മണ്‍പാത്രങ്ങള്‍ ഉണ്ടാകുന്നത്…

0

എന്നാലും, കര്‍ത്താവേ, അങ്ങ്‌ ഞങ്ങളുടെ പിതാവാണ്‌; ഞങ്ങള്‍ കളിമണ്ണും അങ്ങ്‌ കുശവനുമാണ്‌.

ഞങ്ങള്‍ അങ്ങയുടെ കരവേലയാണ്‌. 
(ഏശയ്യാ 64 : 8-9)
ഒരു പാലക്കാട് യാത്രയിലാണ്  മൺപാത്രങ്ങൾ നിർമിക്കുന്നത് ജീവിതത്തിൽ ആദ്യമായി കണ്ടത്. എവിടെയോ കിടന്ന പച്ചമണ്ണ് അന്നം തരുന്നൊരു പാത്രമായി രൂപാന്തരപ്പെടുന്ന കാഴ്ച്ച.
അത് മനസ്സിൽ മായാതെ കിടന്നു… കുറച്ചുനാൾ കഴിഞ്ഞ് തിരുപ്പട്ടത്തിന്റെ ക്ഷണക്കത്തിൽ മേൽപറഞ്ഞ വചനം വയ്ക്കാൻ കാരണവുമായി ഈ അനുഭവം. ഇന്ന് തിരുപ്പട്ടമേറ്റിട്ട്‌ എട്ടുവർഷങ്ങൾ തികയുന്നൂ.. !
*കുശവനും മണ്പാത്രവും*..
സുഹൃത്തേ, ഇന്നോളമുള്ള നമ്മുടെ ജീവിതങ്ങളെ ഇതിലും ഭംഗിയായി ഏതു വാക്കുകൾ കൊണ്ട് വരച്ചെടുക്കാനാണ് !
ചെളിയിൽ നിന്നും കുശവന്റെ സ്വപ്നത്തിലേയ്ക്കുള്ള യാത്ര ആയിരുന്നു എന്റെ ജീവിതം. ഏതുനേരവും ഇനി ഉടഞ്ഞുപോകാമെന്നുള്ള പൗലോസിന്റെ ഓർമപ്പെടുത്തലും..
എന്നാല്‍, പരമമായ ശക്‌തി ദൈവത്തിന്‍േറതാണ്‌, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന്‌ ഈ നിധി മണ്‍പാത്രങ്ങളിലാണ്‌ ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ളത്‌.
(2 കോറിന്തോസ്‌ 4 : 7)
ഒന്നും ഇല്ലാഞ്ഞിട്ടും ആരും അല്ലാഞ്ഞിട്ടും തമ്പുരാനെ, ഞങ്ങൾ ആരൊക്കെയോ ആണെന്ന് ഭാവിച്ചുപോവുകയാണ്…
ഓടക്കുഴലിൽ വിസ്മയം തീർക്കുന്ന രാജേഷ് ചേർത്തലയുടെ അനേകം യൂട്യൂബ് വിഡിയോകൾ ഉണ്ട്. അവയിലൊന്നാണ് “ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ..” എന്ന ഗാനം. അതങ്ങു ringtone ആക്കി. ആരെയും കേൾപ്പിക്കാനല്ല കേട്ടോ, എനിക്ക് എന്നെ ഓർമപ്പെടുത്താൻ ..
ഒരു ഉടഞ്ഞുവീഴൽ ഏതുനേരത്തെയും എന്റെ  സാധ്യതയാണെന്നും ആ കുശവന്റെ സ്വപ്നങ്ങളെ തകർത്തുകളയരുതെന്നും ഇടയ്ക്ക് എന്നെ ഓർമപ്പെടുത്താൻ മാത്രം.. !
 ഇന്നൊരു നല്ല ദിവസമാകട്ടെ, ഇതൊരു നല്ല വർഷത്തിന്റെ തുടക്കവും !
പ്രാർത്ഥനയോടെ, പുതുവര്‍ഷ മംഗളങ്ങളോടെ
ഫാ. അജോ രാമച്ചനാട്ട്