1849 ലായിരുന്നു അത്. ജീയോവാനി ബാറ്റിസ്റ്റ ദി റോസ്സി എന്ന പുരാവസ്തുഗവേഷകന് ക്രിസ്തീയ പുരാതനാവശിഷ്ടങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടെ റോമിലെ ആപ്പിയന്‍ വഴിയുടെ വശത്തുള്ള മുന്തിരിത്തോട്ടത്തില്‍ പ്രവേശിച്ചു. അന്വേഷണകുതുകിയായ ആ ഇരുപത്തിയേഴുകാരന്റെ കണ്ണുകള്‍ പൊട്ടിക്കിടന്ന ഒരു മാര്ബിള്ക്കഷണത്തില് ഉടക്കി.
അതൊരു ചവിട്ടുകല്ലായിരുന്നു. അതില്‍ ഏതാനും അക്ഷരങ്ങള്‍ ലത്തീന്‍ ഭാഷയില്‍ കൊത്തിയിരുന്നു. NELIVS- MARTYR പൂര്‍ത്തിയാകാത്ത ആ പേര് A.D 253-ല്‍ രക്തസാക്ഷിയാവുകയും വര്‍ഷങ്ങള്‍ക്കുശേഷം സെന്റ് കലിസ്റ്റസ് കാറ്റക്കൂമ്പില്‍ അടക്കുകയും ചെയ്ത CORNELIVS (കൊര്‍ണേലിയസ്) മാര്പാപ്പയുടേതാണെന്ന് ആ യുവാവിനു പിടികിട്ടി. അങ്ങനെയെങ്കില്‍ സെന്റ് കലിസ്റ്റസ് കാറ്റക്കൂമ്പ് ഒരു പക്ഷേ, ഈ മുന്തിരിത്തോട്ടത്തിനടിയില് കണ്ടേക്കും എന്നദ്ദേഹത്തിനു തോന്നി.
എങ്കിലും മുന്തിരിത്തോട്ടം കുഴിച്ചുനോക്കിയാലേ അതുറപ്പിക്കാനാവൂ. അതിനു മുന്തിരിത്തോട്ടം വിലയ്ക്കുവാങ്ങേണ്ടതുണ്ട്. ക്രിസ്തീയ പൗരാണികതയോട് ഏറെ താത്പര്യമുണ്ടായിരുന്ന ഒന്‍പതാം പിയൂസാണ് അന്നത്തെ മാര്‍പാപ്പ.
റോസ്സി തന്റെ കണ്ടെത്തലുകളും നിരൂപണങ്ങളും മാര്‍പാപ്പയെ അറിയിച്ചു. അതോടെ മാര്‍പാപ്പയ്ക്ക് ഒന്നുറപ്പായി. താന്‍ ഇത്രനാള്‍ അന്വേഷിച്ചുകൊണ്ടിരുന്ന സെന്റ് കലിസ്റ്റസ് കാറ്റക്കൂമ്പുതന്നെ അത്. തന്റെ മുന്‍ഗാമികളായ അനേകം മാര്‍പാപ്പമാരുടെയും രക്തസാക്ഷികളുടെയും കല്ലറകള്‍ അടങ്ങിയ റോമിന്റെ പുരാതന സിമിത്തേരി. റോസിയുടെ പദ്ധതിയോട് പാപ്പ നൂറുശതമാനവും അനുകൂലിച്ചു.
അങ്ങനെ ആ മുന്തിരിത്തോട്ടം വത്തിക്കാന്‍ വാങ്ങി. പ്രതീക്ഷിച്ചതുപോലെതന്നെ അതായിരുന്നു സെന്റ് കലിസ്റ്റസ് കാറ്റക്കൂമ്പ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ആറോളം ക്രിപ്റ്റുകള്‍ (വിശുദ്ധരുടെയും രക്തസാക്ഷികളുടെയും കല്ലറകള്‍ സ്ഥിതിചെയ്യുന്ന ചെറിയ കപ്പേളകള്‍) കണ്ടെത്തി.
വിപുലമായ ഒരു വിഷയമാണ് കാറ്റക്കുമ്പുകള്. എങ്കിലും ഇതിവിടെ അവസാനിപ്പിക്കുകയാണ്. അതിനുമുമ്പ് ഇവിടെ അടക്കിയിട്ടുള്ള വിശുദ്ധരില്‍ മൂന്നുപേരെക്കുറിച്ച് നമ്മള് അല്പംകൂടി അറിഞ്ഞിരിക്കേണ്ടതുണ്ടെന്നു തോന്നി. ആദ്യം പോപ്പ് കൊര്ണേലിയൂസിനെക്കുറിച്ചാവാം.
പോപ്പ് കൊര്‍ണേലിയൂസ്
(ചെവിവേദന, അപസ്മാരം, പനി, വളര്‍ത്തുമൃഗങ്ങള്‍ ഇവയുടെ മദ്ധ്യസ്ഥന്‍)
251 മാര്‍ച്ച് മുതല്‍ 253 ജൂണ്‍വരെ മാര്‍പാപ്പയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് പതിനാലുമാസങ്ങള്‍ സഭയില്‍ മാര്പാപ്പയില്ലായിരുന്നു.തിരഞ്ഞെടുപ്പിന്റെ ആ കാലത്ത് മാര്‍പാപ്പയാകാന്‍ സാധ്യതയുണ്ടായിരുന്ന ബിഷപ് മോസസ് മതമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു. അങ്ങനെയാണ് തിരഞ്ഞെടുപ്പ് നീണ്ടുപോയത്. 21-ാമത്തെ പാപ്പയായിരുന്നു കൊര്‍ണേലിയൂസ് പാപ്പ. എങ്കിലും താമസിയാതെ പോപ്പ് കൊര്‍ണേലിയൂസ് ഇറ്റലിയിലെ ചെന്തുംചെല്ലായെ (Centumcellae) യിലേക്കു മതമര്ദനത്തെത്തുടര്ന്ന് നാടുകടത്തപ്പെട്ടു. 253 ജൂണില്‍ അദ്ദേഹത്തെ ശിരസ് ഛേദിച്ച് വധിക്കപ്പെട്ടു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം തിരുശേഷിപ്പ് റോമില്‍ കൊണ്ടുവന്ന് അടക്കുകയായിരുന്നു. മറ്റുളളവരെക്കുറിച്ച് പിന്നീടെഴുതാം.
(തുടരും)
സിസ്റ്റര്‍ ശോഭ സിഎസ് എന്‍