ക്രിസ്തുവിനെ അറിയാമോ?

0
           തന്റെ ആത്മസുഹൃത്തായ സച്ചിദാനന്ദന്റെ
അറുപതാം പിറന്നാൾ ദിനത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പിറന്നാൾ സമ്മാനമായി കൈമാറിയത്
ഒരു സുന്ദരമായ കവിതയായിരുന്നു .
                  ‘ ആദ്യം ജനിച്ചത് നീയാണ്, പതിറ്റാണ്ടുകൾക്കു ശേഷം ഞാനും.
          നമുക്കിടയിൽ ഒരു പുഴയുണ്ടായിരുന്നു.
             പാതിരാവിൽ പെരുമഴയത്ത്
        ഒഴുകി വന്ന മരത്തടിയിൽ പിടിച്ചു നീന്തി
             ഞാൻ അക്കരെയെത്തി
       നീ എനിക്ക് അന്നവും കമ്പിളിയും തന്നു’.
               ഇങ്ങനെയൊരു കവിതഎഴുതി സുഹൃത്തിന് പിറന്നാൾ സമ്മാനമായി നൽകാനുള്ള
 പ്രചോദനം എന്തായിരുന്നു എന്നു ആരാഞ്ഞവരോട്  ബാലചന്ദ്രൻ ചുള്ളിക്കാട് നൽകുന്ന മറുപടി ഇപ്രകാരമാണ് :
         ‘എനിക്ക് എന്റെ സുഹൃത്തിനെ അടുത്തറിയാം.
അയാളുടെ സ്നേഹത്തിന്റെ ആഴമറിയാം .ഞങ്ങൾക്കിടയിൽ സ്നേഹത്തിന്റെ ഒരു പുഴയൊഴുകുന്നുണ്ട് . അതുകൊണ്ട് ഈ കവിത എനിക്ക് അനായാസം എഴുതാനും ആ കവിത സ്നേഹപൂർവ്വം  അയാൾക്ക്‌ സമർപ്പിക്കാനും കഴിഞ്ഞു’
  ക്രിസ്തുവിനെ അറിയുമോ എന്ന ചോദ്യത്തിന്
  ഇല്ലാ എന്ന് പറയുന്നവർ  ഇന്ന് അധികമുണ്ടെന്ന് തോന്നുന്നില്ല . ഏതൊക്കെയോ തരത്തിൽ
  ക്രിസ്തുവിനെകുറിച്ച് പലയിടത്തും പറയുകയും ,
  എഴുതുകയും , ചർച്ചചെയ്യപ്പെടുകയുമൊക്കെ ചെയ്യുന്നുണ്ട് . അതുകൊണ്ട് തന്നെ അവനെ അറിയാനുള്ള സാധ്യതകൾ ഏറെയാണ് .
  പക്ഷെ , എത്രത്തോളം ആഴത്തിൽ അവനെ അറിയും എന്ന  രണ്ടാമത്തെ ചോദ്യത്തിന്
  ആദ്യത്തെ ഉത്തരത്തിനു നൽകിയ എണ്ണം
  ഉണ്ടാവുമോ എന്നതാണ്‌ സംശയം .
  എനിക്ക് ക്രിസ്തുവിനെ ആഴത്തിലറിയാം .
  അവന്റെ സ്നേഹത്തിന്റെ നീളവും , വീതിയും
  എനിക്കറിയാമെന്ന് പൂർണ്ണ ഹൃദയത്തോടെ പൗലോസിനെ പോലെ പറയാനുള്ള ധൈര്യം നമ്മുടെ കൂട്ടത്തിൽ എത്ര പേർക്കുണ്ട് .
      പലപ്പോഴും നാം അവനെ അറിയാൻ ശ്രമിക്കുന്നതും , പിൻചെല്ലുന്നതുമൊക്കെ
 നമ്മുടേതായ കാര്യസാധ്യത്തിനാണെന്ന്
 തോന്നിയിട്ടുണ്ട് . തിരുവചനം പരിശോധിക്കുമ്പോൾ
 ഇത്തരക്കാരെയാണ്   നാം അധികം കാണുന്നത്.
