എൻ്റെ ജീവിതം സ്വീകാര്യമോ ?

0


വിധവയുടെ കാണിക്ക (മാർക്കോ 12:41-44) – ധ്യാനം 5 

എൻ്റെ ജീവിതം എത്ര മാത്രം കർത്താവിനു സ്വീകാര്യമാണ് ? ഈയൊരു ചോദ്യം ചോദിക്കാതെ ഈ വാഴ്വിൽ  കടന്നുപോകനാവില്ല. ജീവിതത്തിൽ എപ്പോഴെങ്കിലും, ഒരു പക്ഷേ ജീവിത സായാഹ്നത്തിലെങ്കിലും ഈ ചോദ്യം നമ്മൾ ചോദിച്ചിരിക്കും. എന്താണ് നമ്മുടെ ജീവിതം കർത്താവിൻ്റെ മുൻപിൽ സ്വീകാര്യമാക്കുക?

സുവിശേഷത്തിലെ വിധവയായ അമ്മ, കർത്താവിനു സ്വീകാര്യമായ ജീവിതം നയിക്കാൻ നമുക്കൊരു കുറുക്കുവഴി പറഞ്ഞു തരുന്നുണ്ട് – മുറിച്ചു നൽകുക. അതേ, നൽകുമ്പോൾ പറിച്ചു നൽകുക. നൽകുമ്പോൾ ചോര ഇറ്റുവീഴ്ത്തി നൽകുക.  അങ്ങനെ നൽകുന്നത് മാത്രമേ കൃപാദായകവും രക്ഷാകരവുമാകുന്നുള്ളൂ.

ഈശോയെ മാതാവ് ലോകത്തിനു നൽകിയത് വേദനിച്ചുകൊണ്ടാണ്. അതുകൊണ്ടാണല്ലോ ശിമയോൻ നിൻ്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറും എന്ന് പ്രവചിച്ചത്. അബ്രാഹം ഇസഹാക്കിനെ ബലിയർപ്പിക്കാൻ കൊണ്ടുപോയത് വേദനിച്ചുകൊണ്ടാണ്. ആബേൽ കർത്താവിനു സ്വീകാര്യമായ ബലി നൽകിയത് അവൻ്റെ ആടുകളിലെ കടിഞ്ഞൂൽ സന്താനങ്ങളെ ബലിയർപ്പിച്ചുകൊണ്ടാണ്. ശ്ലീഹന്മാരും ഇന്നുവരെ രക്തസാക്ഷികളായവരുമെല്ലാം സാക്ഷ്യം നൽകിയത് വേദനിച്ചുകൊണ്ടാണ്.

നിനക്ക് നൽകിയപ്പോൾ വേദനിച്ചെങ്കിൽ അതിനർത്ഥം നീ നൽകിയത് ഹൃദയത്തിൽ നിന്നാണ് എന്നാണ്. ഹൃദയത്തിൽ നിന്ന് പറിച്ചു നല്കുന്നവ കർത്താവിനു സ്വീകരിക്കാതിരിക്കാനാവില്ല. ഓരോ പുരോഹിതനും സന്ന്യാസിയും അവരുടെ മാതാപിതാക്കളുടെ പറിച്ചു നൽകലിൻ്റെ ഫലമാണ്. ഓരോ കുടുംബ ജീവിതവും ഒത്തിരി പറിച്ചു നൽകലിൻ്റെയും പറിച്ചു കൊടുക്കലിൻ്റെയും ആകെത്തുകയാണ്.

ഇന്നും നമ്മുടെ കുടുംബങ്ങൾ ഐശ്വര്യത്തിലും ദൈവാനുഗ്രഹത്തിലും കഴിയുന്നത് നമ്മുടെ മാതാപിതാക്കളുടെ മുറിച്ചു നൽകലിൻ്റെയും പറിച്ചു കൊടുക്കലിൻ്റെയും ഫലമായാണ്. എല്ലാവർക്കും നല്കിയതിനുശേഷം കഞ്ഞിവെള്ളം കുടിച്ചു വിശപ്പടക്കുന്ന, മീൻ കറിവച്ചാൽ കുടംപുളിമാത്രം കൂട്ടി ചോറുണ്ണുന്ന ഒരമ്മയെ ഓർമ്മ വരുന്നു.

ഈ ത്യാഗത്തിൻ്റെ, സ്വയം അപ്പമാകലിൻ്റെ കഥ നമ്മെക്കുറിച്ചു പറയാൻ നമ്മുടെ മക്കൾക്കാകുമോ ?
ശുഭരാത്രി 

🖋

Fr Sijo Kannampuzha OM