സ്വപ്നങ്ങള്‍

0

  ഏതാണ്ട് 50 ലക്ഷത്തിലധികം  കടബാധ്യതയുള്ള  ഒരു സുഹൃത്തുണ്ട് എനിക്ക്.നാളെയെ കുറിച്ചു  പേടിയില്ലേ എന്ന് ചോദിക്കുമ്പോൾ സ്വപ്നങ്ങൾ ഒത്തിരിയുണ്ടെന്നു പറഞ്ഞു ആ സുഹൃത്ത്  എന്നെ ആശ്വസിപ്പിക്കും.

സ്വപ്നങ്ങളുള്ളവർക്കു കടബാധ്യതകൾ ഒരു പ്രശ്നമല്ല .  ഇതാണ് അദ്ദേഹത്തിന്‍റെ മറുപടി. ആ സുഹൃത്തിന്റെ വാക്കുകളെ എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല… സ്വപ്നങ്ങളുള്ളവർക്ക്  സങ്കടങ്ങളില്ലെന്നു പറയുന്നത് സത്യമാണോ?

ക്രിസ്തുവിനും ഒരു സ്വപ്നമുണ്ടെന്നാണ് തിരുവചന ഭാഷ്യം…സ്വർഗ്ഗരാജ്യം ഭൂമിയിൽ കെട്ടിപൊക്കുക എന്ന സ്വപ്നവുമായാണ് ആ തച്ചന്റെ മകൻ ഈ വാഴ് വിലേക് വന്നത്.

ആ സ്വപ്നങ്ങളെ കുറിച്ചായിരുന്നു അവന്റെ മലയിലെ പ്രഭാഷണങ്ങളും  കഥപറച്ചിലുമെല്ലാം.    ഈ സ്വപ്നങ്ങളെ പ്രാവർത്തികമാക്കാനാണ്  ക്രിസ്തു ആ പന്ത്രണ്ടെണ്ണത്തിനെ കൂടെകൂട്ടിയതും  കാര്യങ്ങൾ പറഞ്ഞു കൊടുത്തതുമെല്ലാം. പഴയ നിയമം മുഴുവൻ സ്വപ്നങ്ങളുടെ കളിതോഴരെയാണ് പരിചയപ്പെടുത്തി തരുന്നത്..അതിൽ കേമൻ ജോസഫ് തന്നെയാണ്.

സ്വപ്നങ്ങളുടെ തേരിലേറിയുള്ള സഞ്ചാരമായിരുന്നു ജോസഫിന്റേത്…എല്ലാ സ്വപ്നങ്ങളും അവനു ദൈവത്തെ പരിചയപ്പെടാനുള്ള സൗകര്യം ഒരുക്കി കൊടുത്തു എന്നാണ് പൂർവ്വജോസഫിന്റെ കഥ മനുഷ്യകുലത്തിനു പറഞ്ഞു തരുന്നത്.   

 സ്വപ്നങ്ങൾ ഉണ്ടോ എന്നൊക്കെ തന്നെയാണ് നമ്മളോട് ചെറുപ്പം മുതലേ തന്നെ എല്ലാവരും ആരായുന്നത് .  നിനക്ക് ആരാവാനാണ് ഇഷ്ടം എന്ന ചോദ്യത്തിൽ നിന്റെ സ്വപ്നമെന്താണെന്ന  ധ്വനിയും അതിലുണ്ട്…  പണ്ട് കണ്ട പല സ്വപ്നങ്ങളും മുതിർന്നപ്പോൾ നാം മായ്ച്ചു കളഞ്ഞു എന്നതും വാസ്തവമല്ലേ… കുഞ്ഞു നാളിൽ ഒരു വിശുദ്ധനാവണം എന്നായിരുന്നു സ്വപനം.. മുതിർന്നപ്പോൾ ആ സ്വപ്നങ്ങളെ മുഖ വിലക്ക് പോലും എടുക്കുന്നില്ല നാം, .

