നീ എന്നെ സ്‌നേഹിക്കുന്നുവോ?

0

നീ എന്നെ സ്‌നേഹിക്കുന്നുവോ? (യോഹ 21:17)

കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച ഐറിഷ് ഡൊമിനിക്കൻ ചിന്തകനായിരുന്നു Fr Herbert McCabe. അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്: ”നിങ്ങൾ സ്നേഹിച്ചാൽ നിങ്ങൾ കൊല്ലപ്പെടും, നിങ്ങൾ സ്നേഹിക്കാതിരുന്നാൽ നിങ്ങൾ മരിച്ചുകഴിഞ്ഞു”. മനുഷ്യൻ്റെ മുൻപിൽ രണ്ടു സാധ്യതകൾ മാത്രമേ ഉള്ളൂ. ഒന്നുകിൽ സ്നേഹിക്കുക, അല്ലെങ്കിൽ സ്നേഹിക്കാതിരിക്കുക. സ്നേഹിച്ചാൽ നിനക്ക് മുറിവേൽക്കും. സ്നേഹിക്കാതിരുന്നാൽ ജീവിച്ചിരുന്നിട്ട് കാര്യവുമില്ല.

ഒരിക്കൽ കുറച്ചു ചെറുപ്പക്കാർ ജോൺ പോൾ രണ്ടാമനെ കാണാനായി വത്തിക്കാനിലെത്തി. അദ്ദേഹം അപ്പോൾ കുമ്പസാരിക്കുകയായിരുന്നു. കുറെ നേരത്തിനുശേഷമാണ് അദ്ദേഹം പുറത്തുവന്നത്. ചെറുപ്പക്കാർ അവരുടെ ജിജ്ഞാസ മറച്ചുവയ്ക്കാതെ ചോദിച്ചു: “റോമിലെ പാപ്പയ്ക്ക് എന്താണ് ഇത്ര അധികമായി കുമ്പസാരിക്കാനുള്ളത്”? അദ്ദേഹം നിറഞ്ഞ മിഴികളോടെ മറുപടി പറഞ്ഞു “എനിക്കല്പം കൂടി സ്നേഹിക്കാമായിരുന്നു”.

തള്ളിപ്പറഞ്ഞവൻ്റെയും ഓടിയൊളിച്ചവരുടെയും മുൻപിലേക്ക് ഈശോ ഉത്ഥാനശേഷം എത്തുകയാണ്. ആർക്കും ഒന്നും മിണ്ടാനാകാതെ നിശബ്ദത തളംകെട്ടി നിൽക്കുന്ന അവസ്ഥ. ഓടിപ്പോയവർക്ക് മാപ്പ് പറയണമെന്നും, തള്ളിപ്പറഞ്ഞവന് ആ കാലിൽ വീണ് മാപ്പിരക്കണമെന്നുമുണ്ട്. പക്ഷേ ആരും ഒന്നും മിണ്ടുന്നില്ല. കർത്താവ് ഒരുക്കിയ പ്രാതൽ കഴിച്ച് ഉദ്വേഗാവസ്ഥയിലിരിക്കുന്ന ശിഷ്യരുമുൻപിൽവച്ച് ഗുരു പത്രോസിൻ്റെ കണ്ണിലേക്ക് നോക്കുകയാണ്. അവൻ്റെ മനസ്സിൽ ഒരു കടലിരമ്പുന്നുണ്ട്. ആരെല്ലാം ഉപേക്ഷിച്ചാലും ഉപേക്ഷിക്കില്ലെന്ന് വീമ്പു പറഞ്ഞത് അവനോർത്തു. നീ സത്യമായും ജീവിക്കുന്ന ദൈവത്തിൻ്റെ പുത്രാനാണെന്ന് എറ്റുപറഞ്ഞതും അവൻ്റെ മനസ്സിൽ ഒരു മിന്നലായെത്തി. അവസാനം ഞാൻ അവനെ അറിയുകപോലുമില്ല എന്ന് പറഞ്ഞപ്പോൾ ഗുരു അവനെ നോക്കിയതും അവൻ ഓർത്തെടുത്തു. പശ്ചാത്താപവിവശനായ പത്രോസ്, ഒന്ന് പൊട്ടിക്കരയാനായി സ്വയം ഒരുങ്ങുമ്പോൾ ഗുരു അവനോട് ചോദിക്കുന്നു, ഒന്നല്ല മൂന്നു പ്രാവശ്യം: “യോഹന്നാൻ്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ?”. പത്രോസിന് വലിയവായിൽ കരയണമെന്നുണ്ട്. പക്ഷേ എങ്ങനെയൊക്കെയോ അവൻ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ ശ്രമിക്കുകയാണ്. ഉത്തരങ്ങളെല്ലാം കേട്ട ഈശോ അവനോടു പറയുന്നു “എന്നെ അനുഗമിക്കുക”.

