വീട്ടിലെ കാൽവരി

0


ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് എല്ലാ ദിവസവും രാവിലെ അപ്പൻ, അപ്പന്റെ ഹെർക്കുലീസ് സൈക്കിളിന്റെ മുന്നിലും പിന്നിലുമായ് എന്നെയും ചേട്ടനെയും ഇരുത്തിക്കാണ്ട് എറണാകുളത്തേക്കുള്ള ആറു കിലോമീറ്റർ ചവിട്ടി കയറ്റുമായിരുന്നു. ബാലരമയിലെ മായാവിയും പൂമ്പാറ്റയിലെ കപീഷുമൊക്കെ വായിച്ച് ത്രില്ലടിച്ചിരിക്കുന്ന ഞങ്ങൾക്ക് അപ്പന്റെ സൈക്കിൾ ചവിട്ടിന്റെ ഭാരം എത്രയെന്നറിയില്ലായിരുന്നു.

എങ്കിലും, വടുതല പാലത്തിന്റെ കയറ്റം കയറുന്ന നേരത്ത് അപ്പന്റെ ശ്വാസവതിയാനം ചിലപ്പേഴാക്കെ എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. മൂക്കിലൂടെയുള്ള ശ്വാസം ആവശ്യത്തിന് തികയാത്തത് കൊണ്ടാകണം ഓക്സിജൻ വലിച്ചെടുക്കാൻ ശ്വാസകോശം അപ്പന്റെ അധരത്തെക്കൂടി സജ്ജമാക്കിയത്.  അപ്പന്റെ പ്രയാസം തിരിച്ചറിഞ്ഞിട്ടാണോ, അതോ അപ്പൻ പറഞ്ഞിട്ടാണോ എന്നറിയില്ല വടുതലപാലമെത്തുമ്പോൾ ചേട്ടൻ ചാടിയെറങ്ങും…

സൈക്കിളിന്റെ പിന്നിലെ കാരിയറിൽ പിടിച്ച് ആഞ്ഞൊരു തള്ളലാണ്.  ആ കയറ്റം മുഴുവൻ അപ്പൻ റിലാക്സ് ചെയ്തിരിക്കും. അപ്പന്റെയും എന്റെയും ഭാരം വഹിച്ച് വടുതലപാലം തള്ളിക്കയറ്റിക്കാണ്ടിരുന്ന ചേട്ടനെ “കെവൂറീൻകാരനായ ശിമയോൻ” എന്ന് വിളിക്കാനാണ് എനിക്കിഷ്ടം! പത്തു പതിനാല് കൊല്ലക്കാലം അപ്പനേറ്റെടുത്ത ആ വലിയ വ്യഥകളെ കുരിശിന്റെ വഴിയിലെ പതിനാല്  സ്ഥലങ്ങളായി കാണാനാണ് എനിക്കിന്നാകുന്നത്. 

ചിലപ്പോഴൊക്കെ ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് ചങ്ക് ചൂട് പിടിക്കുമ്പോൾ, ആ ചൂട് തലയ്ക്ക് കയറി പിടിച്ച് ഭ്രാന്ത് പിടിക്കാതിരിക്കാനാകണം അപ്പൻ കൂട്ടുകാരോടൊത്ത് കള്ള്കുടിക്കാൻ തുടങ്ങിയത്. ആരുടെയെങ്കിലുമൊക്കെ പറമ്പിൻ മൂലയ്ക്ക് കൂട്ട്കൂടി കള്ളുകുടിച്ചുറങ്ങുന്ന അപ്പനെ അന്വേഷിച്ച് അമ്മ പോകുമായിരുന്നു, കൂടെ ഞാനും! “ഞാൻ വന്നോളാം നീ പൊയ്ക്കോ” എന്ന് അപ്പൻ പലയാവർത്തി പറഞ്ഞാലും അമ്മ അപ്പനേം കൊണ്ടേ പോരൂ. അമ്മയുടെ തോളിൽ കയ്യിട്ട് വീട്ടിലേക്ക് പോരുന്ന നേരം അപ്പനെടയ്ക്ക് പാളിപ്പോകുന്നുണ്ടായിരുന്നു. വീഴാതിരിക്കാൻ താങ്ങുന്ന അമ്മയുടെ കൈകളിൽ അപ്പന്റെ ഉടൽ ഒരു തൊട്ടിലിലെന്ന വിധം സ്വസ്ഥമായിരുന്നു. സ്നേഹം പ്രതിബന്ധമറിയുന്നില്ലെന്നും പറഞ്ഞ് തൂവാലയെടുത്ത് ക്രിസ്തുവിന്റെ ചോരപ്പാടുകൾ ഒപ്പിയെടുത്ത വേറോനിക്കായ്ക്കും അപ്പനെ ചേർത്ത് പിടിച്ച് വീട്ടീലേക്ക്  നടന്നു നീങ്ങിയ എന്റെ അമ്മയ്ക്കും ഒരേ മുഖമാണ്.

