നീയും ക്രിസ്തുവും

0


കാണുവാൻ കൊതിക്കും നേരം കണ്മുന്നിൽ തെളിയുന്ന കവിതയാണ് എനിക്ക് ഇപ്പോൾ നീയും ക്രിസ്തുവും. നിന്നെ വായിക്കുമ്പോൾ ഞാൻ എന്നെ തന്നെയാണ് വായിക്കുന്നത്. നിന്റെ പുഞ്ചിരിയിലും നിൻ കരുണയിലും ഞാനിപ്പോൾ ക്രിസ്തുമുഖമാണ് കാണുന്നത്. സുഹൃത്തേ, സാരമില്ല എന്ന നിൻ  മൊഴിയിൽ എന്റെ പാപമെല്ലാം അലിഞ്ഞു ഇല്ലാതാകുന്നു.

പാപിനിയോട് ഞാനും നിന്നെ കല്ലെറിയുന്നില്ലെന്ന  അവന്റെ മൊഴികളുടെ ധ്വനി സാന്ദ്രതയുണ്ട് നിൻ വാക്കുകൾക്കിപ്പോൾ. ഇടറിയ മനസ്സുമായി നിൻ മുന്നിൽ നിന്നപ്പോഴെല്ലാം നീ നിന്റെ അക്ഷര ജാലകം എനിക്കായ് തുറന്നു തരികയും ഞാനുണ്ട് സങ്കടപെടേണ്ടെന്നു നീ പഠിപ്പിച്ചതും ഞാൻ ഇപ്പോൾ ഓര്‍ക്കുന്നു.

നീയും ക്രിസ്തുവും ഒരുപോലെയാണെന്നു എഴുതാൻ മറ്റൊരു കാരണവും മുൻപിലുണ്ട്… തോറ്റു പോയവരെ വിജയവെളിച്ചത്തിലേക്ക്  നയിക്കാനുള്ള ക്രിസ്തുവിന്റെ മനസ്സിന്‌ സമാനമാണ് നിന്റെ മനസ്സും.  അവരുടെ മുന്നിൽ എന്റെ സ്നേഹിതൻ തോറ്റു പോവരുതെന്ന പിടി വാശി സൂക്ഷിച്ചത് കൊണ്ടല്ലേ അവൻ അവരുടെ മുൻപിൽ എന്നെ പിടിച്ചോളൂ എന്ന് പറഞ്ഞു രണ്ടു കൈയും കെട്ടി അവർക്കായി നിന്ന് കൊടുത്തത്?

ഒറ്റിക്കൊടുത്തവൻ തനിക്കും അവർക്കും  മുന്നിൽ  തോൽക്കരുതെന്നു ക്രിസ്തുവിനു നിർബന്ധമുണ്ടായിരുന്നു.അങ്ങനെ തോൽക്കാൻ ഇഷ്ടമില്ലായിരുന്നെങ്കിൽ അവൻ ഓടി ഒളിച്ചേനെ.പലപ്പോഴും അവൻ ഓടി ഒളിച്ചിരുന്നു  എന്നും അവരിൽനിന്നും പിൻ  വാങ്ങിയിരുന്നെന്നും സുവിശേഷത്തിൽ പല തവണ നാം വായിച്ചിട്ടുണ്ട്.

അതെ ക്രിസ്തുവിനെ പോലെ നീയും എന്റെ  വിജയം മാത്രം ആഗഹിക്കുന്നു. ഞാൻ ജയിക്കാൻ വേണ്ടി നീ  എനിക്കായ് പല തവണ തോറ്റു തന്നിട്ടുണ്ട്. നിന്നെ കാണുമ്പോൾ ദാ  ഇപ്പോൾ ക്രിസ്തുവിനെ അറിയുന്നു… നിനക്ക് ക്രിസ്തുവിന്റെ ഗന്ധമാണ്… നീ ചിരിക്കുമ്പോൾ മുല്ല വള്ളി തളിർക്കും  പോലെയും നീ എന്നോടൊപ്പം ഇരിക്കുമ്പോൾ തോണിയിൽ ശിഷ്യരുടെയൊപ്പം ക്രിസ്തു ഇരുന്നത് പോലെയും തോന്നുന്നു.