നമ്മുടെ പല സ്വപ്നങ്ങളെയും തൂക്കി  വിൽക്കുകപോലും ചെയ്തിട്ടുണ്ടെന്നത് ഒരു രഹസ്യമായ പരസ്യം തന്നെയാണ്…    ഇനി നമ്മുടെ മുന്നിൽ ഒരേ ഒരു സാധ്യതയെ ഉള്ളൂ…. നമ്മുടെ നിസ്സാര  സ്വപ്നങ്ങളെയെല്ലാം ക്രിസ്തുവിന്റെ കരങ്ങളിൽ ഏല്പിച്ചു അവന്റെ സ്വപ്നങ്ങൾ ഏറ്റെടുക്കാൻ പഠിക്കുക എന്നതാണ്.

നമ്മുടെ പല സ്വപ്നങ്ങളേക്കാൾ സുന്ദരമായ സ്വപ്നങ്ങൾ അവനുണ്ടെന്നു വിശ്വസിക്കുമ്പോൾ ജീവിതം കുറേക്കൂടെ അർത്ഥ പൂർണമാകും..സ്വന്തം സ്വപ്നങ്ങളെ അവന്റെ സ്വപ്നങ്ങളിലേക്ക്  ചേർത്ത് വയ്ക്കുന്നവർ നിശ്ചയമായും അത്ഭുതം കാണുക തന്നെ ചെയ്യും

.ക്രിസ്തുവിന്റെ വളർത്തുപിതാവായ ജോസഫ് നല്ല ഉദാഹരണമാണ്…ഒരു പാട് സ്വപ്നങ്ങളുമായി ഉറങ്ങിയ ആളായിരുന്നു ജോസഫ്… വിവാഹ ജീവിതത്തെക്കുറിച്ചും മറ്റും തന്റേതായ സ്വപ്നങ്ങൾ വിവാഹത്തിന്‌ മുൻപ് ഒരിക്കലെങ്കിലും നെയ്തെടുക്കാത്ത ആരെങ്കിലും ഉണ്ടാകുമോ?? 

ക്രിസ്തുവിന്റെ പുരോഹിതനായ ഞാനും സ്വപ്നങ്ങൾ നെയ്യാറുണ്ട്. വിവാഹ  ജീവിതത്തെ കുറിച്ചും കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി മിടുക്കരാക്കേണ്ടതിനെ കുറിച്ചുമൊക്കെ സ്വപ്നങ്ങൾ കാണാൻ അവകാശമില്ലാത്തവര്പോലും കാണുമ്പോൾ ജോസഫ് കണ്ട  സ്വപ്നങ്ങളെല്ലാം ന്യായീകരിക്കേണ്ടവ തന്നെയായിരുന്നു.

എന്നിട്ടും ദൈവം അവന്റെ സ്വപ്നങ്ങളെ തിരയെ കടലെടുക്കും പോലെ എടുത്തെറിഞ്ഞു…എന്നിട്ടും സംയമനത്തോടെ നിന്നു  എന്നതാണ് ജോസഫിന്റെ അഴക്. മാത്രമല്ല സ്വന്തം സ്വപ്നങ്ങളെല്ലാം ദൈവത്തിനു മുൻപിൽ അടിയറവുവച്ചു ദൈവത്തിന്റെ സ്വപ്നങ്ങൾ തന്റെ സ്വപ്നങ്ങളാക്കി  എന്നതാണ് ജോസഫിന്റെ അനന്യത. 

ദൈവത്തിന്റെ സ്വപ്നങ്ങളെ നെഞ്ചിലേറ്റിയപ്പോഴാണ്  ദൈവം കൃപയുടെ മേലാപ്പ് ജോസഫിനെ അണിയിച്ചത്..ഓർക്കണം ഒരുപാട് സ്വപ്നങ്ങളെ താലോലിക്കുന്നവരാണ് ഞാനും നീയും… നമ്മൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾക്ക് അരിത്തിരി മുല്ലയുടെ മണവും പരിശുദ്ധിയുമൊക്കെയുണ്ട്…പക്ഷെ  ആ സ്വപ്നങ്ങളെ ദൈവം തട്ടി കളഞ്ഞാൽ എന്ത് ചെയ്യും എന്ന് ഒരു എത്തും  പിടിയുമില്ലാത്ത ജീവിതത്തെ നോക്കി ദൈവം ആശ്ചര്യപെടുന്നുണ്ടാവും

