തിരികെ നടക്കാന്‍ കൊതിക്കുന്ന ക്രിസ്മസ്

0

ക്രിസ്മസ് പരീക്ഷ കഴിയാന്‍ കാത്തിരുന്ന ദിനങ്ങള്‍. മറ്റൊന്നിനുമല്ല ഡിസംബറിലെ മഞ്ഞില്‍ മാത്രം കിളിര്‍ക്കുന്ന പ്രത്യേകതരം പുല്ല് ശേഖരിച്ച് പുല്‍ക്കൂട് പണിയാന്‍.. കപ്പക്കമ്പ് ചീകി മിനുക്കി പുല്‍ക്കൂട് നിര്‍മ്മിക്കാന്‍.. ഈറ്റക്കമ്പുകൊണ്ട് നക്ഷത്രം തീര്‍ക്കാന്‍.. കുളിരായ് വിറയ്ക്കുന്ന ഉണ്ണീശോയെ അങ്ങേ ഞാന്‍ സ്‌നേഹിക്കുന്നു എന്ന് സുകൃതജപം ചൊല്ലി നടന്നിരുന്ന ദിനങ്ങള്‍.ഇരുപത്തഞ്ച് ദിനവും മുടങ്ങാതെ മഞ്ഞിലും തണുപ്പിലും നടന്ന് പള്ളിയിലേക്ക് പോയിരുന്ന പ്ര’ാതങ്ങള്‍. കരിയില കത്തിച്ച് തണുപ്പകറ്റിയിരുന്ന വെളുപ്പാന്‍കാലങ്ങള്‍…

മുപ്പതോ മുപ്പത്തിയഞ്ചോ വര്‍ഷങ്ങള്‍ക്ക് പിന്നിലെ ക്രിസ്മസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളായിരുന്നു ഇവ. അന്ന് ക്രിസ്മസിനെ കാത്തിരിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം ഇറച്ചികഴിക്കാന്‍ കിട്ടിയിരുന്നതില്‍ ഒരവസരം ക്രിസ്മസ് ദിനത്തിലായിരുന്നു. മറ്റൊന്നാവട്ടെ ഈസ്റ്ററിലും..  ഇന്ന് മുട്ടിനു്മുട്ടിന് ബ്രോയിലര്‍ ഫാമുകളും എല്ലാദിവസവും ചിക്കനും കഴിച്ച് ചീര്‍ത്തുവരുന്ന  കുട്ടികളും ഉള്ളപ്പോള്‍ ഇറച്ചികഴിക്കാന്‍ വേണ്ടി പോലും ക്രിസ്മസിനെ കാത്തിരിക്കേണ്ടതായി വരുന്നില്ല.. കേക്ക് അന്ന്  ആഡംബരമായിരുന്നു. പക്ഷേ ഇന്നോ… ഇന്ന് ക്രിസ്മസിനെ കാത്തിരിക്കാന്‍ നമുക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല.
ഇന്ന് ക്രിസ്മസ്, മറ്റെല്ലാമാണ്.ക്രിസ്മസ് മാത്രമാകുന്നില്ല. അതായത് അനുഭവമാകുന്നില്ല.ആഘോഷം മാത്രമേയുളളൂ. ഇന്നെത്ര കുട്ടികള്‍- മുതിര്‍ന്നവരും- ക്രിസ്മസിനെ അതിന്റേതായ അര്‍ത്ഥത്തില്‍ കാത്തിരിക്കുന്നുണ്ട്..? സ്‌നേഹിക്കുന്നുണ്ട്.. എന്തും ആഘോഷമാകുന്ന, എന്തിനും ലൈക്ക് അടിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന ആധുനികമാധ്യമലോകത്ത് ക്രിസ്മസും ഒരാഘോഷം മാത്രമാണ്. മത്സരങ്ങളുടെ ഈ ലോകത്ത് ക്രിസ്മസും ഒരു മത്സരമായിക്കഴിഞ്ഞിരിക്കുന്നു. പുല്‍ക്കൂട് മത്സരം..നക്ഷത്രമത്സരം..സാന്താക്ലോസ് മത്സരം..കരോള്‍ മത്സരം..

