ഒന്നു കണ്ണടച്ചേക്കൂ…

0

ചില കാര്യങ്ങൾ കാണുമ്പോൾ പലരും പറയാറുണ്ട്, ഒന്നു കണ്ണടച്ചു വിട്ടേക്കാൻ. പലപ്പോഴും അത് കേൾക്കുമ്പോൾ ധാർമികരോഷം ഉണരാറുണ്ട്, കണ്ണടച്ചിട്ട് കാര്യമില്ല, പ്രതികരിക്കണം എന്നായിരിക്കും നമ്മുടെ ചിന്ത. പല രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഒരു പ്രയോഗമാണ് ഇത്. കണ്ണടയ്ക്കുക. ചില കാര്യങ്ങളെ അവഗണിക്കുന്പോഴും വിട്ടുകളയുന്പോഴും വേണ്ടെന്ന് വയ്ക്കുന്പോഴും എല്ലാം ഇങ്ങനെയൊരു പ്രയോഗത്തിന് സാംഗത്യമുണ്ട്. മറ്റൊരു തലം ആത്മീയതലമാണ്.

എന്തിനുവേണ്ടിയാണ് കണ്ണടയ്ക്കുന്നത്, എന്നതിനാണ് അവിടെ പ്രസക്തി. സാധാരണഗതിയിൽ നാം കണ്ണടയ്ക്കുന്നത് പ്രാർത്ഥിക്കുമ്പോഴാണ്. ചുറ്റുപാടുകളിൽ നിന്നും കണ്ണെടുത്ത് ദൈവത്തിലേക്ക് നോക്കാനും ദൈവസാന്നിധ്യം അനുഭവിക്കാനുമുള്ള സമയമാണ് കണ്ണടയ്ക്കുന്ന സമയം. ഈ സാഹചര്യത്തില്‍ നമ്മെ വേദനിപ്പിച്ചതോ മുറിപ്പെടുത്തിയതോ ആയ വ്യക്തിയുടെ കുറവുകള്‍ക്കും വൈകല്യങ്ങള്‍ക്കും നേരെ കണ്ണടയ്ക്കാന്‍ നമുക്ക് കഴിയുകയാണെങ്കില്‍ നാം കുറെക്കൂടി നല്ല ആത്മീയ മനുഷ്യരായി മാറുകയാണ് ചെയ്യുന്നത്.

ആ വ്യക്തിക്കുവേണ്ടി, സാഹചര്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക. അങ്ങനെ ചെയ്യുമ്പോൾ ഒരുപക്ഷേ, ആ വ്യക്തിയോട് സംസാരിക്കുകയോ, കുറ്റം വിധിക്കുകയോ, തിരുത്തൽ  നൽകേണ്ടി വരികയോ ഇല്ല. അഥവാ അങ്ങനെ ചെയ്യേണ്ടി വരികയാണെങ്കിൽ തന്നെ സ്നേഹത്തോടും, കരുതലോടും കൂടി ചെയ്യാൻ സാധിക്കും.

അതുകൊണ്ട് ഇന്നുമുതൽ കണ്ണടയ്ക്കലിന് നമുക്ക് പുതിയൊരു മാനം നല്കാം. നമ്മെ വേദനിപ്പിച്ചവരുടെ കുറവുകള്‍ക്ക് നേരെ കണ്ണടയ്ക്കുക. നമ്മുക്ക് മനസ്സിന് സ്വസ്ഥത കൈവരും. നമ്മെ വേദനിപ്പിച്ചവര്‍ക്കു വേണ്ടി കണ്ണടച്ച് പ്രാര്‍ത്ഥിക്കാം. നമുക്ക് ആത്മീയമായി വളരാന്‍ സാധിക്കും.

അതെ, കണ്ണടയ്ക്കുക ദൈവത്തിന് മുന്പില്‍.. എല്ലാ വേദനകളും അവിടെ സമര്‍പ്പിച്ച് നമുക്ക് പ്രാര്‍ത്ഥനാനിരതരാകാം.പുതിയൊരു തുടക്കം നമുക്കിവിടെ കുറിക്കാം, എന്നെ വേദനിപ്പിക്കുന്ന ചില വ്യക്തികളുടെ നേരെ, , ചില സാഹചര്യങ്ങളുടെ നേരെ  കണ്ണടച്ചു തുടങ്ങുക.

സോണി ജോണ്‍