ഒരു ഫാത്തിമായുടെ കഥ

0

ഉത്തര മലബാറിലെ ഒരു ചെറിയ പട്ടണത്തിലെ സർക്കാർ ഹയർസെക്കണ്ടറി സ്കൂളിൽ വെച്ചാണ് വര്‍ഷങ്ങള്‍ക്ക് മുന്പ് ഞാന്‍ ഫാത്തിമയെ പരിചയപ്പെടുന്നത്.
സ്കൂൾ കൗൺസിലിംഗിൽ പ്രായോഗിക പരിശീലനത്തിനായി എത്തിയ എന്റെ അടുത്തേക്ക് ഒൻപതാംക്ലാസുകാരിയായ ഫാത്തിമായെ എത്തിച്ചിട്ടു ക്ലാസ് ടീച്ചർ പറഞ്ഞു.

” ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമാകേണ്ട മിടുക്കിയാണ് സാർ ഇവൾ, ഈയിടെയായി അല്പം ഉഴപ്പുന്നുണ്ടോ എന്നൊരു സംശയം. സാറൊന്നു സംസാരിക്കണം”

ടീച്ചറുടെ അഭിപ്രായം അക്ഷരംപ്രതി ശരിയായിരുന്നു. നന്നായി കവിത ചൊല്ലുന്ന , പ്രസംഗിക്കുന്ന , പഠിക്കുന്ന മിടുക്കി,   പിതാവ് ഗൾഫിൽ .സ്നേഹസമ്പന്നനായ ഉമ്മയുടെ പരിലാളനയിൽ,   രണ്ടുമുതിർന്ന ഏട്ടന്മാരുടെ കുഞ്ഞനുജത്തിയായി  സാമാന്യംനല്ല സാമ്പത്തിക ചുറ്റുപാടിൽനിന്നാണ് അവൾ വരുന്നത്.പഠനത്തിലും മറ്റുപ്രവർത്തനങ്ങളിലുമൊക്കെ മികവ്പ്രവർത്തിക്കുന്ന അവളുടെ ആഗ്രഹം ഒരു സ്പെഷ്യൽ സ്കൂൾ അദ്ധ്യാപിക ആകണം എന്നതതായിരുന്നു.

ഏകദേശം ഒരു മണിക്കൂർ വിശദമായി സംസാരിച്ചതിന് ശേഷമാണ് ടീച്ചർ പങ്കു വെച്ച ആശങ്കയുടെ  കാരണം ഫാത്തിമയോട് ചോദിച്ചത് .  പ്ലസ്‌ടു ഹ്യൂമാനിറ്റീസിലെ പൾസർ ബൈക്കിൽ വരുന്ന ചേട്ടനിൽ നിന്നുംകിട്ടിയ പ്രണയ ലേഖനത്തിന്റെയും തുടരെ തുടരെ വന്നുകൊണ്ടിരിക്കുന്ന പ്രണയസുരഭിലമായ SMS കളെയും കുറിച്ച്പറയുമ്പോൾ അവൾ വല്ലാതെ പരിഭ്രമിക്കുന്നുണ്ടായിരുന്നു.  ഗൾഫിൽ ജോലിചയ്യുന്നപിതാവിന്റെ സ്നേഹസമ്മാനമാണ് ഫാത്തിമയുടെ കയ്യിലുള്ള ഫോൺ എന്ന് കൂടി ഓർമിപ്പിച്ചു കൊള്ളട്ടെ.

ഇടവിടാതെ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദേശങ്ങൾ പതിനാലുവയസ്സുകാരിയുടെ കൗമാരകാമനകളെ തീർച്ചയായും സ്വാധീനിക്കുകയും അവളുടെ പഠനത്തെ ബാധിക്കുകയും ചെയ്തു എന്നതാണ് വാസ്തവം.

പിന്നീട് നിരവധി അദ്ധ്യാപക / രക്ഷാകർതൃമീറ്റിങ്ങുകളിൽ ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ടു ഞാൻ .  ഈ പ്രതിസന്ധിയിൽ തരണം ചെയ്യാനുതകുന്ന നിർദ്ദേശങ്ങൾ  ആരാഞ്ഞപ്പോൾ  അവരില്‍ നിന്നും ലഭിച്ച മറുപടികള്‍ ഇപ്രകാരമായിരുന്നു.

എത്രയും വേഗം വിഷയം ക്ലാസ്സുടീച്ചറുടെയും പ്രധാന അദ്ധ്യാപകന്റെയും ശ്രദ്ധയിൽ കൊണ്ടുവരണം.

ഫാത്തിമ വീട്ടുകാരുമായി വിഷയം ചർച്ചചെയ്യണം .

എത്രയും വേഗം പോലീസിൽ അറിയിക്കണം എന്ന് വരെ അഭിപ്രായങ്ങൾ ഉണ്ടായി.
അതവിടെ നില്ക്കട്ടെ, ഇനി ഈ വിഷയത്തെ ഫാത്തിമ കൈകാര്യം ചെയ്‌ത രീതി പരിശോധിക്കാം. കൗൺസിലറുടെ നിർദ്ദേശപ്രകാരം അവൾ പൾസർചേട്ടനുമായി സംസാരിക്കുകയും അദ്ദേഹം ഉദ്ദേശിക്കുന്ന തരം ബന്ധം സ്ഥാപിക്കാൻ തനിക്കു താല്പര്യമില്ലെന്നും വ്യക്തമാക്കുകയാണ് ആദ്യം ചെയ്തത്. നല്ല സുഹൃത്തുക്കളാകാനുള്ള അവളുടെ  ക്ഷണം സ്വീകരിച്ച ആ ചെറുപ്പക്കാരൻ പിന്നീട് അവളുടെ ജീവിതത്തിൽ ഒരു പ്രശ്നവും സൃഷ്ടിച്ചതുമില്ല.

ഒരു  മാസത്തിനുശേഷം നടന്ന യൂണിറ്റ്ടെസ്റ്റിൽ അവൾ പഴയ ഫാത്തിമയായി മാറിക്കഴിഞ്ഞിരുന്നു.

ഇവിടെ മാതാപിതാക്കളും അധ്യാപകരുമൊക്കെ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ മോശമാണെന്നനോ പൂർണമായി തള്ളി കളയണമെന്നോ ,ഫാത്തിമയെ പോലെ കുട്ടികൾ വളരെ വേഗം യാഥാർഥ്യങ്ങൾ അംഗീകരിക്കുമെന്നോ  എനിക്കഭിപ്രായമില്ല. പക്ഷേ ഫാത്തിമ ചെയ്തതുപോലെ ലളിതമായ പരിഹാര മാർഗ്ഗങ്ങൾ അവലംബിക്കുകയാണ് ഏറ്റവും ഉചിതം. അതായത്

നാടൻഭാഷയിൽ പറഞ്ഞാൽ സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കരുത്.

സെമിച്ചൻ ജോസഫ്

(MSW, MPhil, PhD Research Scholar in School Counseling.)