അപ്പാടെ തകര്‍ത്തുകളയരുതേ…

0
നിങ്ങളുടെ നേതാക്കന്‍മാരെ അനുസരിക്കുകയും അവര്‍ക്കു വിധേയരായിരിക്കുകയും ചെയ്യുവിന്‍. കണക്കേല്‍പിക്കാന്‍ കടപ്പെട്ട മനുഷ്യരെപ്പോലെ അവര്‍ നിങ്ങളുടെ ആത്‌മാക്കളുടെ മേല്‍നോട്ടം വഹിക്കുന്നു. അങ്ങനെ അവര്‍ സന്തോഷപൂര്‍വം, സങ്കടം കൂടാതെ, ആ കൃത്യം ചെയ്യുന്നതിന്‌ ഇടയാകട്ടെ. അല്ലെങ്കില്‍ അതു നിങ്ങള്‍ക്കു പ്രയോജനരഹിതമായിരിക്കും.
(ഹെബ്രായര്‍ 13 : 17)
ഒരു പ്രദേശം മുഴുവൻ വിവിധങ്ങളായ സാമൂഹ്യസേവനപ്രവർത്തനങ്ങളുമായി വളരെ തീക്ഷ്ണതയോടെ ഓടിനടന്ന ഒരു കൂട്ടം സന്യാസിനിമാരെ ഈയിടെ കണ്ടപ്പോൾ അവരുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെപ്പറ്റി ചോദിച്ചു. കേട്ട മറുപടി എന്നെ അമ്പരപ്പെടുത്തി. വർഷങ്ങളായി ചെയ്തിരുന്ന എല്ലാ പ്രവർത്തനങ്ങളും നിർത്തി അവർ അവിടെനിന്ന് പിൻവാങ്ങാൻ ഒരുങ്ങുകയാണത്രേ. കാരണം മറ്റൊന്നുമല്ല, അർഹമല്ലാത്ത അനേകം നന്മകൾ സ്വന്തമാക്കിയിട്ടും ആരുടെയൊക്കെയോ കുൽസിതപ്രവർത്തനങ്ങൾ കൊണ്ട് പൊതുസമൂഹം മുഴുവൻ എതിരായ സാഹചര്യമാണവിടെ. കുറേനാൾ പിടിച്ചുനിൽക്കാൻ നോക്കി. ഒടുവിൽ ചെയ്തുകൂട്ടിയ ഒന്നിന്റെയും കണക്ക് പറയാതെ ആ നാട്ടിൽ നിന്ന് തന്നെ പിൻവാങ്ങുകയാണ് അവർ.
ഞാനത് ഭയപ്പെടുന്നുണ്ട്, എന്താണെന്നോ? നയിക്കുന്നവരെയും നന്മചെയ്യുന്നവരെയും ആക്രമിച്ച് (നാവുകൊണ്ടും, പേനകൊണ്ടും, മാധ്യമങ്ങൾ വഴിയും) അവരെ ഇല്ലാതാക്കികളയുക എന്ന പുതിയ കാലത്തിന്റെ നിലപാടുകളെ ! ചെറിയ വിമർശനങ്ങളൊക്കെ നല്ലതാണ്, തീർച്ചയായും. പക്ഷെ, ഒരാളെ അപ്പാടെ ഇല്ലാതാക്കി കളഞ്ഞിട്ട് നമ്മൾ എന്തുനേടാനാണ്?
രസകരമായ വിരോധാഭാസം ഇതാണ്; സമൂഹത്തെ കെട്ടിപ്പടുക്കേണ്ടവരും മുൻപിൽ നിന്ന് നയിക്കേണ്ടവരും ഒരു ഭീതിയിലാണ് – ഇന്നല്ലെങ്കിൽ നാളെ കൂടെയുള്ള ആരെങ്കിലുമോ, അല്ലെങ്കിൽ ആർക്കുവേണ്ടി ജീവിക്കുന്നുവോ ആ സമൂഹമോ തകർത്തുകളഞ്ഞേക്കാം എന്ന ഭീതി. മറുവശത്താകട്ടെ, ആർക്കും ഒരു നന്മയും ചെയ്യാനുള്ള ആർജ്ജവത്വമില്ലെങ്കിലും വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞുതുള്ളി ഭൂമിയിലെ അവസാനത്തെ നന്മയും തല്ലി കെടുത്തുന്നവർ..
നിങ്ങൾ ചിരിച്ചുതള്ളിയാലും, മുന്നേ പോകുന്നവരോടുള്ള വിധേയത്വം ഒരു പുണ്യമായി കാണാൻ ആണെനിക്കിഷ്ടം. വീഴ്ചകളും, തിന്മകളും ഒക്കെ അനുഭവിച്ചിട്ടുണ്ട്, എങ്കിലും ഒരു അട്ടിമറിക്കും ഞാൻ ഇന്നേവരെ കോപ്പുകൂട്ടിയിട്ടില്ല, കൂട്ടുനിന്നിട്ടുമില്ല എന്നത് എനിക്ക് അഭിമാനം തന്നെയാണ്.
അനാവശ്യമായ എതിരിടലുകൾ സൃഷ്ടിക്കുന്നത് ഊഷരതകൾ തന്നെയാണ്. ആരെയും ഭയക്കാതെ ധീരതയോടെ തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കാൻ ഒരു ഡോക്ടറിനെയും, അധ്യാപകനെയും, സമൂഹ്യപ്രവർത്തകനെയും, വൈദികനെയും, പോലീസ് ഉദ്യോഗസ്ഥനെയും നേതൃസ്ഥാനത്ത് നിൽക്കുന്നവരെയും സമൂഹം അനുവദിക്കുന്ന ഒരു ദിവസം ഇനി ഉണ്ടാകുമോ?
നല്ല ദിവസം സ്നേഹപൂർവം..
ഫാ. അജോ രാമച്ചനാട്ട്