 ക്രിസ്തു അയ്യായിരം പേർക്ക് വേണ്ടി അത്ഭുതം
പ്രവർത്തിക്കുന്നതിനെക്കുറിച്ച് വിശുദ്ധ മത്തായി
 ശ്ലീഹായുടെ പുസ്തകത്തിൽ നാം വായിക്കുന്നതിങ്ങനെയാണ് . അവർ  അയ്യായിരം
 പേരും അപ്പം ഭക്ഷിച്ച് തൃപ്‌തരായി എന്നാണ്
 ( മത്തായി : 14 : 14 ) . അവർക്ക് ഈശോയെ
 കണ്ടപ്പോഴല്ല അപ്പം കണ്ടപ്പോഴാണ് തൃപ്തിയുണ്ടായത് .
സത്യം പറഞ്ഞാൽ ഈ അയ്യായിരത്തിന്റെ കൂടെ ചേരുന്നവരാണ്  ഞാനും , നീയും . എന്റെ ജീവിതം സുഗമമാവാൻ വേണ്ടിയാണ് ഞാൻ ക്രിസ്തുവിനെ അനുഗമിക്കുന്നതെന്ന് പറയേണ്ടി വരുന്ന അവസ്ഥകൾ എന്റേയും നിന്റെയും ജീവിതത്തിൽ അനുനിമിഷം വന്നുചേരുന്നുണ്ട് .
     സമൂഹത്തിലെ പേരിനും , പ്രശസ്തിക്കും ,
സാമ്പത്തികലാഭത്തിനും, വിട്ടു മാറാത്ത രോഗം മാറിക്കിട്ടുന്നത്തിനും , ഉന്നത  വിദ്യാഭ്യാസം ലഭിക്കുന്നതിനും , എന്നുവേണ്ട നിരത്തിലിറങ്ങുന്ന
പുത്തൻ വാഹനങ്ങൾ വാങ്ങുന്നതിനുമൊക്കെ വേണ്ടി തിരി കത്തിച്ച് പ്രാർത്ഥിച്ച ഓർമ്മകൾ
പ്രിയ വായനക്കാരാ , എനിക്ക് മാത്രമല്ല നിനക്കും നിന്റെ ജീവിതത്തിലുണ്ടായിട്ടില്ലേ . ‘ദീപ സ്തംഭം
മഹാശ്ചര്യം എനിക്കും കിട്ടണം പണം ‘ എന്നൊക്കെ
ഭാഷ മാറ്റി പ്രാർത്ഥിക്കുന്നവരുടെ ലിസ്റ്റിൽ എന്റെ
പേരും ഉണ്ടെന്നോർക്കുമ്പോൾ എനിക്ക് എന്നോട്
തന്നെ ലജ്ജ തോന്നുന്നുണ്ട് .
          ഉദിഷ്ട്ടകാര്യത്തിന് ഉപകാരസ്മരണ നൽകാൻ
വെമ്പൽ കൊള്ളുന്ന മനസ്സുമായി നടന്നു നീങ്ങുന്ന
നമ്മളെ നോക്കിയാവും ക്രിസ്തു പറഞ്ഞത് –
    വെള്ളയടിച്ച കുഴിമാടങ്ങളെ  എന്ന് .
അവന്റെ ഹൃദയവും , അവന്റെ ശരീര ഭാഷയും
അറിയാതെ മറ്റെന്തൊക്കെ അറിഞ്ഞിട്ടും എന്തു
കാര്യം . ആ അറിവും , കഴിവും വെറും വ്യർത്ഥം
തന്നെയാണ് . അപ്പം തേടി പോകുന്നവർ ആ യാത്ര
തുരുക തന്നെ ചെയ്യും . കാരണം അവർക്ക് പിന്നെയും വിശക്കും .
          ബൈബിളിൽ കാണുന്ന മറ്റൊരു കൂട്ടർ ,
ക്രിസ്തുവിന്റെ പിന്നാലെ ചെല്ലുന്ന 72 പേരുടെ
സമൂഹമാണ് . ലൂക്കായുടെ സുവിശേഷം പത്താം
അധ്യായത്തിലാണത് . ഈശോ സ്നേഹപൂർവ്വം
വിളിച്ച് ഈശോ സ്വന്തമാക്കാൻ ആഗ്രഹിച്ച സമൂഹമായിരുന്നു അവർ . അത്തരക്കാരും  നമ്മുടെ കൂട്ടത്തിൽ ധാരാളമാണ് . ഇഷ്ടം തോന്നി
ഈശോ സ്വന്തമാക്കി ; അവന്റെ മുഴുവൻ ദൗത്യവും
കൈമാറി ലോകം മുഴുവൻ പോയി വചനം പ്രഘോഷിച്ച് അനേകരെ മാനസാന്തരപ്പെടുത്തി തിരിച്ചു വാ .. എന്ന നിയോഗവുമായി ഈശോ പറഞ്ഞുവിട്ടിട്ടും  ,
ആ ലക്ഷ്യം മറന്ന് ഈശോയുടെ അനുഗ്രഹങ്ങൾ
സ്വന്തമാക്കി പിന്നീട് ഈശോയുടെ ചാരെ വരാതെ
കടന്നുപ്പോയവരുടെ മുഖവും നമ്മളിൽ പലരിലും
തെളിയുന്നുണ്ട് .
