എനിക്ക് അമ്മ മാത്രമേ ഉള്ളൂ സാര്‍…

0

എനിക്ക് ‘അമ്മ മാത്രമേ ഉളളൂ സാർ .

അച്ഛനെകുറിച്ച് ചോദിച്ചപ്പോഴുള്ള സനുവിന്റെ മറുപടിയിൽ അല്പം അസ്വാഭാവികത തോന്നാതിരുന്നില്ല. പിന്നീടങ്ങോട്ടു സനുവിന്റെ വാക്കുകൾ കാറ്റും കോളും നിറഞ്ഞ തുലാമാസത്തെ മഴയെ ഓര്‍മിപ്പിക്കുന്നതായിരുന്നു. അവൻ അനുഭവിച്ച അരക്ഷിതാവസ്ഥയുടെ സകല നൊമ്പരങ്ങളും ആ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാവുന്നതായിരുന്നു.

നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമ്മയിൽ നിന്നുമാണ്  സനുവിന്റെ അച്ഛനെകുറിച്ച് പിന്നീട് ഞാൻ  കൂടുതൽ മനസ്സിലാക്കിയത്. മകന്റെ  ചോറൂട്ടിന് സ്വന്തക്കാരെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടാണ് സനുവിന്റെ അമ്മയും  അച്ഛമ്മയും തമ്മിലുണ്ടായ നീരസം ആരംഭിച്ചത്.

  സുന്ദരമായി മുന്നേറേണ്ടിയിരുന്ന ഒരു ദാമ്പത്യത്തെ ചെറിയ പിണക്കം കുടുംബകോടതി വ്യവഹാരത്തിലേക്കും തുടർന്ന് വിവാഹ മോചനത്തിലേക്കും കൊണ്ടുചെന്നെത്തിച്ച അനുഭവം പറഞ്ഞു തീർക്കുമ്പോൾ ഫോണിന്റെ അങ്ങേ തലക്കൽ ഒരു നെടുവീർപ്പ് ഉയർന്നു കേട്ടു. തന്നെ മനസ്സിലാക്കാത്ത , അമ്മയുടെ വാക്കുകേട്ട് ഉപേക്ഷിച്ചു പൊയ്‌കളഞ്ഞ ഭർത്താവിനെ കുറിച്ച് സനുവിന്റെ ‘അമ്മ അവനിൽ രൂപപ്പെടുത്തിയ സ്വാഭാവിക പ്രതികരണമാണ്” എനിക്ക് ‘അമ്മ മാത്രമേ ഉളളൂ സാർ ” എന്ന ആ കൗമാരക്കാരന്റെ വാക്കുകൾ.

 കേരളത്തിലെ ക്യാമ്പസുകളിൽ സനുമാരുടെ എണ്ണം വർധിച്ചു വരുകയാണ് എന്നതിൽ ആർക്കും സംശയമില്ലല്ലോ. കേവലമായ പ്രശ്നങ്ങളുടെ പേരിൽ വൈവാഹിക ജീവിതത്തിൽ നിന്നും മോചനം നേടുന്നവർ സ്വന്തം മക്കളോട് ചെയ്യുന്നതു അക്ഷരാർത്ഥത്തിൽ ക്രൂരത തന്നെയാണ്.

അച്ഛന്റേയും അമ്മയുടെയും സ്നേഹലാളനകൾ ഏറ്റുവാങ്ങേണ്ട ബാല്യ കൗമാരങ്ങൾ അവരുടെ ഈഗോയുടെയും ബന്ധുക്കളുടെ മൂപ്പിളമ തർക്കങ്ങളുടെയും പേരിൽ അനുഭവിക്കുന്ന ഏകാന്തതക്കും അരക്ഷിതാവസ്ഥക്കും തുടർന്നുള്ള അവരുടെ ജീവിതത്തിൽ വലിയ വില കൊടുക്കേണ്ടി വരും. 

സെമിച്ചന്‍ ജോസഫ്

Semichan Joseph
PhD. Research Scholar
Department of Social Work
Bharathidasan University
Tiruchirappalli – 620 024
INDIA
Mob: +91 9947438515