തിരകൾ അലതല്ലുന്ന ഹൃദയവും പൊടിക്കാറ്റ് വീശുന്ന മനസ്സുമായി നിൻ അരികിൽ ഞാൻ വന്നിരുന്നപ്പോഴുമെല്ലാം നീ എന്നെ ക്രിസ്തു കാറ്റിനെയും കടലിനെയും ശാന്തമാക്കി അവരെ ആശ്വസിപ്പിച്ചതുപോലെ നീ ഒരിക്കലല്ല പലപ്പോഴും ആശ്വസിപ്പിച്ചിട്ടുണ്ട്… പ്രിയ സുഹുത്തേ, ഇപ്പോഴും ഞാൻ വേദനിക്കുമ്പോൾ മടങ്ങി വന്നു മയങ്ങുന്ന മടിതട്ടാണ്  നിന്റേത്.

നീ ആശ്വസിപിപ്പിച്ചതുപോലെ ഇന്നോളം ആരും എന്നെ ആശ്വസിപ്പിച്ചിട്ടില്ല…. നീ എന്ന തണൽ മരത്തിനു താഴെ വളരുന്ന  നാലുമണി പൂവാണ് ഞാൻ. എന്റെ പ്രാർത്ഥനക്കും എന്റെ ചോദ്യങ്ങൾക്കും ഉള്ള  ദൈവീക ഉത്തരമാണ് നീ.

വിദ്യാലയത്തിലോ, കലാലയത്തിലോ ഒരു നല്ല സുഹൃത്തിനെ എനിക്ക് ലഭിച്ചിരുന്നില്ല. പലരും പല വർണ്ണ കുപ്പായമിട്ടും കപടതയുടെ മുഖം മൂടി ധരിച്ചും എന്നെ പറ്റിച്ചിരുന്നു ആർക്കും എന്നെ ഞാനായിരിക്കുന്ന രീതിയിൽ   മനസ്സിലാക്കാൻ പറ്റിയിരുന്നില്ല. അവർക്കു  എന്നെയും..

ഈ സങ്കടം എന്റെ രാത്രികളെ ഉറക്കമില്ലാത്ത രാത്രികളാക്കിയിരുന്നു… ആ സങ്കടങ്ങളുടെ യാമങ്ങളിൽ ഞാൻ എന്റെ ഈശോയോട് ഒന്നേ ആവശ്യപ്പെട്ടിരുന്നുള്ളൂ. …. നിനക്ക് ഇഷ്ടമെങ്കിൽ എനിക്ക് ഒരു കൂട്ടു താ….

ആ പ്രാർത്ഥന ഈശോ കേട്ടു എന്നതിന്റെ നേർ സാക്ഷ്യമാണ്  ഇപ്പോൾ  എന്റെ മുന്നിൽ നിൽക്കുന്ന  നീ എന്ന സുഹൃത്ത്. നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം… ഒരു പ്രാർത്ഥനയും പാഴാവില്ലെന്നു ഈശോ ഇപ്പോൾ നമ്മിലൂടെ തെളിയിച്ചിരിക്കുന്നു… ഹൃദയങ്ങൾ ചേരുമ്പോൾ ദൈവത്തെ കാണുന്നു എന്നത് ഇപ്പോൾ പകൽ പോലെ സത്യം.

ഈ ബന്ധത്തിന്റെ കാണാ ചരട് ഈശോയുടെ കൈയിൽ ഏല്പിച്ചു നമുക്ക്  പട്ടം  പോലെ പറക്കാം….അനന്ത വിഹായുസ്സുകൾ തേടി പോകാം…. ഒരു കാറ്റും നമ്മെ തകർക്കുകയില്ല…. ഒരു മഴയും നമ്മെ തനിച്ചാക്കുകയില്ല…. കാരണം നമ്മൾ ഇപ്പോൾ അവന്റെ ചിറകിന്റെ കീഴിലാണ്… നമ്മെ നയിക്കുന്നതും നിയന്ത്രിക്കുന്നതും അവനാണ്… അവൻ മാത്രം.

ഫാ. സ്റ്റാഴ്സണ്‍ കള്ളിക്കാടന്‍