ഈശോ തകർക്കാൻ ആകാത്ത രണ്ടു റെക്കോഡുകൾ സ്ഥാപിക്കുകയാണ്: തള്ളിപ്പറഞ്ഞവനോട് നീയെന്നെ സ്നേഹിക്കുന്നുവോ എന്ന് ചോദിച്ചതും, അവനോട് വീണ്ടും നീയെന്നെ അനുഗമിക്കുകയെന്ന് ആവശ്യപ്പെട്ടതും ഈശോയാണ്. വേറെ ആർക്കും ഭേദിക്കാനാവാത്ത റെക്കോഡുകൾ! ഒറ്റിക്കൊടുക്കുന്നത് സ്നേഹമില്ലാത്തതുകൊണ്ടല്ലെന്നും ധൈര്യമില്ലാത്തതുകൊണ്ടാണെന്നും ഗുരുവിനറിയാം. പത്രോസ് മുക്കുവനാണ്. കടലിൻ്റെ ആഴങ്ങളിൽ വലയെറിയുന്നവനാണ്. കാറ്റിനെയും തിരയെയും അഭിമുഖീകരിക്കുന്നവനാണ്. എന്നും ജീവിതത്തിൽ അപകടസാധ്യതകളെ നേരിട്ട് അനുഭവിക്കുന്നവനാണ്. പക്ഷേ അവൻ ക്രിസ്തുശിഷ്യനാണെന്ന് ഏറ്റുപറയാൻ ഭയപ്പെട്ടു.

എനിക്കും സംഭവിക്കുന്നതിതു തന്നെ. ക്രിസ്തുവിനെ എനിക്കിഷ്ടമാണ്. ഞാൻ അവൻ്റെ ഏറ്റവും അടുത്തവനാണ്. പക്ഷെ ക്രിസ്തുവിനെ സ്നേഹിക്കുന്നതുവഴിയായി ഒന്നും നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. രണ്ടു വഞ്ചിയിൽ കാലു വയ്ക്കുന്നതുപോലെ സങ്കീർണമാണത്. ക്രിസ്തുവിനെ സ്നേഹിക്കുന്നെങ്കിൽ നീ പലതിനെയും ഉപേക്ഷിക്കേണ്ടതായി വരും. ഒന്നും ഉപേക്ഷിക്കാൻ സന്നദ്ധനല്ലാത്തവന് ക്രിസ്തുവിനെ അനുകരിക്കാനും സാധിക്കില്ല. ധനികനാനായ യുവാവ് ഈശോയെ അനുഗമിക്കണമെന്ന വലിയ ആഗ്രഹത്തോടെയാണ് വന്നത്. എന്നാൽ നിൻ്റെ സമ്പത്ത് ദാനം ചെയ്തിട്ട് വരാൻ ഈശോ ആവശ്യപ്പെട്ടപ്പോൾ അവൻ നിരാശയോടെ തിരിച്ചുപോയത് നമുക്കോർക്കാം. സുവിശേഷത്തിൽ നിരാശയോടെ തിരിച്ചുപോയവൻ ആ മനുഷ്യൻ മാത്രമാണ്. ക്രിസ്തുവിനെ അനുഗമിക്കണമെങ്കിൽ പലതിനോടും ഉപേക്ഷ തോന്നിയാലേ സാധിക്കൂ.

കർത്താവിനെ സ്നേഹിക്കാൻ നീയിനിയും തയ്യാറാണോ? എങ്കിൽ ചില തീരുമാനങ്ങൾ എടുക്കേണ്ടിയിരിക്കുന്നു. സ്നേഹിക്കാൻ തയ്യാറായാണ് എങ്കിൽ നീ മുറിപ്പെടാനും തയ്യാറാകണം. ക്രിസ്തുവിനെ സ്നേഹിച്ച ആരും ഇന്നുവരെ മുറിവേൽക്കാതിരുന്നിട്ടില്ല. ക്രിസ്തുവിനുവേണ്ടി നിലകൊണ്ട ആരും ഇന്നുവരെ തെറ്റിദ്ധരിക്കപ്പെടാതിരുന്നിട്ടില്ല. ക്രിസ്തുവിൻ്റെ ആശയങ്ങളോട് പ്രതിപത്തി പുലർത്തിയവരാരും ഒറ്റിക്കൊടുക്കപ്പെടാതിരുന്നിട്ടില്ല. ക്രിസ്തുവിനെ സ്നേഹിക്കുന്നെങ്കിൽ നീ മുറിവേൽക്കാൻ, തോൽക്കാൻ, തെറ്റിദ്ധരിക്കപ്പെടാൻ തയ്യാറാവുക.

ശുഭരാത്രി

Fr Sijo Kannampuzha OM