സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ രാജ്യവ്യാപക സെമിനാറുകള്‍ മാര്‍ച്ച് 15 വരെ

0കൊച്ചി: വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭാരത കത്തോലിക്കാസഭയുടെ സമീപനരൂപീകരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം അല്മായരുള്‍പ്പെടെ വിശ്വാസിസമൂഹത്തിന്റെ അഭിപ്രായം ആരായുന്നു. ഇതിനോടനുബന്ധിച്ച് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന ലെയ്റ്റി കണ്‍സള്‍ട്ടേഷന്‍ കൗണ്‍സിലും സെമിനാറുകളും മാര്‍ച്ച് 15ന് പൂര്‍ത്തിയാകും. നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും വിശ്വാസികളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ)അല്മായ കൗണ്‍സില്‍ രാജ്യവ്യാപകമായി അല്മായ സംവാദവും സെമിനാറുകളും സംഘടിപ്പിച്ചിരിക്കുന്നത്.

സിബിസിഐയുടെ 14 റീജണല്‍ കൗണ്‍സിലുകള്‍, കത്തോലിക്കാസഭയുടെ ഇന്ത്യയിലെ 174 രൂപത സമിതികള്‍, വിവിധ അല്മായ സംഘടനകള്‍ തുടങ്ങിയവ മുഖേനയാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍ അറിയിച്ചു.

രാജ്യത്ത് കത്തോലിക്കാവിശ്വാസത്തിനു നേരിടുന്ന വെല്ലുവിളികള്‍, ക്രൈസ്തവര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമുള്ള ഭരണഘടനാവകാശങ്ങളിലുള്ള ലംഘനങ്ങള്‍, വര്‍ഗീയത വളരുന്നതിലുള്ള അപകടാവസ്ഥ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍, കത്തോലിക്കാദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടക്കുന്ന അക്രമണങ്ങള്‍, കാര്‍ഷികമേഖല നേരിടുന്ന നിലവിലെ വിവിധ പ്രശ്‌നങ്ങള്‍, ദളിത് ക്രൈസ്തവ സംവരണം തുടങ്ങിയവ കൂടാതെ പ്രാദേശിക ജനകീയവിഷയങ്ങളും സെമിനാറുകളില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. സഭയിലെ വൈദികരും സന്യസ്തരും അല്മായരും ഈ സംവാദങ്ങളില്‍ പങ്കുചേരുന്നു.

കത്തോലിക്കാ സഭാവിശ്വാസികള്‍ക്ക് cbcilaity@gmail.com എന്ന ഇമെയിലിലും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാവുന്നതാണ്. ഇവയിലുയരുന്ന വിലയിരുത്തലുകളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് മാര്‍ച്ച് 20ന് ദേശീയ കത്തോലിക്കാ മെത്രാന്‍സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.