ദൂരങ്ങള്‍

0

ജീവിതത്തെ പലപ്പോഴും യാത്രകളോട് ഉപമിക്കുന്നത് കണ്ടിട്ടുണ്ട് . അവിടെയെല്ലാം പ്രമേയമായി അവതരിപ്പിക്കപ്പെടുന്നത് ദൂരമാണ്. സുവിശേഷങ്ങളിൽ പരാമർശിക്കപ്പെടുന്ന രക്തസ്രാവക്കാരി സ്ത്രീക്കിടയിലുള്ള ദൂരമാണ് ഇവിടെ ചിന്താ വിഷയം.

എവിടെയും പേര് പറയാത്ത, സുഖവും, സന്തോഷവും, സമാധാനവും നഷ്ടപ്പെട്ടവൾ. വൈദ്യന്മാരുടെ വാതിലുകൾ മുട്ടി സമ്പന്നതയിൽ നിന്നും ദാരിദ്ര്യത്തിലേക്ക് പടിയിറക്കപ്പെട്ടവൾ…..അനേകം വിശേഷണങ്ങൾ ഉണ്ട് ഈ സ്ത്രീക്ക്‌. എല്ലാറ്റിനും ഒടുവിൽ ക്രിസ്തുവിന്റെ വസ്ത്ര വിളുമ്പിലെങ്കിലും ഒരു സ്പർശനം എന്ന ഒടുങ്ങാത്ത ആഗ്രഹം, അതും ക്രിസ്തു പോലും അറിയാതെ വേണം എന്ന പിടിവാശി.

എന്തൊക്കെയാണെങ്കിലും അവളുടെ പിടിവാശികൾ ഫലം കാണുന്നുണ്ട്. എന്റെ ജീവിതത്തെ നോക്കി പലതും പറയാതെ പറയുന്നുണ്ട് ഈ സ്ത്രീ. ഇവിടെയാണ് ദൂരം എന്ന ആശയത്തിന്റെ പ്രസക്തി .

ജനിച്ചത് ക്രിസ്ത്യാനിയായി _ ജീവിക്കുന്നത് ക്രിസ്‌ത്യാനി എന്ന പേരിൽ.ദൈവം അനുവദിച്ചാൽ മരിക്കുന്നതും ക്രിസ്ത്യനിയായി. ഇതിനിടയിൽ മനസ്സറിഞ്ഞു ആഗ്രഹിക്കാതെ പോകുന്നത് അവന്റെ വസ്ത്ര വിളുമ്പിലെങ്കിലും ഉള്ള ഒരു സ്പർശനം മാത്രം. ജീവിതത്തിൽ ക്രിസ്തുവിനെ അറിയാൻ സ്പർശിക്കാൻ ഒത്തിരി നഷ്ടപെടലുകളുടെ ദൂരം വേണം എന്ന ഒരു വാശിയാണോ എന്നെ നയിക്കുന്നത് എന്ന് അറിഞ്ഞു കൂടാ. അത് ചിലപ്പോൾ സുഖത്തിനും ദുഃഖത്തിനും ഇടയിലുള്ള ദൂരമാകാം. സന്തോഷത്തിനും സന്താപത്തിനും ഇടയിലുള്ളതോ, സമാധാനത്തിനും അശാന്തിക്കും ഇടയിലുള്ളതോ, അതും അല്ലെങ്കിൽ സമ്പത്തിനും- ദാരിദ്ര്യത്തിനും ഇടയിലുള്ളതുമാകാം.

അവസാനം ആരോഗ്യത്തിനും അനാരോഗ്യത്തിനും ഇടയിലുള്ളതോ ആയ ദൂരമാകാനും സാധ്യതയുണ്ട്. ഈ നിര ഇനിയും നീളുന്നുണ്ട്. ഈ ദൂരങ്ങൾക്കിടയിൽ മാത്രം ഓർക്കേണ്ട, അല്ലെങ്കിൽ കാണാൻ- വിശ്വസിക്കാൻ- അനുഭവിക്കാൻ-സ്വന്തമാക്കാൻ പരിശ്രമിക്കേണ്ട ഒരു വ്യക്തി ആണോ ക്രിസ്തു എന്നുള്ളത് ഒരു ചോദ്യ ചിഹ്നം കണക്കെ ബാക്കിയാകുന്നു.

പന്ത്രണ്ടു വർഷത്തെ രക്തസ്രാവവും, നഷ്ടങ്ങളുടെ ഒരു നീണ്ട നിരയും വേണ്ടി വന്നു ആ സ്ത്രീക്കു ക്രിസ്തുവിന്റെ വസ്ത്ര വിളുമ്പിലേക്കു ള്ള ദൂരം ഇല്ലാതാകാൻ. എന്റെ ക്രിസ്തുവിലേക്കുള്ള ദൂരം ഇല്ലാതാകാൻ ഇനിയെന്ത് എന്നത് മറ്റൊരു ചോദ്യം. ധ്യാന കേന്ദ്രങ്ങളുടെ പടി വാതിലുകൾ കയറി ഇറങ്ങി മടുത്തെങ്കിൽ, എല്ലാ ആത്മീയ ആചാര്യൻ മാരെയും കണ്ടു കഴിഞ്ഞെങ്കിൽ, എല്ലാ വൈദ്യന്മാരും കൈയൊഴിഞ്ഞെങ്കിൽ – ഇനി ബാക്കിയുള്ളത് ക്രിസ്തുവിലേക്കുള്ള ദൂരം ഇല്ലാതാകൽ മാത്രം.

നിന്റെ പ്രശ്ന പരിഹാരങ്ങൾ ഈ ദൂരകുറവിൽ സാധ്യമാണ്. മനസ്സറിഞ്ഞു വിശ്വാസത്തോടെ ആ വസ്ത്ര വിളുമ്പിൽ ഒരു സ്പർശനം മാത്രമാണ് അതിനുള്ള പരിഹാരം.                                                                                                                                                ഫ്രിജോ തറയിൽ