      വെളിപ്പാടു പുസ്തകത്തിൽ നാം വായിക്കുന്നത് പോലെ , ആദ്യമുണ്ടായിരുന്ന ഈശോ  സ്നേഹം നഷ്ടപ്പെടുത്തിയ സമൂഹവും , സമുദായങ്ങളും നമ്മുടെ പരിസരത്തും കാണുന്നുണ്ട് . ഒരു നാൾ കൃപയ്ക്കുമേൽ കൃപ ലഭിച്ച്  ക്രിസ്തുവിന്റെ ദാസനും , ദാസിയുമൊക്കെയായി ജീവിച്ചിട്ട് ലക്ഷ്യം മറന്നു പോയവരും ആ ഹൃദയത്തിന്റെ തുടിപ്പറിയാതെ മറ്റ്‌ പല സ്ഥലങ്ങളിലേയ്ക്ക് ബോധപൂർവ്വം ചേക്കേറിയവരുടേയും എണ്ണം നന്നേ ചുരുക്കമല്ല .
 ആ സുന്ദരി പൂച്ചയുടെ കഥപോലെ നമ്മുടെ പലരുടെയും     ജീവിതം മാറിപ്പോകുന്നുണ്ട് .
         ഏറെ നാളത്തെ സ്വപ്നമായിരുന്നു സുന്ദരി
പൂച്ചയ്ക്ക് കൊട്ടാരത്തിൽ പോകണമെന്നും , അന്തപുരത്തിലെ സിംഹാസനത്തിൽ വിലസുന്ന രാജ്ഞിയെ  കാണണമെന്നും , കൂട്ടുകൂടണമെന്നും .
ഒരിക്കൽ ആ സുന്ദരി പൂച്ചയ്ക്ക് കൊട്ടാരത്തിലെത്താനുള്ള   ഭാഗ്യം കിട്ടി . കൊട്ടാരത്തിലെ നിരവധിയായ കാഴ്ചകൾ സുന്ദരി പൂച്ചയെ അത്ഭുതപ്പെടുത്തി . വിലയേറിയ രത്നങ്ങളും , കൂറ്റൻ കെട്ടിടവും കണ്ട് സുന്ദരി പൂച്ച
അന്തപുരത്തിൽ ചെന്നു . രാജ്ഞി സുന്ദരി പൂച്ചയ്ക്ക് സ്വാഗത മോതി . അപ്പോഴാണ് സിംഹാസനത്തിന്റെ പുറകിൽ പമ്മിയിരിക്കുന്ന എലിയെ സുന്ദരി പൂച്ച കണ്ടത് . അവൾ സർവതും
മറന്നു . താൻ വന്നതെന്തിന്നാണെന്നും , തന്റെ ജീവിത സ്വപ്നമെന്താണെന്നും . ഒരൊറ്റ ചാട്ടം
പിന്നെ അവിടെ നടന്നത് ഭീകരമായ എലി വേട്ടയായിരുന്നു . ബഹളം മൂത്തപ്പോൾ ഭടന്മാർ
സുന്ദരി പൂച്ചനെ തൂക്കി പുറത്തേക്കെറിഞ്ഞു കളഞ്ഞു .
  സുന്ദരി പൂച്ചകളാകാതിരിക്കാം  നമുക്ക് .
ക്രിസ്തു പകർന്നേകിയ    അനുഗ്രഹവും സ്വന്തമാക്കി കടന്നു കളയുന്നവരാകാതെ  അവന്റെ
ചാരെയിരുന്ന്     അവൻ പറയുന്നത് ശ്രദ്ധാപൂർവം
കേട്ട മറിയത്തെപ്പോലെയെങ്കിലും നമുക്ക് ജീവിതം
ക്രമീകരിച്ചു തുടങ്ങാം . ഈ തുടക്കം നാം അവനെ അറിയുന്നതിന്റെ ആദ്യ പടിയാവും തീർച്ച .
