ക്രൈസ്തവര്‍ കന്യാമറിയത്തെപോലെ സഹനങ്ങള്‍ക്കൊപ്പം നില്ക്കുന്നവരാകണം: പാപ്പ

0


പനാമ സിറ്റി: കുരിശിനെ ആലിംഗനം ചെയ്യാനും സഹിക്കുന്നവരുടെയൊപ്പം നടന്നുനീങ്ങാനും യുവജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകയുവജനസംഗമത്തില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

കുരിശിന്റെ വഴി സഹനങ്ങളോടുള്ള ഐകദാര്‍ഢ്യമാണ്. അത് സ്‌നേഹത്തിന്റെ വഴിയാണ്. മുറിവേറ്റവരുടെയും പീഡിതരുടെയും ഒപ്പം നടക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ നമ്മള്‍ ചെയ്യുന്നതാവട്ടെ ഭൂരിപക്ഷത്തിന്റെകൂടെ നടക്കുകയാണ്.. ഇത് നമ്മെ പാരലൈസഡ് ആക്കുകയാണ് ചെയ്യുന്നത്. വിജയിക്കുന്നവരുടെ ഒപ്പം നില്ക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ പരാജയപ്പെട്ടവരുടെ കൂടെ നടക്കുന്നത് ദുഷ്‌ക്കരമാണ്.

പരാജയപ്പെട്ടവരുടെ കൂടെ നടന്നവനാണ് ക്രിസ്തു. ക്രിസ്തുവിന്റെ കുരിശിന്റെ വഴി ഇന്നും നടന്നുകൊണ്ടിരിക്കുന്നു. പല കുട്ടികള്‍ക്കും ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു.വേറെ ചിലര്‍ക്ക് നല്ല കുട്ടിക്കാലം നിഷേധിക്കപ്പെടുന്നു, കുടുംബം,വിദ്യാഭ്യാസം എല്ലാം നിഷേധിക്കപ്പെടുന്നു. സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു. അവഗണിക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്നു. യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല. അവര്‍ക്ക് മാന്യമായ ജോലിയുമില്ല

പ്രകൃതിയില്‍ നടക്കുന്ന ചൂഷണത്തിനെതിരെയും പാപ്പ സംസാരിച്ചു. ഇത്തരത്തിലുള്ള സഹനങ്ങളോടുള്ള ക്രിസ്ത്യാനികളുടെ പ്രതികരണം എന്താണ്? കന്യാമേരിയുടെ പ്രതികരണം പോലെയായിരിക്കണം ക്രൈസ്തവരുടേത്.

സ്വന്തം പുത്രന്‍ കാല്‍വരി കുരിശില്‍ കിടക്കുമ്പോള്‍ അതിന്റെ ചുവട്ടില്‍ മറിയമുണ്ടായിരുന്നു. ക്രിസ്തുവിന്റെ സഹനം അവള്‍ പങ്കുവച്ചു. ഇതുപോലെയായിരിക്കണം ക്രൈസ്തവരും. സഹനങ്ങളുടെ ഒപ്പം പങ്കുചേരണം. സഹിക്കുന്നവരുടെയൊപ്പം നില്ക്കണം