മറ്റുള്ളവരോട് സുവിശേഷം പ്രസംഗിച്ച ഞാന്‍ തന്നെ തിരസ്കൃതനാകാതിരിക്കുന്നതിന് എന്റെ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു.( 1 കൊറീ 9;27)
ശരീരമാണ് എന്നത്തെയും വലിയ പ്രശ്നം. അതിന്റെ ദാഹങ്ങള്‍, വിശപ്പ്. എല്ലാത്തരത്തിലുള്ള വിശപ്പുകളിലൂടെയും ശരീരം കടന്നുപോകുന്നുണ്ട്. വയറിന്റെ വിശപ്പ് മുതല്‍ രതിയുടെ വിശപ്പ് വരെ. ആഗ്രഹിക്കുന്ന നന്മയല്ല ആഗ്രഹിക്കാത്ത തിന്മയാണ് ഞാന്‍ ചെയ്യുന്നതെന്ന ഗദ്ഗദം, അപ്പസ്തോലന്റേതു മാത്രമല്ല ദൈവം ചേര്‍ന്നുനില്‍ക്കുന്നവരുടെയും ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്നവരുടെയും എല്ലാം കൂടിയാണ്.
ഉടലിന്റെ മേല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വരുത്താത്തവരെല്ലാം അപമാനങ്ങളിലൂടെയും നിന്ദനങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട് എന്നത് ഭീതിദമായ ഒരു തിരിച്ചറിവാണ്. വീണുപോയവരായിരിക്കാം ഏറെയും. പക്ഷേ അവരില്‍ ചിലരെ മാത്രമേ നാം അറിഞ്ഞിട്ടുള്ളൂ എന്നതാവാം കൂടുതല്‍ ശരിയെന്ന് തോന്നുന്നു. ഞാനുള്‍പ്പടെ എത്രയോ പേരുടെ മുഖംമൂടികള്‍ അഴിഞ്ഞു വീഴാത്തത് ദൈവം കാണിക്കുന്ന സൗജന്യം മാത്രം.
വിശുദ്ധരും പഴയകാല താപസരുമെല്ലാം ഉടലിനെ എന്തുമാത്രം ദണ്ഡിപ്പിച്ചു എന്നത് അവര്‍ ഉടലിനെ എത്രത്തോളം കര്‍ശനമായ നിയന്ത്രണങ്ങളില്‍ പെടുത്തി എന്നതിന്റെ ഉദാഹരണമായി മാത്രം കണ്ടാല്‍ മതി. മുള്ളരഞ്ഞാണവും ചാട്ടവാറടിയുമെല്ലാം അവര്പ്രയോജനപ്പെടുത്തിയത് ശരീരത്തിന്റെ സുഖങ്ങളെക്കുറിച്ച് ഓര്മ്മിക്കാതിരിക്കാനായിരുന്നു. ദൈവമേ , ആ വഴിക്കൊന്നും തിരിയാന്‍ മാത്രം ആത്മീയത ഇല്ലെന്ന് മാത്രമല്ല ഉടലിനെ അതിന്റെ ക്ഷണികസുഖങ്ങളില് കൊണ്ടാടാന്‍ കൊതിക്കുന്ന വ്യക്തികൂടിയാണ് ഞാന്‍. അതുകൊണ്ടുതന്നെഎന്റെ ശരീരത്തെ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കാന്‍ കഴിയാതെ പോകുന്ന അവസരങ്ങളെയോര്‍ത്ത് ഞാന്‍ നിന്നോട് മാപ്പുചോദിക്കുന്നു.
എന്നെങ്കിലും എനിക്കതിന് ആവുമോയെന്നും എനിക്കുറപ്പില്ല. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെയൊക്കെ ഓരോന്ന് കുറിക്കാന്‍ ധൈര്യം കിട്ടുന്നതെന്ന് ചോദിച്ചാല്‍ അതിനൊന്നും കൃത്യമായ മറുപടികളുമില്ല.
പക്ഷേ ആശ്വാസമായി നെഞ്ചില്‍ കൂടൂകൂട്ടിയ ഒരു തിരുവചനമുണ്ട്. നിനക്ക് എന്റെ കൃപ മതി. ബലഹീനതയിലാണ് എന്റെ ശക്തി പ്രകടമായിരിക്കുന്നത്. അതെ, ആ മുള്ളുകള്‍ നീ വച്ചതോ ഞാന്‍ സ്വയം കൊണ്ടതോ എന്നറിയില്ല എന്തായാലും എന്റെ ശരീരത്തില്‍ ഒരു മുള്ളുണ്ട്. ആ മുള്ള് ഇടയ്ക്കിടെ എന്നില്‍ തന്നെതുളച്ചുകയറുന്നതുകൊണ്ടാവാം പിഴച്ചുപോയവരുടെയും ഉടഞ്ഞുപോയവരുടെയുമെല്ലാം നേരെ അതിക്രൂരമായി വിധിവാക്യം ഉച്ചരിക്കാത്തത്.
ദൈവമേ നിന്റെ മുമ്പിലെങ്കിലും എന്നെ തിരസ്കൃതനാക്കരുതേയെന്ന വലിയ വിലാപത്തോടെ
ഇന്നേ ദിവസം ഉടലിനെക്കുറിച്ചും അതിന്റെ നിയന്ത്രണങ്ങളെക്കുറിച്ചുമുള്ള ചെറിയൊരു ചിന്തയിലൂടെയെങ്കിലും കടന്നുപോകാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെയെന്ന പ്രാര്‍ത്ഥനയോടെ
വിഎന്‍.