കാറ്റക്കൂന്പുകള് രണ്ട്

നമുക്കറിവുള്ളതുപോലെ ക്രിസ്തുവിന്റെ ഉത്ഥാനത്തിനു ശേഷം അധികം വൈകാതെതന്നെ ക്രൈസ്തവവിശ്വാസം ആരംഭിച്ചു. വിശുദ്ധപത്രോസും പൗലോസും അതിനു നേതൃത്വം നല്കി. ഇവിടെ വച്ചുതന്നെയാണ് അവര്‍ കൊല്ലപ്പെട്ടതും. അങ്ങനെ ആദ്യ നൂറ്റാണ്ടില്‍ത്തന്നെ ഒട്ടേറെയാളുകള്‍ ക്രിസ്ത്യാനികളായെങ്കിലും അവര്‍ക്കു സ്വന്തമായി സിമിത്തേരികളില്ലായിരുന്നു. മാത്രമല്ല, നഗരത്തിനകത്ത് മൃതദേഹങ്ങള്‍ അടക്കം ചെയ്യാനോ ദഹിപ്പിക്കാനോ റോമിലെ നിയമം അനുവദിച്ചിരുന്നില്ല. പൊതുശ്മശാനങ്ങളില്‍ മറ്റുമതസ്ഥരോടൊപ്പമാണ് എല്ലാവരും അടക്കപ്പെട്ടിരുന്നത്. വത്തിക്കാന്‍ കുന്നിലുണ്ടായിരുന്ന അത്തരമൊരു ശ്മശാനത്തിലാണ് വിശുദ്ധ പത്രോസ് അടക്കപ്പെട്ടത്.
ഇന്ന് ആ കല്ലറയ്ക്കു മീതെയാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അള്‍ത്താര. പൗലോസിനെ അടക്കിയത് കുറച്ചുകൂടി മാറി മറ്റൊരു ശ്മശാനത്തിലും. ആ കല്ലറയ്ക്കുമുകളിലാണ് സെന്റ് പോള്‍ ബസിലിക്ക പണിതിരിക്കുന്നത്. തങ്ങളുടെ ഉറ്റവരെ അന്യമതസ്ഥരോടൊപ്പം അടക്കാന്‍ ഇഷ്ടപ്പെടാതിരുന്ന സമ്പന്നരായ മനുഷ്യര്‍ തങ്ങളുടെ പുരയിടങ്ങളില്‍ കുടുംബകല്ലറകള്‍ പണിത് അവരെ അടക്കി. പലരും നഗരമതിലിനുപുറത്ത് ആപ്പിയന്‍ വഴിയുടെ വശങ്ങളില് സ്ഥലം വാങ്ങി അവിടെ തങ്ങളുടെ മരിച്ചവെര അടക്കി. സമൂഹത്തിലെ ഉന്നതശ്രേണിയില്പ്പെട്ട ആളുകളെ അടക്കാന്‍ പ്രത്യേക സിമിത്തേരികള്‍ ഉണ്ടായിരുന്നു.
എന്നാല്‍, സ്വന്തമായി സ്ഥലമോ കല്ലറയോ വാങ്ങാന്‍ പണമോ ഇല്ലാത്ത ക്രൈസ്തവര്‍ അങ്ങനെയാണ് ഭൂമി തുരന്ന് അവിടെ അടക്കുക എന്ന ആശയത്തിലെത്തിയത്. അന്ന് ക്രൈസ്തവവിശ്വാസം സ്വീകരിച്ച മനുഷ്യര്‍ ഭൂരിഭാഗവും പാവങ്ങളായിരുന്നു. അതുകൊണ്ട് അവര്‍ എണ്ണത്തില്‍ കൂടുതതലായിരുന്നു. മറ്റൊരു കാരണം കൂടിയുണ്ട്. മറ്റുമതങ്ങളില്പെട്ടവര് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന രീതിയായിരുന്നു. എന്നാല്‍, പുനരുത്ഥാനത്തില്‍ വിശ്വസിക്കുന്ന ക്രൈസ്തവര്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യാനിഷ്ടപ്പെട്ടു. കാറ്റക്കൂമ്പുകളുടെ ഉത്ഭവത്തിന് ഇതും പ്രേരണയായിട്ടുണ്ട്. അഞ്ചാം നൂറ്റാണ്ടില്‍ റോം വിസിഗോത് അലറിക്കിന്റെ കീഴിലായതോടെ കാറ്റക്കൂമ്പുകളില്‍ അടക്കം ചെയ്യുന്നതു വിലക്കി.
കാറ്റക്കൂമ്പ് എന്ന പേര്
മദ്ധ്യശതകങ്ങളിലാണ് ഈ ഭൂഗര്ഭസിമിത്തേരികള്ക്ക് കാറ്റക്കൂമ്പ് എന്ന പേരു ലഭിച്ചത്. ആപ്പിയന്‍ വഴിയുടെ വശത്തുണ്ടായിരുന്ന ഒരു പാറമടയോടു ചേര്‍ന്നുള്ള സ്ഥലം കാറ്റക്കൂമ്പസ് എന്നാണ് അന്നറിയപ്പെട്ടിരുന്നത്. പാറമടയ്ക്കരികിലെ സ്ഥലം എന്നാണാ വാക്കിന്റെ അര്‍ത്ഥം. അങ്ങനെ അതിനു തൊട്ടടുത്തുള്ള സെന്റ്സെബസ്ത്യാനോസിനെ അടക്കം ചെയ്തിട്ടുള്ള കല്ലറയോടു ചേര്‍ന്നുള്ള ഭൂഗര്‍ഭ സിമിത്തേരിയും കാറ്റക്കൂമ്പ് എന്നറിയപ്പെടാന്‍ തുടങ്ങി. പതിയെ പതിയെ എല്ലാ ഭൂഗര്ഭസിമിത്തേരികളും ആ പേരിലറിയപ്പെടാന്‍ തുടങ്ങി..( തുടരും)
സിസ്റ്റര്‍ ശോഭ സിഎസ് എന്‍