ചര്‍ച്ച് ബില്ലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കില്‍ കരട് ബില്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറാവണം

0

കോട്ടയം: ചര്‍ച്ച് ബില്ലിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്ന് തൃശൂരില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന മുഖവിലയ്‌ക്കെടുക്കണമെങ്കില്‍ സര്‍ക്കാര്‍ നിയമിച്ച നിയമ പരിഷ്‌കരണ കമ്മീഷന്‍ ഇതിനോടകം പ്രസിദ്ധീകരിച്ച കരട് ചര്‍ച്ച് ബില്‍ പിന്‍വലിക്കാനും തുടര്‍ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കുവാനും മുഖ്യമന്ത്രി ഇടപെടല്‍ നടത്തണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ചര്‍ച്ച് ബില്ലിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പുച്ഛിച്ച് നിയമപരിഷ്‌കരണ കമ്മീഷന്‍ മുന്നോട്ടു നീങ്ങുന്നതും ഏഴ്, എട്ട് തീയതികളില്‍ ഇതിനായി സിറ്റിംഗ് നടത്തുന്നതും ശരിയായ നടപടിയല്ല. നിയമ പരിഷ്‌കരണ കമ്മീഷനെ നിയമിച്ചത് സംസ്ഥാന സര്‍ക്കാരാണ്.

കരട് ബില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് സര്‍ക്കാരിന്റെ വെബ്‌സൈറ്റിലുമാണ്. എന്നിട്ടിപ്പോള്‍ ചര്‍ച്ച് ബില്ലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന ഭരണ നേതൃത്വങ്ങളുടെ വെളിപ്പെടുത്തല്‍ ഏറെ വിചിത്രമായി മാത്രമേ കാണാനാകൂ. മുഖ്യമന്ത്രിയെയും നിയമ നിര്‍മാണ സഭയെപ്പോലും മൂലയ്ക്കിരുത്തി നിയമപരിഷ്‌കരണ കമ്മീഷന്‍ സൂപ്പര്‍മുഖ്യമന്ത്രി ചമയുന്നത് അംഗീകരിക്കാനാവില്ല. 

സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ കമ്മീഷനംഗങ്ങളുടെ നിയമന വ്യവസ്ഥയില്‍ ഭേദഗതി വരുത്തി ബില്ല് നിയമസഭയില്‍ പാസാക്കി ക്രൈസ്തവപ്രതിനിധികളെ കമ്മീഷനില്‍ നിന്ന് പുറന്തള്ളുവാന്‍ സാഹചര്യം ഒരുക്കിയത് ഈ സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാരിന്റെ പതിനഞ്ചിന ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പിലാക്കാനുള്ള സമിതിയില്‍ നിന്ന് ക്രൈസ്തവരെ മാറ്റി നിര്‍ത്തിയിരിക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ല.

ക്രൈസ്തവ ഭൂരിപക്ഷമുള്ള ജില്ലകളില്‍ നിന്നുപോലും പ്രതിനിധികളെ ഉള്‍ക്കൊള്ളിക്കാതെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രൈസ്തവ ആക്ഷേപം തുടരുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. ഇങ്ങനെ നിരന്തരം നീതിനിഷേധം നടത്തുമ്പോള്‍ സംയമനം പാലിക്കുന്നത് നിഷ്‌ക്രിയത്വമായി കണ്ട് നിയമങ്ങള്‍ നിര്‍മിച്ച് എന്തും അടിച്ചേല്‍പ്പിക്കാമെന്ന മനോഭാവം ഇനിയും അനുവദിച്ചുകൊടുക്കാനാവില്ല. അതിനുള്ള പ്രതികരണമാണ് ചര്‍ച്ച് ബില്ലിന്മേല്‍ ഇപ്പോള്‍ രൂപപ്പെട്ടുവന്നിരിക്കുന്ന പ്രതിഷേധങ്ങള്‍. 

മാര്‍ച്ച് 10നു മുമ്പായി സര്‍ക്കാര്‍ കരട് ചര്‍ച്ച് ബില്‍ പിന്‍വലിച്ച് നിലപാടു പ്രഖ്യാപിക്കുന്നില്ലെങ്കില്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തോടുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേ ശക്തമായ നീക്കങ്ങളുണ്ടാകും. ഈ നില തുടര്‍ന്നാല്‍ നിയമ പരിഷ്‌കരണ കമ്മീഷനെ നിയമിച്ചവര്‍ വരും ദിവസങ്ങളില്‍ പശ്ചാത്താപിക്കേണ്ടിവരുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.