നന്ദി പറയരുത്, ജീവിക്കുക

0

യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്‌? ബാക്കി ഒന്‍പതു പേര്‍ എവിടെ?

(ലൂക്കാ 17:17)

ഒരിക്കൽ ഒരു നഴ്‌സറിക്ലാസ്സിലെ കുട്ടികൾക്ക് അദ്ധ്യാപിക ഒരു ഹോം വർക്ക് നൽകി. കുട്ടികൾ ഓർക്കുമ്പോൾ, മനസ്സിൽ അവർക്ക് നന്ദി തോന്നുന്ന വസ്തുവിൻ്റെ ചിത്രം വരച്ചുകൊണ്ടുവരാനാണ് അദ്ധ്യാപിക ആവശ്യപ്പെട്ടത്. വളരെ പാവപ്പെട്ട ചുറ്റുപാടുകളിൽ കഴിയുന്ന ആ കുഞ്ഞുങ്ങൾ നല്ല ഭക്ഷണത്തിൻ്റെയോ പലഹാരത്തിൻ്റെയോ ചിത്രം വരച്ചുകൊണ്ടുവരും എന്നാണ് ആ അദ്ധ്യാപിക കരുതിയത്.

പിറ്റേദിവസം പല കുട്ടികളും ടീച്ചർ വിചാരിച്ചിരുന്നതുപോലെ ഭക്ഷണ സാധനങ്ങളുടെയും പലഹാരങ്ങളുടെയുമെല്ലാം ചിത്രങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ ഒരുകുട്ടി വരച്ചുകൊണ്ടുവന്നത് ഒരു കൈയുടെ ചിത്രമായിരുന്നു. അത് എല്ലാം നൽകുന്ന ദൈവത്തിൻ്റെ കൈ ആകാമെന്നും അല്ലെങ്കിൽ അത് സ്വന്തം അമ്മയുടെ കൈ ആകാമെന്നും പല കുട്ടികളും അഭിപ്രായപ്പെട്ടു. അതുമല്ലെങ്കിൽ കൃഷി ചെയ്ത്, ഭക്ഷണത്തിനുള്ള ധാന്യം നൽകുന്ന കൃഷിക്കാരൻ്റെയോ, നിയമം പാലിക്കാൻ സഹായിക്കുന്ന പോലീസുകാരൻ്റെയോ  കൈ ആയിരിക്കാമെന്ന് വേറെ ചിലർ നിർദ്ദേശിച്ചു.

ക്‌ളാസ്സിലെ തിരക്കുകൾ കഴിഞ്ഞപ്പോൾ അദ്ധ്യാപിക പടം വരച്ച കുട്ടിയുടെ അടുത്തേക്ക് ചെന്നിട്ടു ചോദിച്ചു: “നീ ആരുടെ കൈകളാണ് വരച്ചത്?”. അവൻ മുഖമുയർത്താതെ മറുപടി പറഞ്ഞു “ടീച്ചറുടെ തന്നെ”.

വാത്സല്യത്തോടെ കൈകളിൽ പിടിച്ചും, ചുമലിൽ സ്പർശിച്ചും, നിറുകയിൽ തലോടിയുമാണ് ആ അദ്ധ്യാപിക കുട്ടികളെ ക്ലാസ്സിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. ചെറുപ്പത്തിലേ ‘അമ്മ നഷ്ട്ടപ്പെട്ട ആ കുഞ്ഞിന് അദ്ധ്യാപികയുടെ കൈകൾ എപ്പോഴോ നഷ്ടപ്പെട്ട അമ്മയുടെ കൈകളായി മാറി. അതുകൊണ്ടാണ് ആ കുഞ്ഞു ഓർക്കുമ്പോൾ നന്ദി തോന്നുന്ന ആ കൈകൾ തന്നെ വരച്ചത്.

ഇന്നത്തെ സുവിശേഷത്തിൽ കുഷ്ഠരോഗം മാറിയ പത്ത് കുഷ്‌ഠരോഗികളിൽ ഒരാൾ മാത്രം തിരിച്ചുവന്ന് കൃതജ്ഞത അർപ്പിച്ച വേളയിൽ യേശു ചോദിക്കുന്ന ചോദ്യമാണ് ധ്യാനിക്കുന്നത്. “പത്തുപേരല്ലേ സുഖപ്പെട്ടത്‌? ബാക്കി ഒന്‍പതു പേര്‍ എവിടെ?”

