ഇതുപോലെ തന്നെ നിങ്ങളും കല്പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിര്‍വഹിച്ചതേയുള്ളു എന്നു പറയുവിന്‍.
(ലൂക്കാ 17 : 10)
‘ലൗഡ്സ്പീക്കർ’ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘മൈക്ക്’ എന്ന് വിളിപ്പേരുള്ള കഥാപാത്രമുണ്ട്. (ഞങ്ങൾ ഇടുക്കിക്കാരെ വല്ലാതെ കൊച്ചാക്കിക്കളഞ്ഞ ഒരു സിനിമ കൂടിയാണത്, അത് പോട്ടെ.) പറഞ്ഞുവന്നത്, സിനിമയുടെ ക്ളൈമാക്സിൽ അയാൾ നമ്മെ വല്ലാതെ അദ്ഭുതപ്പെടുത്തുന്നുണ്ട്. സ്വന്തം കിഡ്നി തന്റെ ആരുമല്ലാത്ത ഒരു മനുഷ്യന് ദാനം ചെയ്തിട്ട് ആരും അറിയാതെ നാടുവിടുകയാണ് അയാൾ.
ഇതൊക്കെ സത്യമാണ് സുഹൃത്തേ. ചങ്ക് പറിച്ചുകൊടുത്തിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ കടന്നുപോയവർ ചരിത്രത്തിലുണ്ട്..
ഫാ. ഡാമിയനെ ഓർമ്മ വരുന്നു.. മദർ തെരേസയെ.. ദയാബായിയെ ..
ചിലപ്പോൾ ഞാൻ അറിയാതെ ഒരുപക്ഷേ, എനിക്ക് ചുറ്റും ഉണ്ടാകും ഇങ്ങനത്തെ മനുഷ്യർ..
ഞാൻ അറിഞ്ഞും അറിയാതെയും എനിക്കുവേണ്ടി ജീവൻ പകുത്തുതന്നവർ.. കണ്ണുനിറയുന്നുണ്ട്, ആരെയൊക്കെയോ ഓർത്ത് !
ദൈവമേ, നിന്നിൽ നിന്ന് ഞാൻ എത്ര അകലെയാണ്..
പ്രാർത്ഥനകൾ.
ഫാ. അജോ രാമച്ചനാട്ട്