കുരിശ് പാഠങ്ങൾ

0

ഒരുവനെ മുഴുവനായും സ്നാനപ്പെടുത്തുന്ന പുണ്യകാലമാണ് നോമ്പ് കാലം. ഈ നോമ്പ് കാലം ക്രിസ്തുവിനോടൊപ്പം നമുക്ക് ചിലവിടാം.. അവൻ നടന്നു നീങ്ങിയ വഴികളിലൂടെയും അവന്റെ സങ്കടങ്ങളിലൂടെയും നമുക്ക് കുരിശിന്റെ വഴിയിലൂടെ  കണ്ണോടിക്കാം.. കുരിശ് പാഠങ്ങൾ എന്ന  ഈ കുറിപ്പുകൾ നിന്നെ ക്രൂശിതനിലേക്ക്  കൂടുതൽ  അടുപ്പിക്കട്ടെ എന്ന് ഹൃദയപൂർവ്വം പ്രാർത്ഥനയോടെ…

ഒന്നാം സ്ഥലം

    അവിചാരിതമായവ  ജീവിതത്തിൽ അരങ്ങേറുമ്പോൾ തളരരുതെന്നാണ് ഒന്നാം സ്ഥലം നമ്മോട് പറഞ്ഞ് തരുന്നത്. ചെയ്യാത്ത കുറ്റത്തിനാണ് ക്രിസ്തു ആ പീലാത്തോസിന്റെ മുന്നിൽ മുൾമുടി ധരിച്ചു നിൽക്കുന്നത്. നാണക്കേടും അപമാനവും ചെയ്തതെറ്റുകൊണ്ടാണെങ്കിൽ ഏൽക്കാൻ പിന്നെയും പറ്റുമായിരിക്കും… ഇവിടെ അങ്ങനെയല്ല സംഭവിച്ചത്. ഒരു തെറ്റും ചെയ്യാത്തവനെയാണ് അവർ പിടിച്ചിഴച്ചു കൊടുംപാപിയെ പോലെ നിർത്തുന്നത്..

ഈ അവിചാരിതമായ സന്ദർഭത്തിലും തളരാതിരുന്നതാണ് ക്രിസ്തുവിന്റെ മഹത്വം. അന്യായമായി മറ്റുള്ളവർ വിധിച്ചപ്പോഴും അപവാദസ്വരങ്ങൾ കൊണ്ട് അവർ അവനെ കുത്തി മുറിവേല്പിച്ചപ്പോഴും അവൻ തകർന്നില്ല . മറുവാക്ക് പറഞ്ഞില്ല… ന്യായീകരണങ്ങൾ നിരത്തിയില്ല… അവിചാരിതമായതെന്തും എപ്പോൾ  വേണമെങ്കിലും നമ്മുടെ ജീവിതത്തിലും കടന്നു വരാം..

അപ്പോൾ ക്രിസ്തുവിനെ പോലെ നിൽക്കാൻ പറ്റുമോ എന്നാണ് ഈ നോമ്പ് കാലത്തു ഗൗരവപൂർവ്വം  ധ്യാനിക്കേണ്ടത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ക്രിസ്തുവിനൊപ്പം യാത്ര ചെയ്യുന്ന ഞാൻ ഒരിക്കലും, അവിചാരിതമായി എന്തൊക്കെ എന്നിൽ സംഭവിച്ചാലും തകരുകയോ വാടി പോവുകയോ ഇല്ല എന്ന് ഒന്നാം സ്ഥലത്തു നിന്ന് പ്രതിജ്ഞ എടുക്കാം.. അവിചാരിതമായി സംഭവിക്കുന്നതിനൊടുവിൽ നന്മയെ വരികയുള്ളൂ എന്നാണ് ക്രൂശിതൻ നമ്മെ പഠിപ്പിക്കുന്നത്.

തോൽപ്പിക്കാനുള്ള എല്ലാ ശ്രമവുമാണ് അവർ ആ പീലാത്തോസിന്റെ മുൻപിൽ വച്ചു നടത്തിയത്. എന്നിട്ടും സത്യത്തിൽ തോറ്റു പോയത് പിലാത്തോസും അവനെ വിധിച്ചവരുമായിരുന്നെന്നു ഒന്നാം സ്ഥലം ധ്യാനിക്കുമ്പോൾ നമുക്ക് മനസ്സിനെ പഠിപ്പിക്കാം.

ചില ദുരനുഭവങ്ങളും വേദനകളുമെല്ലാം നമ്മുക്ക് കൂടുതൽ കരുത്തും വിജയ സാധ്യതയും നൽകുന്നുണ്ട് എന്നാണ് ഉത്ഥാനം ഓർമിപ്പിക്കുന്നത്..  സർഫിന്റെ പരസ്യ വാചകം പോലെ ചില കറകൾ നല്ലതാണ്… ചില വിധികളും മുൾകീരിടവും നല്ലതാണെന്നു എഴുത്തുകാരനും  തിരക്കഥാകൃത്തുമായ ശ്യാം പുഷ്കർ പങ്കുവയ്ക്കുന്നുണ്ട്.. അദ്ദേഹത്തിന്റെ തിരക്കഥയിൽ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രമാണ്  ‘കുമ്പളങ്ങി നൈറ്റ്‌സ്’. ഈ ചിത്രത്തിന് എങ്ങനെ ഇത്രയും reach ഉണ്ടായി എന്ന് ചോദിക്കുന്നവരോട്  അയാൾ നൽകുന്ന മറുപടി തന്റെ പഴയ   ഒരു തിരക്കഥയായ റാണി പദ്മിനി എന്ന ചിത്രത്തിന്റെ പരാജയമാണ്.

ആ  ചിത്രം പരാജയപ്പെട്ടപ്പോൾ സങ്കടം ഉണ്ടായെങ്കിൽ അവിചാരിതമായ  ആ തോൽവി എന്നെ വീണ്ടും കഥ എഴുതാൻ പ്രേരിപ്പിച്ചു  എന്നാണ് പുള്ളിക്കാരൻ പറഞ്ഞ് ചിരിക്കുന്നത്. ഒന്നോർത്താൽ നമ്മളും ക്രിസ്തുവിനെ പോലെത്തന്നെ പക്ഷേ ഒരു ചെറിയ വ്യത്യാസം മാത്രം…. അവൻ അവിചാരിതമായ  വിധി പ്രസ്താവനകൾക്ക് മുന്നിൽ പിടിച്ചു നിന്നു….  നമ്മളാവട്ടെ നിസ്സാര തോൽവികൾക്കു  പോലും കരഞ്ഞു പിന്മാറുന്നു. ഇനിയെങ്കിലും വിധികളിൽ തളരാതിരിക്കാം.

ഫാ. സ്റ്റാഴ്സണ്‍ കള്ളിക്കാടന്‍