വേഷം മാറിയാലും…

0


ഈ ദിവസങ്ങളില്‍ ആഘോഷപൂര്‍വമായ കുര്‍ബാനസ്വീകരണം നടത്തിയ കുട്ടികളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം കാണാം. വെള്ളയുടുപ്പും ധരിച്ച് പൂക്കള്‍കൊണ്ടുള്ള മുടിയും കൈയില്‍ മെഴുകുതിരിയും പിടിച്ച് വിശുദ്ധഭാവങ്ങളോടെ നില്‍ക്കുന്ന കുട്ടികള്‍. അവരുടെ ജീവിതത്തിലെ ഏറ്റവും ദിവ്യമെന്ന് വിശേഷിപ്പിക്കാവുന്ന സുന്ദരദിവസത്തിന്റെ അടയാളമാണത്.

വി. കുര്‍ബാന സ്വീകരിച്ച അള്‍ത്താരയുടെ മുന്നില്‍ത്തന്നെ ഭക്തിയോടെ നില്‍ക്കാന്‍ ഈ കുട്ടികള്‍ക്ക് എപ്പോഴും കഴിയില്ല. പള്ളിയില്‍നിന്നിറങ്ങി അവര്‍ വീട്ടിലെത്തും. അധികം വൈകാതെ ഈ വെള്ളയുടുപ്പുകള്‍ അഴിച്ചുമാറ്റും. മുടിയും തിരിയുമെല്ലാമെടുത്ത് രൂപത്തിങ്കല്‍ സ്ഥാപിക്കും. അവര്‍ പഴയ രൂപത്തിലും വേഷത്തിലും കാണപ്പെടും. വേഷവും രൂപവും പഴയതായിക്കൊള്ളട്ടെ.

എന്നാല്‍ ഭാവം പഴയതാകാന്‍ പാടില്ല. ഈശോ ഹൃദയത്തില്‍ വന്നതിന്റെ വ്യത്യാസം കുട്ടികളുടെ ഭാവത്തില്‍ വരണം. സംസാരത്തിലും പെരുമാറ്റത്തിലും വരണം. 
വീട്ടിലും വിദ്യാലയത്തിലും കളിസ്ഥലത്തും യാത്രയിലുമൊക്കെ സ്‌നേഹവും കരുണയും മര്യാദയും ഉള്ളവരായിരിക്കാന്‍ കുര്‍ബാനസ്വീകരണം സഹായിക്കണം. 

ആദ്യകുര്‍ബാനസ്വീകരണത്തിന്റെ ഫോട്ടോകള്‍ നല്ലതാണ്. ഇടയ്ക്കിടെ എടുത്തുനോക്കാന്‍, സ്വന്തം മുഖത്തെ വിശുദ്ധഭാവം ഓര്‍ത്തെടുക്കാന്‍, അവ നിലനിര്‍ത്താന്‍ അതു സഹായിക്കും. 
ഷാജി മാലിപ്പാറ