          സമാനസ്വഭാവമുള്ളവരാണ് ലൂക്കായുടെ
സുവിശേഷം ഒമ്പതാം അധ്യായത്തിൽ കാണുന്ന
ഈശോ തിരഞ്ഞെടുത്ത പന്ത്രണ്ടു പേർ . അവർ
ഒരു പരിധി വരെ ഈശോയുടെ സ്നേഹം അറിയാൻ
ശ്രമിച്ചവരായിരുന്നു . ആരൊക്കെ നിന്നെ വിട്ടു പോയാലും ഞങ്ങൾ നിന്നെ തനിച്ചാക്കില്ലെന്ന്
വലിയ വായിൽ വർത്തമാനം പറഞ്ഞവരായിരുന്നു
അവർ . എന്നിട്ടും ഇത്ര നാൾ അവന്റെ കൂടെ നടന്നിട്ടും , അവൻ ചെയ്ത അത്ഭുതങ്ങൾ കണ്ട്
രസിച്ചിട്ടും  ,വേദനകളുടെ  തീക്കാറ്റ് വീശിയപ്പോൾ
അവർ അവന്റെ സ്‌നേഹ വലയത്തിൽ നിന്നും
പിന്മാറുകയും   അവന്റെ ചെയ്തികൾ മനസിലാക്കി
എടുക്കുന്നതിൽ പിഴവു പറ്റിയവരുമായിരുന്നു അവരിൽ ചിലർ . ഈ പന്ത്രണ്ട് പേരും ഈശോയെ
അടുത്തറിഞ്ഞവരായിരുന്നെങ്കിൽ ഈശോയ്‌ക്ക് ഈ ശനിദശയുണ്ടാവുമായിരുന്നില്ല .
           യോഹന്നാന്റെ സുവിശേഷം  പത്തൊമ്പതാം
           അധ്യായം , ഇരുമ്പത്താറാം തിരുവചനത്തിൽ    ഒരു വ്യക്തിയെ നാം പരിചയപ്പെടുന്നുണ്ട് . അവന്റെ പേര് യോഹന്നാൻ  എന്നാണ് . കുരിശിന്റെ ചുവട്ടിൽ അവന്റെ ചാരെ മരണനേരത്തു പോലും ഉണ്ടായിരുന്ന ശിഷ്യനായ യോഹന്നാനാണ്
ക്രിസ്തുവിനെ അടുത്തറിയുകയും , അവിടുത്തെ
സ്നേഹത്തിന്റെ ആഴവും വീതിയും മനസിലാക്കുകയും ചെയ്ത ശിഷ്യൻ എന്നാണ്
പറയപ്പെടുന്നത് . അവൻ ക്രിസ്തുവിനെ സ്നേഹിച്ചതും , അനുഗമിച്ചതും അപ്പം ഭക്ഷിക്കാൻ
വേണ്ടിയായിരുന്നില്ല . ക്രിസ്തുവിന്റെ കൂടെ കൂടി
സൽപ്പേര് സ്വന്തമാക്കാൻ വേണ്ടിയായിരുന്നില്ല .
അത്ഭുതങ്ങളും  , അടയാളങ്ങളും കണ്ട് അവ സ്വന്തമാക്കാൻ വേണ്ടിയായിരുന്നില്ല . ഒന്നും ആഗ്രഹിക്കാതെ ക്രിസ്തുവിനെ ആഴത്തിൽ സ്നേഹിക്കും എന്ന അച്ചുതണ്ടിൽ കറങ്ങിയ ജീവിതമായിരുന്നു യോഹന്നാന്റെ . ഈ ഒരു ജീവിത മാതൃക പിൻചെല്ലുന്നവരാണ് ക്രിസ്തുവിനെ അടുത്തറിയുന്നവർ . അവന്റെ കുരിശുമരണ സമയത്ത് കൂടെ നിന്ന യോഹന്നാനെ പോലെ നമുക്ക് നമ്മുടെ ജീവിതം ക്രമീകരിക്കാം ….
   തള്ളി പറഞ്ഞ പത്രോസാകാതിരിക്കാം.ഒറ്റി കൊടുത്ത യൂദാസാവാതിരിക്കാം .
          ഓടിയൊളിച്ച മറ്റ്‌ ശിഷ്യരാവാതിരിക്കാം.

 

ഫാ. സ്റ്റാഴ്സണ്‍ കള്ളിക്കാടന്‍