കരളിന്റെയും കിഡ്നിയുടെയും പ്രവർത്തനം നിലച്ച് സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ് റെഡിയാക്കിയിരുന്ന എന്റെ അമ്മയ്ക്ക് എന്തുകൊണ്ടാണ് ദൈവം വീണ്ടും പതിനാല് കൊല്ലം കൂടി ആയുസ്സ് നീട്ടി കൊടുത്തത് എന്ന ചോദ്യത്തിന്, ദൈവവുമായി മല്ലിട്ട് വിയർത്ത് ക്ഷീണിച്ചിരിക്കുന്ന  അപ്പനായിരുന്നു ഉത്തരം!

കുരിശിന്റെ വഴിയിലെ പതിനാലിടങ്ങളിൽ ക്രിസ്തു ഇടറി വീണത് മൂന്നിടങ്ങളിലാണെങ്കിൽ, പതിനാല് കൊല്ലത്തിലെ ‘ഒരു പെൺ കാവൽ ദൗത്യത്തി’ൽ എന്റെ അപ്പൻ വീണതിനൊരു കണക്കുമില്ല. പക്ഷേ, കെവറീൻകാരായ ശിമയോൻമാരെ അയച്ച് മൂന്നാവർത്തി വീണവൻ… മൂന്നാണികളിൽ തീർന്നവൻ അപ്പനെ താങ്ങിക്കൊണ്ടേയിരുന്നു. 

കഷ്ടപാടിനും വേദനയ്ക്കും നടുവിൽ നിന്ന് കൊണ്ട് രണ്ടാൺമക്കളെ പുസ്തക്കെട്ടും നല്കി പള്ളിക്കൂടത്തിലേക്ക് പറഞ്ഞയക്കുമ്പോൾ അപ്പന്റെയുള്ളിൽ  പ്രതീക്ഷയുടെ പരീക്ഷാപേപ്പറുകളിൽ നൂറിൽ നൂറ് മാർക്ക്, ഒപ്പ് കാത്ത് കിടന്നിരുന്നു. എന്നാൽ പ്രായത്തിന്റെ പരക്കംപാച്ചിലിൽ ക്ലാസ്മുറ്റികൾ തിയറ്ററുകൾക്കും പരീക്ഷാദിനങ്ങൾ വയറുവേദനകൾക്കുമായ് ഞങ്ങൾ രണ്ടാളും തീറെഴുതി കൊടുത്തപ്പോൾ, അപ്പന്റെ പ്രതീക്ഷകളും അമ്മയുടെ പ്രാർത്ഥനകളും ഗത്സമെൻ തോട്ടം കണക്ക് മൂകമായ് തീർന്നു. 

മക്കളുടെ സ്വഭാവദൂഷ്യത്തിന്റെ സർട്ടിഫിക്കറ്റ് കൈമാറാൻ ടീച്ചർമാർ “അപ്പനെ വിളിപ്പിക്കൽ” എന്ന ചടങ്ങ്  ഒരാചാരമായി നടത്തിയിരുന്നു. കുരിശിന്റെ വഴിയിലെ പല സ്ഥലങ്ങളും അന്ന് ഞങ്ങൾക്ക് മുന്നിലാവർത്തിച്ചു. അപ്പനും മക്കളും പരസ്പരം മിണ്ടുന്നില്ല… വിങ്ങിപൊട്ടുന്ന രണ്ടു ഹൃദയം (അപ്പന്റെയും അമ്മയുടെയും), മക്കളുടെ മാർക്ക് അപ്പന്റെ ഹൃദയം തകർക്കുന്നു… അമ്മയുടെ കിടപ്പ് അപ്പന്റെ ദു:ഖം വർദ്ധിപ്പിക്കുന്നു…

ഒടുവിൽ എറണാകുളത്തെ പി എൻ.വി എം ആശുപത്രിയിൽ വച്ച് ഒരു സെപ്തംബർ രണ്ടാം തീയതി അമ്മയുടെ മിഴി നിശബ്ദമായി അടഞ്ഞപ്പോൾ അപ്പന്റെ സ്വനപേടകത്തിലെ ശബ്ദതന്ത്രികളെല്ലാം ഒരുമിച്ചൊച്ച വച്ചു. ആ ഒച്ചയ്ക്ക് ഓർശ്ലേം നഗരിയിലെ സ്ത്രീകളുടെ സ്വരത്തേക്കാൾ തീവതയുണ്ടായിരുന്നു. 
കാൽവരിയിലേക്ക് മാത്രം നീണ്ടു പോകുന്നതല്ല കുരിശിന്റെ വഴികൾ… ഓരോ വീട്ടിലേക്കും… മുറിയിലേക്കും… വരാന്തയിലേക്കും… ആശുപത്രിമുറികളിലേക്കും നീണ്ടു നിവർന്നങ്ങനെ കിടക്കുകയാണ്. ഒരൊറ്റ ആശ്വാസമുണ്ട്… കാൽവരിയിലേക്കുള്ള കുരിശിന്റെ വഴി മുഴുവൻ  ഒറ്റയ്ക്ക് താണ്ടിയവനാണ് എനിക്കഭയം എന്ന വിശ്വാസം!                                                                  

നിബിൻ കുരിശിങ്കൽ