‘നന്ദിയില്ലാത്തവൻ’ എന്നതാണ് ചില ഭാഷകളിലെ ഏറ്റവും മോശമായ പദം. ജീവിതത്തിൽ നാം സഹായിച്ചവരെല്ലാം ജീവിതകാലം മുഴുവൻ നമ്മെ ബഹുമാനിക്കണം എന്നും ജീവിതകാലം മുഴുവൻ നമുക്ക് വിധേയരാകണമെന്നും ചിന്തിക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. നമ്മുടെ സഹായം സ്വീകരിച്ചു ആർക്കെങ്കിലും നന്മ വന്നിട്ടുണ്ടെങ്കിൽ എല്ലായിടത്തും എപ്പോഴും അതിൻ്റെ ക്രെഡിറ്റ് ചോദിച്ചുവാങ്ങുവാൻ നമുക്ക് യാതൊരു മടിയുമില്ല. ‘അവൻ രക്ഷപ്പെട്ടത് എൻ്റെ കാശുകൊണ്ടാണ്’- എന്ന് വീരവാദം മുഴക്കുന്ന പലരെയും നമുക്ക് ചുറ്റുവട്ടങ്ങളിൽ കാണാം. മനുഷ്യൻ ഇത്രമാത്രം നന്ദി ആഗ്രഹിക്കുന്നവനെങ്കിലും നന്ദി പറയുന്നതിൽ  അതേ അളവിൽ അവൻ ലുബ്ധനുമാണ്.

ഇന്നുവരെ ശ്വസിച്ച ശുദ്ധവായുവിനുവേണ്ടി നീ നന്ദി പറഞ്ഞിട്ടുണ്ടോ? ഇന്നുവരെ ഉപയോഗിച്ച ഓരോ തുള്ളി വെള്ളത്തിനും വേണ്ടി നീ നന്ദി പറഞ്ഞിട്ടുണ്ടോ? മഴയത്ത് നീ കയറി നിന്ന മരച്ചുവട്, നിനക്ക് വേണ്ടി അവിടെ പാകി മുളപ്പിച്ചു വളർത്തിയ കഴിഞ്ഞ നൂറ്റാണ്ടിലെ മനുഷ്യനോട് നിനക്ക് നന്ദി പറയാൻ ആകുമോ? ഓരോ അരിമണിയിലും അതാര് ഭക്ഷിക്കണമെന്ന് എഴുതിയിട്ടുണ്ട് എന്നാണ് പറയുക. ഭക്ഷിക്കുന്നത് ആരുമാകട്ടെ. അത് വിതച്ചതും, നട്ടതും, വളം നൽകിയതും, വെള്ളമൊഴിച്ചതും, സംരക്ഷണം ഒരുക്കിയതും, കൊയ്തതും, ഒരുക്കിയതും, അവസാനം പുഴുങ്ങിയുണക്കി അരിയായി നിൻ്റെ അറപ്പുരയിൽ കൊണ്ടുവന്നതിൻ്റെയും പിന്നിൽ എത്രായിരം കൈകളാണ് പ്രവർത്തിച്ചിരിക്കുക? എത്രപേരോട് നന്ദി പറയാനാകും?

നീ കുളിച്ചു കയറിയ പുഴയും, നനയിച്ചു മഴയും, തഴുകിയ കാറ്റും, അനുഭവിച്ച ഗ്രീഷ്മ, ശിശിര, വസന്തങ്ങളും തലോടിയ സൗരഭ്യവുമെല്ലാം ദൈവം നിനക്കായി ഒരുക്കിയ നന്മകളാണ്.

ചില സ്നേഹവാത്സല്യങ്ങളോട്, കയ്‌പേറിയ അനുഭവങ്ങളോട്, ബുദ്ധിമുട്ടേറിയ ഉപേക്ഷകളോട്, മുറിവേല്പിച്ച തിരസ്കരണങ്ങളോട്, പൊടുന്നനെ സംഭവിച്ച വീഴ്ചകളോട്, തെറ്റിദ്ധാരണകളോട്  നന്ദിയുണ്ടാകണം. കാരണം അവയിപ്പോഴും തീക്കനലുകളായി ഹൃദയത്തിൽ കത്തുന്നതുകൊണ്ടാണ് ഇന്ന് നീ പച്ചയായ മനുഷ്യനായത്.

ഇതിനൊന്നും നീ നന്ദി പറയാൻ ശ്രമിക്കരുത്. എല്ലായ്പ്പോഴും നന്ദി പറഞ്ഞു അതിൻ്റെ ഭംഗി കളയരുത്. ചില നന്ദികൾ ഹൃദയത്തിൽ സൂക്ഷിക്കാനുള്ളതാണ്. അത് ഓർക്കാനും മനസ്സിൽ താലോലിക്കാനും ഉള്ളതാണ്. നന്ദിയെന്നത് വാക്കുകളിൽ തർജ്ജമ ചെയ്യേണ്ടവയല്ല. അത് ജീവിതത്തിൽ പകർന്നാടേണ്ടവയാണ്.

ശുഭരാത്രി

Fr Sijo Kannampuzha OM