ക്രിസ്തുവെന്ന ധൂര്‍ത്തപുത്രന്‍

0


ക്രിസ്തുവിന്റെ ആത്മകഥയാണ് ധൂര്‍ത്തപുത്രന്റെ ഉപമ. സ്‌നേഹവും കരുണയും ധൂര്‍ത്തടിച്ച് മുപ്പത്തിമൂന്ന് വര്‍ഷത്തെ ഇഹലോകവാസത്തിന് ശേഷം ദൈവപിതാവിന്റെ പക്കലേയ്ക്ക് മടങ്ങിപ്പോയ മകന്‍. അതാണ് ക്രിസ്തു.

ക്രിസ്തു എന്ന അപാരസാധ്യതയുടെ മറ്റൊരു പേരാണ് ധൂര്‍ത്തപുത്രന്‍.വിവിധ വേഷങ്ങളാടിയ ഒരു വ്യക്തിയുടെ ഭിന്നമുഖങ്ങളാണ് ധൂര്‍ത്തപുത്രനും പിതാവും. എല്ലാം ഒരാള്‍ തന്നെ.

അതെ, ബൈബിളിലെ ധൂര്‍ത്തപുത്രന്റെ ഉപമയിലെ ധൂര്‍ത്തപുത്രന്‍ ദൈവത്തെ വിട്ടുപോയ നാം ഓരോരുത്തരുമാണെന്ന് പറയുമ്പോഴും അത് ക്രിസ്തുവാണെന്ന് കരുതാനാണ് എനിക്കിഷ്ടം. അങ്ങനെ ചിന്തിക്കാന്‍ത്തക്ക എത്രയോ സൂചനകള്‍ ബൈബിള്‍ തന്നെ നല്കുന്നുമുണ്ട്.

നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദു:ഖങ്ങളാണ് അവന്‍ ചുമന്നത്…. നമ്മുടെ അതിക്രമങ്ങള്‍ക്കു വേണ്ടി അവന്‍ മുറിവേല്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്കി..അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു…നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്റെ മേല്‍ ചുമത്തി. (ഏശയ്യ 53:4-7)

ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് (യോഹ:1 -29)
പിതാവിന്റെ സമ്മതത്തോടെ ലോകത്തിലേക്ക് യാത്രയായവനാണ് ക്രിസ്തു. ആ യാത്രയില്‍ കൈവശമുണ്ടായിരുന്നത് പിതാവിന്റെ ഓഹരിയായിരുന്നു. ആ ഓഹരിയെന്താണ്. അത് അളവറ്റ കരുണയും സ്‌നേഹവും ക്ഷമയുമാണ്.
ക്രിസ്തു മൂന്നൂവര്‍ഷത്തെ പരസ്യജീവിതം കൊണ്ട് ധൂര്‍ത്തടിച്ചത് ദൈവപിതാവിന്റെ ഈ ഓഹരിയാണ്. വേശ്യകള്‍ക്കായി അവന്‍ പിതൃസ്വത്ത് ധൂര്‍ത്തടിച്ചു എന്ന മൂത്തപുത്രന്റെ ആരോപണം നോക്കൂ.

ക്രിസ്തുവിനെക്കുറിച്ചുള്ള ഫരിസേയരുടെ വിമര്‍ശനവും ഇതോടുചേര്‍ത്ത് വായിക്കേണ്ടതാണ്. അവന്‍ വേശ്യകളോടും ചുങ്കക്കാരോടുമൊപ്പം സഹവസിക്കുന്നു.. ക്രിസ്തു തന്റെ സുഹൃത്തുക്കളായി തിരഞ്ഞെടുത്തത് ആരെയായിരുന്നു?ചുങ്കക്കാരെയും മുക്കുവരെയും. നാലാള് കേള്‍ക്കുമ്പോള്‍ അന്തസ് തോന്നിക്കുന്ന ഒരു സുഹൃദ് വലയം ക്രിസ്തുവിനുണ്ടായിരുന്നില്ല. പാപത്തെക്കുറിച്ചല്ല ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞാണ് ക്രിസ്തുഅവരെയെല്ലാം സ്വന്തമാക്കിയത്. ഫരിസേയരുടെ നോട്ടത്തില്‍ അവര്‍ പിന്തള്ളപ്പെട്ടവരായിരുന്നു.

മൂത്തപുത്രന്റെ സ്വരം ഫരിസേയരുടെ സ്വരമാണ്..
പന്നികള്‍ക്കിടയില്‍ ജീവിച്ചതിന് ശേഷം സ്വപിതാവിന്റെ ഭവനത്തിലേക്ക് പോകുന്നവനാണ് ധൂര്‍ത്തപുത്രന്‍.. മനുഷ്യന്റെ ഉച്ഛിഷ്ടവും മാലിന്യവും ഭക്ഷിച്ചു ജീവിക്കുന്ന ജന്തുവാണ് പന്നി. പാപത്തിന്റെ മാലിന്യം ഭുജിച്ച് ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന സുബോധമാണ് പാപബോധം..ദൈവബോധം..

പാപത്തിന്റെ മാലിന്യം പേറി ധൂര്‍ത്തപുത്രന്‍ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി.
ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും കുരിശിന്റെ രൂപത്തില്‍ വഹിച്ച് ക്രിസ്തു കാല്‍വരിയിലേക്ക് യാത്രയായി.

ഏശയ്യായും സ്‌നാപകയോഹന്നാനും ഒരേസ്വരത്തില്‍ അതിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു.നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദു:ഖങ്ങളാണ് അവന്‍ ചുമന്നത്…. നമ്മുടെ അതിക്രമങ്ങള്‍ക്കു വേണ്ടി അവന്‍ മുറിവേല്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു.

ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.
തിരികെ വന്ന ധൂര്‍ത്തപുത്രനായി പിതാവ് സ്‌നേഹത്തിന്റെ വിരുന്നൊരുക്കി..
ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും പേറി രക്ഷണീയകര്‍മ്മം പൂര്‍ത്തിയാക്കാന്‍ തന്നോട് സഹകരിച്ച താന്‍ തന്നെയായ ക്രിസ്തുവിനായി ദൈവപിതാവും സ്‌നേഹത്തിന്റെ വിരുന്നൊരുക്കി.

വിനായക് നിര്‍മ്മല്‍