ഡയറി

0

ജീവിതം എഴുതുമ്പോള്‍

ഏഴാംക്ലാസുകാരിയാണ് ടീന. രണ്ടുവര്‍ഷമായി നിത്യേന ഡയറിയെഴുതുന്ന പെണ്‍കുട്ടിയാണവള്‍. നാലാം ക്ലാസില്‍വച്ചാണ് ആദ്യമായി ഡയറിയെഴുതാന്‍ പഠിച്ചത്. പരീക്ഷയ്ക്ക് ഡയറിയെഴുതാനുള്ള ചോദ്യത്തിനു അവള്‍ നന്നായി ഉത്തരമെഴുതി. അഞ്ചാംക്ലാസില്‍വച്ച് അയല്‍പക്കത്തെ കൂട്ടുകാരി പതിവായി ഡയറിയെഴുതുന്നത് അറിഞ്ഞതാണ് ടീനയ്ക്ക് പ്രചോദനമായത്.

എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് അന്നന്നത്തെ വിശേഷങ്ങള്‍ ഡയറിയില്‍ കുറിച്ചുവയ്ക്കും. പ്രധാനപ്പെട്ട സംഭവങ്ങള്‍, ചെയ്ത കാര്യങ്ങള്‍, പറ്റിയ അബദ്ധങ്ങള്‍, ആ ദിവസം നല്ലതോ ചീത്തയോ എന്ന കാര്യം…. ഒക്കെ ഡയറിക്കുറിപ്പില്‍ ഉണ്ടാകും.

ഡയറി എഴുതിക്കഴിഞ്ഞ് ദൈവത്തിന് നന്ദി പറയും. തെറ്റുകള്‍ക്ക്  മാപ്പു പറയും. നാളെയെ പ്രതീക്ഷിച്ച് സ്വസ്ഥമായി ഉറങ്ങും. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ ഡയറിയെഴുത്ത് ഉപകരിച്ചുവെന്നാണ് ടീനയുടെ പക്ഷം. പഴയ കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ സഹായിക്കും. പിന്നീട് വായിക്കുമ്പോള്‍ നല്ല രസം തോന്നും.

ഡയറി എഴുതല്‍ ഒരു കലയാണ്. സ്വന്തം ഹൃദയവിചാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള എളുപ്പവഴിയാണ്. ഒരാള്‍ ഡയറിയില്‍ എഴുതുന്നത് ജീവിതമാണ്. സ്വയം സത്യസന്ധത പുലര്‍ത്താനും ഇത് സഹായമേകും. നിങ്ങള്‍ എന്നെങ്കിലും ഡയറി എഴുതിയിട്ടുണ്ടോ? ഇപ്പോഴും എഴുതുന്നുണ്ടോ? ഇല്ലെങ്കില്‍ ഒരു ഡയറി സംഘടിപ്പിക്കുക. ഇന്നുമുതല്‍ ഡയറി എഴുതിത്തുടങ്ങാമോ? ചുരുക്കി എഴുതിയാല്‍ മതി. ദിവസേന അഞ്ചുമിനിട്ടുപോലും വേണ്ട. പക്ഷെ അതുകൊണ്ടുള്ള പ്രയോജനം വലുതായിരിക്കും.

കുറച്ചുനാള്‍ എഴുതിയാല്‍ പിന്നെയത് ശീലമായിക്കൊള്ളും. നല്ല ശീലങ്ങള്‍ ചെറുപ്പത്തിലേ വളര്‍ത്താം. 

ഷാജി മാലിപ്പാറ