ഏഴാംക്ലാസുകാരനായ അതുലിന് അച്ഛന് പിറന്നാള്‍ സമ്മാനം വാഗ്ദാനം ചെയ്തു – ഗിയര്‍ ഉള്ള പുതിയ സൈക്കിള്‍. നവംബര്‍ പതിനഞ്ചാംതീയതിയാണ് ജന്മദിനം. ശിശുദിനത്തിന്റെ പിറ്റേദിവസം. അവന് പിറന്നാളിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
അതിനിടയിലാണ് ആഗസ്റ്റ് മാസത്തില്‍ കേരളത്തെ പ്രളയം ചവച്ചുതുപ്പിയത്. അതുലിന്റെ വീട്ടിലും വെള്ളം കയറി. നാശനഷ്ടങ്ങള്‍ ധാരാളമുണ്ടായി. അച്ഛന്റെ തുണിക്കടയിലും നഷ്ടം സംഭവിച്ചു. പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് ഓര്‍ക്കാന്‍തന്നെ അവന് ഇഷ്ടപ്പെട്ടില്ല. എങ്ങനെ ഓര്‍ക്കും? എങ്ങനെ അച്ഛന് അതു വാങ്ങിത്തരും? പതിനയ്യായിരം രൂപയോളം ചെലവാകും ഗിയറുള്ള ഒരു സസൈക്കിള് വാങ്ങാന്‍. അവന് സമ്മാനം വേണ്ടെന്ന് തീരുമാനമെടുത്തു.
അക്കാര്യം അച്ഛനെയും അമ്മയെയും അറിയിച്ചു. ”അതുലിനോട് ഇക്കാര്യം എങ്ങനെ പറയുമെന്നോര്‍ത്ത് വിഷമിക്കുകയായിരുന്നു അച്ഛന്.” അമ്മ പറഞ്ഞു.
കുടുംബത്തിന്റെ കഷ്ടതകള്‍ തിരിച്ചറിയാനും മാതാപിതാക്കള്‍ക്ക് ഒപ്പം നില്‍ക്കാനും കഴിയുന്നവരാണ് നല്ല മക്കള്‍.
സന്തോഷങ്ങളും സൗകര്യങ്ങളും അനുഭവിക്കാന്‍ മാത്രമല്ല, സങ്കടങ്ങളും അസൗകര്യങ്ങളും തിരിച്ചറിഞ്ഞ് അതനുസരിച്ച് പ്രവര്‍ത്തിക്കാനും കുട്ടുകള്‍ക്ക് കഴിയണം. അതുലിന്റെ തീരുമാനം മൂലം അച്ഛനമ്മമാര്‍ക്ക് സാമ്പത്തികമായ ഒരു ബാധ്യത ഒഴിവായിക്കിട്ടി. ഒപ്പം ഓമനപ്പുത്രന് തങ്ങളെ മനസ്സിലാക്കുന്നതിലുള്ള സന്തോഷവും.
ഇത്തരം സന്തോഷം പകരാന്‍ നിങ്ങള്‍ക്കുമാവില്ലേ?
ഷാജി മാലിപ്പാറ