കൈയടികൾ മാത്രം മതിയോ?

0


മൂന്നു വയസുള്ള എൽസാമോൾ വീട്ടിലേവർക്കും പ്രിയപ്പെട്ടവളാണ്. കളിച്ചും ചിരിച്ചും കൊഞ്ചിപ്പറഞ്ഞും പാട്ടുപടിയും
നടക്കുന്ന അവളെ ആരും ഇഷ്ടപ്പെടും. അവൾ ഉമ്മ കൊടുക്കും. സ്തുതി കൊടുക്കും. അപ്പൂപ്പന് മരുന്ന് എടുത്തുകൊടുക്കും. അമ്മയെ സഹായിക്കും.

ഇടയ്ക്ക് എൽസാമോൾ വാശിപടിക്കും. കരയും, പിണങ്ങും.വഴക്കു പറയുന്നവരെ അടിക്കാൻ ചെല്ലും. അതൊക്കെ കാണുമ്പോൾ മറ്റുള്ളവർ അരുതെന്നു പറയും.

വളരുന്ന കുട്ടികളല്ലേ നിങ്ങളും? എത്രയെത്ര പേരാണ് നിങ്ങളുടെ സംസാരവും പെരുമാറ്റവും കണ്ട് സന്തോഷിക്കുന്നത്? ചിലപ്പോഴൊക്കെ നിങ്ങൾ കാരണം അവർക്കു സങ്കടമോ ദേഷ്യമോ തോന്നാൻ ഇടയുണ്ടോ? അപ്പോൾ അവർ ശകാരിക്കുകയോ തിരുത്തുകയോ ചെയ്യാറില്ലേ? അത്തരം അവസരങ്ങളിൽ എന്തായിരിക്കും നിങ്ങൾക്കു തോന്നുന്നത്?

അവർക്കൊന്നും നിങ്ങളോട് ഇഷ്ടമില്ലെന്നോ? അവരൊക്കെ നിങ്ങളുടെ ശത്രുക്കളാണെന്നോ? അവരൊക്കെ ചീത്തയാണെന്നോ?ഒരിക്കലുമല്ല, വളർത്താൻ അവകാശമുള്ളവർക്ക് തിരുത്താൻ അവകാശമുണ്ട്.

നിങ്ങളുടെ കളിചിരികൾ കണ്ട് ആഹ്ലാദിക്കുന്നവർ നിങ്ങളുടെ ശാഠ്യം കാണുമ്പോൾ അതു വേണ്ടെന്ന് പറയില്ലേ?അരുതാത്തതു വല്ലതും ചെയ്താൽ തിരുത്തുകയില്ലേ? കൈയടികൾ മാത്രമല്ല, തിരുത്തലും കൂടി കിട്ടിയാലല്ലേ നന്നായി വളരാൻ കഴിയൂ?

ഷാജി മാലിപ്പാറ