ലെഹെമിലും സമീപപ്രദേശങ്ങളിലുമുള്ള രണ്ടുവയസ്സിനു താഴെയുള്ള എല്ലാ ആൺകുട്ടികളെയും വാളിനിരയാക്കുക – രക്തമുറഞ്ഞുപോകുന്ന ക്രൂരത.
തന്റെ സിംഹാസനം നഷ്ടമാകുമെന്ന ഹെറോദേസിന്റെ ഭീതിക്കുമുന്നിൽ പിടഞ്ഞുമരിച്ചത് നൂറുകണക്കിന് നിഷ്കളങ്കരായ കുഞ്ഞുങ്ങളാണ്. ഈ സുവിശേഷഭാഗം ഒരു ചോദ്യം നമ്മിൽ ഉയർത്തിയേക്കാം- ദൈവം എന്തിനീ ക്രൂരത അനുവദിച്ചു? ഉത്തരം കണ്ടെത്തുക വിഷമകാരം തന്നെ. 2000 വർഷങ്ങൾ മുൻപ് നടന്ന ഒരു കാര്യത്തിൽ നമുക്കൊന്നും ഇനി ചെയ്യാനില്ല.
പക്ഷേ, അന്ന് ഹെറോദേസ് കൊന്നുതള്ളിയ നിഷ്കളങ്കരായ കുഞ്ഞുങ്ങളെക്കാളും എത്രയോ അധികം ജീവനുകളാണ് ഓരോ ദിവസവും നമ്മുടെ അമ്മമാരുടെ ഗർഭപാത്രത്തിൽ പിച്ചിച്ചീന്തപ്പെടുന്നത്? എത്രയോ അധികം ജീവനുകളാണ് നമ്മുടെ അനാസ്ഥയും നിസ്സംഗതയും മൂലം പരിക്കേൽക്കുന്നത്? നാമാരും നേരിട്ട് കൊലപാതകമോ ഭ്രൂണഹത്യയോ ചെയ്യുന്നവരല്ല. പക്ഷേ ജീവൻ നിലനിർത്താനായി നിന്റെ മുൻപിൽ നീട്ടുന്ന കൈകളെ കാണാത്തതായി ഭാവിച്ചു നീ നടന്നുനീങ്ങുമ്പോൾ, അയല്പക്കങ്ങളിൽ മരുന്നിനു നിവൃത്തിയില്ലാതെ വിഷമിക്കുന്നവരുടെ മുൻപിൽ ഹൃദയവാതിൽ കൊട്ടിയടക്കുമ്പോൾ, മാന്യമായി ജീവിക്കാനായി അദ്ധ്വാനിക്കുന്നവന്റെ കൂലി പിടിച്ചുവയ്ക്കുമ്പോൾ, ആരുടെയെങ്കിലുമൊക്കെ ജീവിതസമാധാനത്തിനു സ്വന്തം സ്വാർത്ഥതകൾ വഴി തുരങ്കം വയ്ക്കുമ്പോൾ, അറിയുക നീയും എടുത്തണിയുന്നത് ഹെറോദേസിന്റെ കുപ്പായം തന്നെ.
സ്വന്തം സുഖങ്ങളെ മാത്രം ധ്യാനിക്കുന്നവന് ഹെറോദേസ് ആകുവാനേ കഴിയൂ. എത്രയോ അധികം പേരുടെ കരുണയാണ് ഇന്ന് നമ്മെ ഈ സമൃദ്ധിയിൽ എത്തിച്ചിരിക്കുക? മാതാപിതാക്കളും സഹോദരങ്ങളും ജീവിത പങ്കാളിയും മക്കളും ആത്മമിത്രങ്ങളും മുതൽ ഒരു ഗ്ലാസ് വെള്ളം നൽകിയ അപരിചിതർ, എന്തിനേറെ ബസ്സിൽ സീറ്റ് നല്കിയവർ വരെ നിന്റെ ജീവനെ ബഹുമാനിച്ചവരാണ്, സംരക്ഷിച്ചവരാണ്.
നമ്മുടെ ഉപേക്ഷയോ ഉദാസീനതയോ സ്വാർത്ഥതയോ, താത്പര്യങ്ങളോ വഴി ഒരു ജീവനും ഒരു പോറലുപോലും ഏല്പിക്കില്ലെന്നു നമുക്ക് തീരുമാനമെടുക്കാം.
ശുഭരാത്രി
Fr Sijo Kannampuzha OM
……..