ആത്മാവോ ശരീരമോ?

0

ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന്‌ എന്തു പ്രയോജനം? (മത്താ 16:26).

മരണക്കിടക്കയിൽ അലക്സാണ്ടർ ചക്രവർത്തി തൻ്റെ മൂന്ന് ആഗ്രഹങ്ങൾ പറയുകയാണ് – തൻ്റെ ശവമഞ്ചം ചുമക്കേണ്ടത് തൻ്റെ ഡോക്ടമാരാണ്. ആർക്കും, പൂർണ്ണമായ ആരോഗ്യം തരാൻ വേറെ ആർക്കും സാധിക്കില്ല എന്ന് കാണിക്കാനാണ് അത്. കബറിടത്തിലേക്കുള്ള വഴിയിൽ ഖജനാവിലെ സ്വർണ്ണവും വെള്ളിയും ആഭരങ്ങളും വിതറുക. ഞാൻ സമ്പാദിച്ചതൊന്നും ഞാൻ കൊണ്ടുപോകുന്നില്ല എന്ന് എല്ലാവരും അറിയട്ടെ. എൻ്റെ രണ്ടുകൈകളും ശവമഞ്ചത്തിൻ്റെ പുറത്തേക്ക് ഇട്ടിരിക്കണം. ഞാൻ ഒന്നുമില്ലാതെ ഈലോകത്തിലേക്ക് വന്നു, ഒന്നുമില്ലാതെ മടങ്ങുന്നു എന്ന്  ജനങ്ങൾ മനസ്സിലാക്കട്ടെ.

ഒത്തിരി മനുഷ്യരെ ലൗകീക ജീവിതത്തിൻ്റെ പൊള്ളയായ ആഘോഷങ്ങളിൽ നിന്ന് ദൈവവിചാരത്തിലേക്കും ആത്മീയതയുടെ നിശ്ശബ്ദതയിലേക്കും നയിച്ചത് ഈ തിരുവചനമാണ്. ആഗ്രഹിച്ചതെല്ലാം  നേടിയെടുത്തിട്ടും അവസാനം അലക്സാണ്ടർ ചക്രവർത്തിയെപ്പോലെ നഷ്ടബോധത്തോടെ ഇഹലോകജീവിതം അവസാനിപ്പിക്കാൻ ആർക്കും ഇടവരാതിരിക്കട്ടെ.

ഭൂമിയിലേക്ക് വന്നപ്പോൾ നമ്മുടെകൂടെ ഉണ്ടായിരുന്നത് ആത്മാവ് മാത്രമാണ്. ആ ആത്മാവിനെ മാത്രമേ നമുക്ക് തിരികെ കൊണ്ടുപോകാൻ ആവുകയുള്ളൂ. അപ്പോൾ തീർച്ചയായും കൊണ്ടുപോകേണ്ടതിനെയാണ്  നാം പരിപാലിക്കേണ്ടത്. പലപ്പോഴും ആത്മാവിനെ സൗകര്യപൂർവ്വം മറന്ന് മറ്റ് പലതിൻ്റെയും പിന്നാലെ ഓടിത്തീർക്കാനാണ് നമ്മുടെ വിധി. കഴിഞ്ഞ ദിവസം സ്വന്തം മകനെ വിമാനത്താവളത്തിൽ വച്ചുമറന്ന്, വിമാനയാത്ര തുടങ്ങിയ അമ്മയെക്കുറിച്ചുള്ള വാർത്ത പത്രത്തിൽ കണ്ടിരുന്നു.

എത്ര നിസ്സാരതയാണ് മനുഷ്യൻ അവൻ്റെ ആത്മാവിൻ്റെ കാര്യത്തിൽ കാണിക്കുന്നത്? ശരീരത്തിനും മനസ്സിനും നൽകുന്ന പ്രാധാന്യവും വിലയും ആത്മാവിനു നൽകാൻ പലപ്പോഴും അവൻ ശ്രദ്ധിക്കാറില്ല. മക്കൾക്ക് നല്ലവിദ്യാഭ്യാസം നൽകാനായി എത്ര അകലെയുള്ള കോളേജിലും നാം അഡ്മിഷൻ വാങ്ങും. അതിനെത്രപൈസയും നൽകും. ഏറ്റവും നല്ല വസ്ത്രവും ഭക്ഷണവും നൽകും. എന്നാൽ മക്കൾക്ക് വി. കുർബ്ബാനയിൽ പങ്കെടുക്കാനുള്ള സൗകര്യം ഉണ്ടോയെന്ന് എത്രപേർ ഉറപ്പുവരുത്താറുണ്ട്? അവർക്ക് കുമ്പസാരിക്കാനുള്ള സൗകര്യം ഉണ്ടോയെന്ന് എത്രപേർ ആന്വേഷിക്കാറുണ്ട്? കർത്താവ് നമ്മെ ഭരമേല്പിച്ചിരിക്കുന്ന ആത്മാക്കളുണ്ട്. മറക്കരുത്.

ശുഭരാത്രി

Fr Sijo Kannampuzha OM