കുഞ്ഞായിരിക്കുന്ന സമയം അമ്മയ്ക്കൊപ്പം ആദ്യമായി ഒരു കത്തോലിക്കാ ദേവാലയം സന്ദര്‍ശിച്ചപ്പോള്‍ അതിന്റെ സൗന്ദര്യമാണ് വെന്ക്സുവാന് യുവാന്‍ എന്ന പെണ്‍കുഞ്ഞിനെ ആകര്‍ഷിച്ചത്. എങ്കിലും അന്ന് അവിടെ എഴുതിവച്ചിരുന്ന തിരുവചനത്തിലെ ചില വാക്യങ്ങള്‍ അവള് മനപ്പാഠമാക്കുകയും ചെയ്തിരുന്നു.
എന്നില്‍ വിശ്വസിക്കുന്നവന് മരിച്ചാലും ജീവിക്കും എന്നതായിരുന്നു ആ വചനം. എന്താണ് ആ വാക്യത്തിന്റെ അര്‍ത്ഥമെന്തെന്ന് അവള്‍ക്ക് മനസ്സിലായില്ലെങ്കിലും അത് വര്‍ഷങ്ങളോളം ഹൃദയത്തില്‍ പതിഞ്ഞുകിടന്നു.
പതിനാലാം വയസില്‍ അവളൊരു തീരുമാനമെടുത്തു.. കത്തോലിക്കാവിശ്വാസിയാകുക. അപ്പോള്‍ അതുവരെ ആത്മാവില്‍ അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യം അവളറിഞ്ഞു.
അതിനെക്കുറിച്ച് അവള് പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്. അതോടെ എനിക്ക് ജീവിതത്തില്‍ ഒന്നും ഒളിക്കാനില്ലാതെയായി.ദൈവം എന്റെ ജീവിതത്തിന്റെ പ്രകാശമായി.
ചൈനയാണ് യുവാന്റെ സ്വദേശം. ക്രിസ്തുമതവിശ്വാസത്തിന് മാത്രമല്ല ദൈവവിശ്വാസികള്ക്കാകെയും നിയന്ത്രണങ്ങളും അടിച്ചമര്ത്തലുകളുമുള്ള ചൈനയില്‍ ഇന്ന് ക്രൈസ്തവവിശ്വാസത്തിന്റെ ജിഹ്വയേന്തിയാണ് യുവാന്റെ ജീവിതം. കോളജ് കാലത്ത് എല്ലാ ദിവസവും ദേവാലയസന്ദര്ശനം നടത്തിയിരുന്ന അവളില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് നിരവധി യുവതീയുവാക്കളും വിശ്വാസത്തിലേക്ക് കടന്നുവന്നിട്ടുണ്ട്.
ഒക്ടോബറില്‍ റോമില്‍ നടന്ന യുവജനസിനഡില്‍ പങ്കെടുത്തപ്പോഴാണ് യുവാന്റെ വിശ്വാസസാക്ഷ്യവും ജീവിതവും ലോകം അറിഞ്ഞുതുടങ്ങിയത്.