ഒരു പുഴു സ്വര്‍ഗത്തിലേക്കു പോയ കഥയാണിത്. ഏറെനാളുകള്‍ യാത്രചെയ്ത് പുഴു സ്വര്‍ഗത്തിന്റെ പ്രവേശനകവാടത്തിലെത്തി. അപ്പോഴാണ് പത്രോസ്ശ്ലീഹാ അവിടെ കാര്യസ്ഥനായി നില്ക്കുന്നതു കണ്ടത്. പുഴു കാര്യം പറഞ്ഞു: ''ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ വന്നതാണ്.''
''നിനക്കിവിടെ പ്രവേശനമില്ല. കാരണം, നീയിവിടെ വരേണ്ടത് ഒരു പുഴുവായിട്ടല്ല, പൂമ്പാറ്റയായിട്ടാണ്.'' മറുപടി കേട്ട പുഴുവിന് വിഷമമായി. പക്ഷെ വിഷമിച്ചിട്ടു കാര്യമില്ലെന്ന് പുഴുവിന് മനസ്സിലായി. പൂമ്പാറ്റയാകേണ്ടവന് പുഴുവായി നടന്നാല്‍ അവനുവേണ്ടി സ്വര്‍ഗവാതില്‍ തുറക്കുകയില്ലല്ലോ.
പുഴുവിനെ ദൈവം സൃഷ്ടിച്ചപ്പോള്‍ത്തന്നെ ഒരു പൂമ്പാറ്റയായി മാറാനുള്ള എല്ലാ കഴിവുകളും അതിനു നല്‍കിയിരുന്നു. എന്നും ഇലതിന്നാനും അരിച്ചരിച്ചുനടക്കാനും അല്ല അത് സൃഷ്ടിക്കപ്പെട്ടത്. വര്‍ണ്ണച്ചിറകുകള്‍ വീശി പാറിപ്പറക്കാനും മധുരമൂറുന്ന പൂന്തേന്‍ നുകരാനുമാണ്. എന്നാല്‍ അതൊന്നും വേണ്ടെന്നുവച്ചിട്ട് എന്നുമെന്നും പുഴുവായിത്തന്നെ ജീവിക്കാമെന്നു കരുതുന്നത് പാപമാണ്. ആരോടുള്ള പാപം? പൂമ്പാറ്റയാകാന്‍ കഴിവുതന്ന ദൈവത്തോടുള്ള പാപം. ആ പാപത്തിന്റെ ഫലമായാണ് പുഴുവിന് സ്വര്‍ഗം നഷ്ടമായത്.
ഈ കഥയിലെ പുഴു നമുക്കും ചില പാഠങ്ങള്‍ തരുന്നുണ്ട്. വേണ്ടത്ര ഒരുക്കത്തോടും കാത്തിരിപ്പോടും കൂടി നാം പ്രവര്‍ത്തിക്കുമെങ്കില്‍ പൂമ്പാറ്റയെപ്പോലെ സുന്ദരമായ ഒരു ജീവിതം നമുക്കും ലഭിക്കും. പുഴു പൂമ്പാറ്റയാകാന്‍ ആഗ്രഹം വേണം, അധ്വാനം വേണം, ദൈവാനുഗ്രഹം വേണം. അതു മൂന്നും നമുക്ക് ഉണ്ടാകട്ടെ.
ഷാജി മാലിപ്പാറ
Prev Post
Next Post