ദാനിയേലാവുക

0


പഴയനിയമത്തിലെ ദാനിയേലിന്റെ പുസ്തകം 13-ആം അദ്ധ്യായം ദൈവം എത്രമാത്രം അനീതിയെ വെറുക്കുന്നുണ്ട് എന്നതിന് ഒരു തെളിവാണ്.

നല്ലവളായ സൂസന്നയെ പാപം ചെയ്യാനായി യഹൂദ പ്രമാണികൾ പ്രേരിപ്പിച്ചു. എങ്കിലും അവൾ വഴങ്ങുന്നില്ല. ആഗ്രഹം പൂർത്തീകരിക്കാൻ സാധിക്കാത്ത പ്രമാണികൾ വ്യഭിചാരക്കുറ്റം സൂസന്നായിൽ ആരോപിക്കുന്നു. കൊലക്കുറ്റം ലഭിക്കുന്ന തെറ്റ് ചെയ്തുവെന്ന് പ്രമാണികൾ സമൂഹം മുൻപാകെ സാക്ഷ്യപ്പെടുത്തുന്നു,അവളെ മരണത്തിനു വിധിക്കുന്നു. സൂസന്നയുടെ നിസ്സഹായതയിൽ, നിലവിളിയിൽ ദൈവം ഇടപെടുന്നു. ‘അവള്‍ കൊലക്കളത്തിലേക്കു നയിക്കപ്പെട്ടപ്പോള്‍ ദാനിയേലെന്നു പേരുള്ള ഒരു ബാലന്‍െറ പരിശുദ്‌ധമായ ആത്‌മാവിനെ കര്‍ത്താവ്‌ ഉണര്‍ത്തി’ (ദാനി 13 : 45).

ദാനിയേൽ സൂസന്നയെ മരണത്തിൽ നിന്ന് രക്ഷിക്കുന്നു.
 തിന്മ എത്ര ഭീകരമായാണ് തന്റെ ആജ്ഞാനുവർത്തികൾ ആകാത്തവരെ നശിപ്പിക്കുന്നത്? തിന്മയുടെ പക്ഷം ചേരുകയാണ് ഇന്ന് ഏറ്റവും എളുപ്പവും ലാഭവും. ഒഴുക്കിനെതിരെ നീന്തുക, അനീതിയെ ചോദ്യംചെയ്യുക, സത്യത്തിനുവേണ്ടി നിലകൊള്ളുക – ഇതൊക്കെ ആർക്കും വേണ്ടാത്ത ഒന്നായിമാറി. ആരെങ്കിലും അതിന് പരിശ്രമിച്ചാൽ ബാക്കി എല്ലാവരും കൂടി അവനെ/അവളെ അതിൽനിന്ന് പിന്തിരിപ്പിക്കുകയാണ് പതിവ്. നമ്മുടെ കൺമുമ്പിൽ എത്രയോ പേരുടെ നീതിയാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്? അപ്പോഴൊക്കെ നമ്മുടെ പ്രതികരണം എന്തായിരുന്നു?
 

നിശബ്ദതയാണ് നമുക്കിഷ്ടം. ആമയെപ്പോലെ ഉൾവലിയാനും ഒച്ചിനെപ്പോലെ ഉള്ളിലേക്ക് മടങ്ങാനും നാം മനോഹരമായി പഠിച്ചിരിക്കുന്നു. ദാനിയേലിനെപ്പോലെ ആത്മാവ് ആവേശിക്കുന്ന ‘ബാലന്മാർക്ക്’ നമ്മുടെ സമൂഹത്തിൽ വംശനാശം വന്നു പോയിരിക്കുന്നു.

ഇന്ന് നമ്മുടെ സമൂഹത്തിൽ വലിച്ചിഴക്കപ്പെടുന്ന ഒന്നല്ല ഒരായിരം സൂസന്നമാരുണ്ട്. അവരുടെ പ്രാർത്ഥന ദൈവസന്നിധിയിൽ എത്തുന്നുമുണ്ട്. പക്ഷേ, കർത്താവിന് ‘ആത്മാവിനെ ഉണർത്താൻ പറ്റിയ ബാലന്മാർ’ ഇല്ലാതായിരിക്കുന്നു. എത്രയോ നാൾ മുൻപേ അവരുടെ ആത്മാക്കൾ മരവിച്ചുപോയി?  അവരുടെ കാതുകൾ അടഞ്ഞുപോയി? കാതുകൾ മന്ദീഭവിച്ചു? 


നിന്റെ മൗനം എത്ര സൂസന്നമാരെ ഇതുവരെ സൃഷ്ടിച്ചു? ഓരോരുത്തരും ഈ രാത്രിയില്‍ ആത്മശോധന നടത്തട്ടെ എന്ന് ആശംസിച്ചുകൊണ്ട്
ശുഭരാത്രി

Fr. Sijo Kannampuzha OM