നീ സംശയിച്ചതെന്ത് ? (മത്താ 14:31)
വെള്ളത്തിനുമുകളിലൂടെ ഗുരു നടക്കുന്നതുകാണുന്ന പത്രോസിൻ്റെ മനസ്സിലും ഒരാഗ്രഹം മുളയെടുക്കുന്നു- എനിക്കും അവനെപ്പോലെ വെള്ളത്തിന് മുകളിലൂടെ നടക്കണം. വളരെ നിഷ്കളങ്കമായ പത്രോസിൻ്റെ ആഗ്രഹത്തിന് യേശു അനുവാദം കൊടുക്കുന്നു. അല്പസമയം വെള്ളത്തിനുമികളിലൂടെ കർത്താവിനെ നോക്കി നടന്നെങ്കിലും എപ്പോഴോ അലയടിച്ചെത്തുന്ന തിരമാല പത്രോസിൻ്റെ കണ്ണിൽപ്പെടുന്നു. ചകിതനായ പത്രോസ് വെള്ളത്തിൽ മുങ്ങിത്താഴുമ്പോൾ ഉറക്കെ കർത്താവിനെ നോക്കി നിലവിളിക്കുന്നു- ‘കർത്താവേ രക്ഷിക്കേണമേ’. കർത്താവ് അവനെ രക്ഷിക്കുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “അല്പവിശ്വാസീ നീ സംശയിച്ചതെന്ത് ?
പത്രോസ് എന്താണ് സംശയിച്ചത്? തൻ്റെ നീന്തി രക്ഷപ്പെടുവാനുള്ള കഴിവോ? അതോ ക്രിസ്തുവിനു തന്നെ രക്ഷിക്കാൻ ആകുമോയെന്ന സംശയമോ? അതോ, ഇതുരണ്ടുമോ ?
നാം നമ്മെ സംശയിക്കുമ്പോൾ, നമ്മൾ സംശയിക്കുന്നത് ദൈവത്തെത്തന്നെയാണ്. ദൈവത്തിനു എന്നിൽ പ്രവർത്തിച്ച് എനിക്ക് നന്മ നൽകാൻ കഴിയുമെന്ന സത്യം ഞാൻ സൗകര്യപൂർവ്വം മറക്കുന്നു. എൻ്റെ വഴികളിലെ ചില പ്രതിബന്ധങ്ങൾ, ഞാൻ ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കണം എന്ന് എന്നെ ഓർമ്മപെടുത്താനും അത് പഠിപ്പിക്കാനും വേണ്ടിയാണ്.
കുറെ വർഷങ്ങൾക്കപ്പുറം പത്രോസ് പറയുന്നു. “പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്. ക്രിസ്തുവിന്‍െറ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ളാദിക്കുവിന്‍! അവന്‍െറ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ളാദിക്കും (1പത്രോ 4 : 12 -13)
ക്രിസ്തുവിൻ്റെ കൂടെയുള്ള ജീവിതം പത്രോസിനെ അടിമുടി മാറ്റുകയാണ്. ചിന്തിക്കാതെ എടുത്തുചാടി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മുക്കുവൻ, മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല എന്ന് വീരവാദം മുഴക്കുന്നവൻ, കർത്താവ് തനിക്ക് പ്രത്യക്ഷപ്പെടുന്നതുവരെ പേടിച്ച് വാതിലടച്ച് ഒളിച്ചിരുന്നവൻ- ഇതെല്ലാമായിരുന്നു പത്രോസ്. പക്ഷേ ഒരിക്കൽ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ആത്മാവിനെ സ്വന്തമാക്കിയശേഷം പത്രോസ് പുതിയ സൃഷ്ടിയാവുകയാണ്. ശക്തിപ്രാപിക്കുകയാണ്.
ഒന്നിനും അവൻ്റെ മുൻപിൽ പ്രതിബന്ധം അല്ലാതാവുകയാണ്. ചങ്ങലക്കോ, പീഢനത്തിനോ, തടസ്സങ്ങൾക്കോ അവനെ പിന്തിരിക്കാനാകുന്നില്ല. ക്രിസ്തുവിനാൽ അയക്കപ്പെട്ട പത്രോസ് ഏറ്റവും ഭംഗിയായി അവൻ്റെ കർത്തവ്യം നിർവഹിക്കുകയാണ്. അന്നവൻ വെള്ളത്തിൽ മുങ്ങിയത് ദൈവത്തിലുള്ള അവൻ്റെ വിശ്വാസരാഹിത്യം കൊണ്ടാണ്. ജീവിതത്തിൻ്റെ അവസാന നാളുകളിൽ, തൻ്റെ മുൻപിലേക്ക് കർത്താവ് നൽകിയ പ്രതിബന്ധങ്ങളൊക്കെയും കർത്താവിലേക്ക് കൂടുതൽ ചേർന്നുനിൽക്കാൻ സഹായിക്കുന്നതായിരുന്നു എന്ന പറയത്തക്കവിധം പത്രോസ് രൂപാന്തരപ്പെട്ടു. ജീവിതാവസാനം വരെ അവൻ പുതിയൊരു സൃഷ്ടിയാവുകയാണ്.
നീയും ജീവിതമാകുന്ന ആഴിയിൽ ഒത്തിരിവട്ടം മുങ്ങി നിവർന്നവനാകാം. സാരമില്ല. കർത്താവ് ഒരുക്കിയ വഴിയാണത്. ഇനിയും നീ ചേർന്ന് നിൽക്കേണ്ടത് അവനോടാണെന്നു നിന്നെ പഠി പ്പിക്കാനായിരുന്നു അത്. നീ അനുഭവിച്ച ദുരിതങ്ങൾ വഴിയായി ‘നീ ക്രിസ്തുവിന്റെ പീഡകളോട് പങ്കുകാരായി’ എന്ന് അഭിമാനത്തോടെ പറയുവിന്‍.
ശുഭരാത്രി
Fr Sijo Kannampuzha OM