കുറേ പേരുടെ കരുതൽ ആണ് ഇതു വരെ എന്നെ എത്തിച്ചത്. എന്നെ കരുതിയവരുടെ നിര ഒന്ന് മനസിൽ വായിച്ചെടുത്തപ്പോൾ അതിലെ പേരുകൾ ഏറെയാണ്. എനിക്ക് മാത്രം അല്ല, അത് ഓർത്തെടുക്കുന്ന ആർക്കും മറ്റൊരു അനുഭവം ആകും എന്ന് കരുതുന്നില്ല.
എന്നെ ആരും കരുതുന്നില്ല എന്ന ചിന്തയാണ് ഇന്നിൻ്റെ ദുരന്ത൦. കരുതൽ കിട്ടാനായുള്ള ഓട്ടത്തിലാണ് ഓരോരുത്തരും (ഞാനും ഇതിൽ പെടും). കരുതൽ നൽകേണ്ടവർ അത് നൽകാതിരുന്നാൽ മനുഷ്യൻ അത് കിട്ടുന്നിടത്തേക്കു പോകും എന്നത് അവൻ്റെ പ്രകൃതം.
പലപ്പോഴും ഈ യാത്ര അവസാനിക്കുന്നത് വലിയ അപകടങ്ങളിൽ ആണ് എന്നത് വാർത്തകൾ നമ്മെ ഓർമിപ്പിക്കുന്നുണ്ട്. എങ്കിലും നാം ഈ യാത്ര തുടരുകയാണ്, എവിടെയും തൃപ്തി അടയാതെ. കരുതൽ എന്നത് എനിക്ക് ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ലഭിക്കണം എന്ന എൻ്റെ വാശി എന്നെ കൊണ്ടെത്തിക്കുന്നത് വേദനകൾ മാത്രം നൽകുന്ന തീരങ്ങളിൽ ആണ്.
നിൻ്റെ തലയിലെ ഓരോ മുടിയും എണ്ണപ്പെട്ടിരിക്കുന്നു,ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെ ഉണ്ട്, നിൻ്റെ പേര് എൻ്റെ ഉള്ളം കൈയിൽ രേഖപ്പെടുത്തിരിയിരിക്കുന്നു, പെറ്റമ്മ നിന്നെ മറന്നാലും ഞാൻ നിന്നെ മറക്കില്ല…. ഈ നിരയും ഒത്തിരി ഉണ്ട് കേട്ടോ … പക്ഷെ ഇതിലൊന്നും താല്പര്യം ഇല്ലാത്തതാണ് എൻ്റെ പരാജയം .
കാരണം ഈ കരുതൽ ഉറപ്പുള്ളതും മാറ്റം ഇല്ലാത്തതും ആണെന്നുള്ള അറിവില്ലായ്മ ആയിരിക്കാം, അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയില്ലെന്ന നടനം ആയിരിക്കാം. രണ്ടായാലും ഒടുക്കം ദുരന്ത൦ തന്നെ. കരുതലിൻ്റെ ഏറ്റവും അവസാന ചിത്രം ആണ് കാൽവരി. കാൽവരി യാത്രയിൽ കരുതും എന്ന് അവൻ കരുതിയവരുടെ ഉപേക്ഷ പ്രകടമാണ്. ഒരു പക്ഷെ ഗത്സമെനിലെ നിലവിളി പോലും അതിൻ്റെ ഒരു ഉദാഹരണം ആണ്.
അവിടെ മറ്റൊരു മാറ്റൊലികൂടെ അലയടിക്കുണ്ട്, എങ്കിലും എൻ്റെ ഹിതമല്ല, അങ്ങയുടെ ഹിതം നിറവേറട്ടെ …. ജീവിതത്തിൻ്റെ വേദനയുടെ നിമിഷങ്ങളിൽ ഉയരുന്ന നിലവിളികള്‍ ആണ്, പിതാവേ കഴിയുമെങ്കിൽ ഈ പാനപാത്രം അകന്നുപോകട്ടെ എന്നതു… അകന്നു പോകാത്ത പാനപാത്രങ്ങൾക്കപ്പുറം കരുതലുള്ളവൻ്റെ ഹിതം ഉണ്ടെന്ന തിരിച്ചറിവ് ആവശ്യമാണ്.
അതില്ലെങ്കിൽ മുപ്പതു വെള്ളിക്കാശിനു കരുതലുള്ളവനെ ഒറ്റു കൊടുക്കേണ്ടി വരും. ഒറ്റു കൊടുത്തവൻ്റെ അവസാനം എന്തെന്നു കുറിക്കേണ്ടതില്ല. എല്ലാം കരുതുന്നവന്- ആയുസു എഴുപതു, ഏറിയാൽ എൺപതു ഉള്ളവൻ്റെ കാര്യങ്ങൾ കരുതാൻ കഴിയും എന്നത് സാമാന്യ ബുദ്ധിക്കു നിരക്കുന്ന ചിന്ത ആണ്. ഇനിയും ആകുലതകളുടെ കാൽവരി മലയും, പ്രതിസന്ധിയാകുന്ന കുരിശുകളും, വേദനകളുടെ മുൾമുടിയും, രോഗങ്ങളുടെ വേദനയും എന്നെ ഒരു പരിധി വിട്ടു ആകുലപ്പെടുത്താതിരിക്കട്ടെ.
എല്ലാം കരുതുന്നവൻ്റെ കൈകളിൽ എല്ലാം സുരക്ഷിതം. കാൽവരിയിലേക്കു ഇനി ദൂരം കുറവാണ്, കരുതും എന്ന് കരുതിയവരെല്ലാം കരുതിയില്ലെങ്കിലും, എന്നെ കരുതുന്നവൻ്റെ കൈകളിൽ ആൽമാവിനെ സമർപ്പിച്ചു തല ചായ്ക്കാൻ കഴിഞ്ഞാൽ, ഈ ഉയിർപ്പു ഒരു പുത്തൻ അനുഭവം ആയിരിക്കും.
ഫ്രിജോ തറയില്‍