ആ നക്ഷത്രം അവിടെ കിടക്കട്ടെ..

0
പിന്നെയും നമ്മുടെ ഓർമ്മയിൽ സന്തോഷവും സമാധാനവും പ്രതീക്ഷയും നിറച്ച ഒരു ക്രിസ്തുമസ്സ് കൂടി വിടപറയുകയാണ്. ആഘോഷത്തിന്‍റെ ആരവങ്ങളടങ്ങി. ബന്ധുക്കളും സ്നേഹിതരും തിരിച്ചുപോയിത്തുടങ്ങി. സദ്യകളും ഒത്തുചേരലുകളും അവസാനിച്ചു. അലങ്കാരങ്ങളും തോരണങ്ങളും ബാധ്യതയായി. നമ്മൾ ഇനി നമ്മളിലേക്ക് മടങ്ങുകയാണ്. സാവധാനം ചമയങ്ങളും മോടികളും നമ്മൾ അഴിക്കാൻ തുടങ്ങും.പക്ഷേ അഴിച്ചുവയ്ക്കാൻ പാടില്ലാത്ത ഒന്നുണ്ട്.  ക്രിസ്തുമസ്സിന്‍റെ വരവറിയിച്ചു നാട്ടിയ നക്ഷത്രം.
ക്രിസ്തുമസ്സ് ഇങ്ങെത്താറായി എന്ന് നമുക്ക് ആദ്യം സൂചന തരുന്നത് കടകളിൽ തൂങ്ങിയാടാറുള്ള നക്ഷത്രങ്ങളാണ്. നക്ഷത്രം  തൂക്കികഴിഞ്ഞാൽ അതോടെ ക്രിസ്തുമസ് സീസൺ ആരംഭിക്കുകയായി. എല്ലാ ദിവസവും രാത്രിയുടെ ഇരുളിൽ തെളിഞ്ഞുപ്രകാശിക്കുന്ന ആ നക്ഷത്രം ഈ ഭൂമിയിൽ സമാധാന സന്ദേശം പരത്തുകയാണ്. എല്ലാ ഇരുളിനെയും അകറ്റാനായവൻ, എല്ലാ വിഷമങ്ങൾക്കും ആശ്വാസമായവൻ, എന്നെപ്പോലെ മനുഷ്യനായവൻ, എന്നെ ചേർത്തുപിടിക്കുവാൻ അണയുകയായി എന്ന് ഓരോ നക്ഷത്രവും എന്നെ ഓർമിപ്പിക്കുന്നു.
ഈ ക്രിസ്തുമസ് എന്നിൽ ഉയർത്തേണ്ട ചോദ്യമുണ്ട് – ആരുടെയെങ്കിലും ഒക്കെ ജീവിതത്തിൽ  പ്രകാശമാകുവാൻ എനിക്ക് കഴിയുന്നുണ്ടോ? ആർക്കെങ്കിലും മുഖത്ത് സന്തോഷത്തിന്റെ ഒരു ചെറുപുഞ്ചിരിയെങ്കിലും സൃഷ്ടിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ടോ? ദൈവം എനിക്ക് നൽകിയ സഖിക്കും ദാനം ലഭിച്ച മക്കൾക്കും ഭൂമിയിലേക്കയക്കാൻ കർത്താവ് തിരഞ്ഞെടുത്ത മാതാപിതാക്കൾക്കും ഞാനൊരു നക്ഷത്രമാണോ ? അവരുടെ ഹൃദയത്തിൽ സ്നേഹത്തിന്‍റെയും കരുണയുടെയും ആശ്വാസത്തിന്‍റെയും പൊൻപ്രഭ വിരിയുന്ന നക്ഷത്രമാകാൻ എനിക്ക് കഴിയുന്നുണ്ടോ? ആരുടെയെങ്കിലുമൊക്കെ നാവിൽ ഒരു ഉത്തരമായി ഞാൻ മാറുന്നുണ്ടോ?
ഇത് പഴയതുകളെ പുതുക്കിയെടുക്കേണ്ട സമയം. അന്ധകാരനിബിഢമായ ലോകത്തെ സ്നേഹത്തിന്‍റെയും കരുണയുടെയും പ്രകാശത്തിൽ കുളിപ്പിച്ചെടുത്ത യേശുവിനെ ധ്യാനിക്കുന്ന ഈ സായംസന്ധ്യയിൽ നമുക്കും ഒരു തീരുമാനത്തിലേക്ക് കടക്കാം. കഴിഞ്ഞതെല്ലാം പോകട്ടെ. ഇനി മുതൽ ഞാനും ഒരു നക്ഷത്രമായിരിക്കും. ചുറ്റുമുള്ളവർക്ക് ഞാന്‍ കരുതലിന്‍റെ തിരിവെട്ടമായിരിക്കും…
നമുക്ക് ശാന്തമായുറങ്ങാം. ശുഭരാത്രി.. അകലെ മാലാഖമാർ നമുക്ക് വേണ്ടി പാടുന്നു.
“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം.
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം”.

 

ഫാ. സിജോ കണ്ണമ്പുഴ