പക്ഷേ ഒരിടത്തും ഉണ്ണീശോ മത്സരം കണ്ടിട്ടില്ല..യൗസേപ്പിതാവ് മത്സരമെന്നോ മാതാവ് മത്സരമെന്നോ കണ്ടിട്ടില്ല. അതാണ് നമ്മുടെ വെല്ലുവിളി. ഉണ്ണീശോയും മാതാവും യൗസേപ്പിതാവും ആകാനുള്ളതാണ് യഥാര്‍ത്ഥത്തിലുള്ള മത്സരം.പാതിരാത്രിയിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പോലും ഇന്ന് കുറഞ്ഞിട്ടില്ലേ? പാതിരാക്കുര്‍ബാന കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങുമ്പോള്‍ പള്ളിമുറ്റത്ത് നമ്മെ കാത്തുനില്ക്കുന്നത് പാപ്പാമത്സരങ്ങളാണ്..പള്ളികളില്‍ പോലും സെക്കുലറിസം പിടി മുറുക്കിയിരിക്കുന്നു. പണ്ടുകാലങ്ങളില്‍ ക്രൈസ്തവരുടെ വീടുകളെ ഡിസംബര്‍ മാസത്തില്‍ ഏതൊരു അപരിചിതനും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഏക അടയാളം ഇറയത്തെ നക്ഷത്രവിളക്കായിരുന്നു. ഇന്ന് അതും മാറി. ഹിന്ദുവെന്നോ മുസ്ലീമെന്നോ ഭേദമില്ലാതെ എല്ലാരുടെയും വീടുകളില്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞിരിക്കുന്നു.  അവയില്‍ ഭുരിപക്ഷവും ക്രിസ്തുവിനോടുള്ള സ്‌നേഹം വ്യക്തമാക്കുന്നവയൊന്നുമല്ല. വെറുമൊരു ആഘോഷം.  ഒരു ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാനിടയായത് ഓര്‍ക്കുന്നു. പാരലല്‍ കോളജ് വിദ്യാര്‍ത്ഥികളുടേതായിരുന്നു ആഘോഷം. ദിവസങ്ങള്‍ക്ക് മുമ്പേ അവര്‍ പുല്‍ക്കൂടിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അന്നേദിവസമായപ്പോഴേയ്ക്കും പുല്‍ക്കൂട് തീരുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് അവിടെ ഉണ്ണി പിറന്നു. രാജാക്കന്മാരും ആട്ടിടയരും എത്തി. വൈകുന്നേരം നോക്കിയപ്പോള്‍ പുല്‍ക്കൂടില്ല..ഉണ്ണീശോയും യൗസേപ്പിതാവും മാതാവുമില്ല. ആഘോഷങ്ങള്‍ അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങിയ കൗമാരക്കൂട്ടം പുല്‍ക്കൂടും തകര്‍ത്തുകഴിഞ്ഞിരുന്നു.

ക്രിസ്മസ് രാത്രിയില്‍ മാത്രം ഉണ്ണീശോയെ പുല്‍ക്കൂട്ടില്‍ പ്രതിഷ്ഠിച്ചിരുന്ന പഴയകാലമാണ് ഓര്‍മ്മയിലേക്ക് വന്നത്. രാക്കുളി പെരുന്നാള്‍ കഴിഞ്ഞിട്ടേ അന്ന് പുല്‍ക്കൂട് പൊളിച്ചിരുന്നുമുള്ളൂ. ഇന്ന്  ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആഘോഷിക്കാവുന്ന രീതിയിലേക്ക് ക്രിസ്മസ്  മാറിയിരിക്കുന്നു. ഓഫീസിലെ തിരക്കുകള്‍ക്കനുസരിച്ച്..വിദ്യാലയങ്ങളിലെ അവധി അനുസരിച്ച്…
എല്ലാവരും ആഘോഷിക്കുന്നതുപോലെ ക്രിസ്മസ് ആഘോഷിക്കുന്നതില്‍ എന്താണ് വ്യത്യസ്തതയുളളത്? മാറി ചിന്തിക്കേണ്ടവരുടെ കാലമാണിത്..മാറി ചിന്തിക്കുന്ന സമയത്തെ അടയാളപ്പെടുത്തേണ്ട കാലമാണിത്.ക്രിസ്മസിനെ ഇനിയെങ്കിലും

കെട്ടുകാഴ്ചകളിലും ആഘോഷങ്ങളിലും മാത്രമായി നാം പരിമിതപ്പെടുത്തരുത്.. ക്രിസ്മസിനെ നമുക്ക് മോചിപ്പിക്കേണ്ടിയിരിക്കുന്നു.. തിളക്കം കുറവായിരുന്നുവെങ്കിലും ദാരിദ്ര്യം നിറഞ്ഞതായിരുന്നുവെങ്കിലും ഞാന്‍  ആ പഴയ ക്രിസ്മസ് കാലത്തെ ഓര്‍മ്മിക്കുന്നു…ഇനിയും തിരിച്ചുനടക്കാന്‍ കൊതിക്കുന്ന പഴയ ക്രിസ്മസ് കാലം. ക്രിസ്മസ്് എന്താണോ അര്‍ത്ഥമാക്കുന്നത് ആ അര്‍ത്ഥത്തിലേക്ക് അതിനെ തിരികെ കൊണ്ടുവരാന്‍ നമുക്ക് ഒരു കൂട്ടായ ശ്രമം ആവശ്യമല്ലേ?. അതിനെന്താണ് ചെയ്യാന്‍ കഴിയുക?

വിനായക് നിര്‍മ്മല്‍