.33 വയസ്സിനുള്ളിൽ ഒരുപാട് സ്വപ്നം കണ്ടവനാണ് ഞാൻ..അവയിലെ ഓരോ സ്വപ്നങ്ങളും തകർന്നു വീഴുമ്പോൾ നെഞ്ച് പൊട്ടുന്ന വേദനയുണ്ടായിരുന്നെന്നു പറയാതെ വയ്യ….ഇനിയും സ്വപ്നങ്ങളുടെ കളിയരങ്ങിൽ തന്നെയാണ്  ഞാനും    നൃത്ത മാടുന്നത്… ചിലങ്കകൾ അഴിഞ്ഞാൽ കരയാതിരിക്കാൻ വേണ്ടിയാണു എന്റെ പ്രാർത്ഥന..

സ്വപ്നങ്ങൾ ദൈവഹിതത്തിനു പൂർണമായി വിട്ടു നൽകാൻ നമുക്കാവുമ്പോഴാണ് നാം അവന്റെ ഹൃദയത്തുടിപ്പുകളാകുന്നത്.. അങ്ങനെ ക്രിസ്തുവിന്റെ സ്വപ്നങ്ങൾ നെഞ്ചിലേറ്റിയ  ഒരു ബന്ധുവുണ്ട് എനിക്ക്. ഫാ.  പോൾ കള്ളിക്കാടൻ

.കുറെയേറെ സ്വപ്നങ്ങളുമായി  സെമിനാരിയിൽ ജീവിച്ചു കൊണ്ടിരിക്കുമ്പോഴാണ് തന്റെ കാഴ്ച ശക്തി കുറയുന്നത് ശ്രദ്ധയിൽ  പെട്ടത്… കണ്ണിന്റെ  specialist നെ കണ്ടു മടങ്ങുമ്പോൾ അവന്റെ പ്രതീക്ഷകളും  സ്വപ്നങ്ങളുമെല്ലാം  തകരുന്ന  Report ആണ്  കൈയ്യിൽ കിട്ടിയത്.. കാഴ്ച പൂർണമായും നഷ്ടപെടുന്ന  വാർത്ത  സെമിനാരിക്കാരനായ  പോളിനെ തകർക്കേണ്ടതായിരുന്നു ..  പക്ഷെ  പോൾ ഒന്ന് തീരുമാനിച്ചു എന്റെ സ്വപ്നങ്ങളെ ഇരുണ്ടിട്ടുള്ളൂ … എന്നെ കുറിച്ചുള്ള തമ്പുരാന്റെ  സ്വപ്നങ്ങൾക്ക്  ഒന്നും സംഭവിച്ചിട്ടില്ല…. . ഇനി എന്റെ സ്വപ്നങ്ങളേക്കാൾ  തമ്പുരാന്റെ  സ്വപ്നത്തെ    താലോലിക്കാം എന്ന് തീരുമാനിച്ചു  seminari പഠനത്തിന്റെ  അവസാന നാളുകൾ പൂർത്തിയാക്കി…സ്വന്തം സ്വപ്നങ്ങൾ തമ്പുരാന്റെ  സ്വപ്നങ്ങൾക്ക്  വിട്ടു കൊടുത്തപ്പോൾ പോളിനെ തമ്പുരാൻ പൗരോഹിത്യം കൊടുത്തു അനുഗ്രഹിക്കുകമാത്രമല്ല ചെയ്തത്… കാഴ്ചയില്ലാതെയും  ബലിയർപ്പിക്കാനും  വചനം വായിച്ചു വ്യാഖ്യാനിക്കാനുമുള്ള  കൃപ  കർത്താവ് നൽകി.

  പ്രിയ  സുഹൃത്തേ, ഇനി മേൽ എന്റെയും നിന്റെയും   സ്വപ്നങ്ങളെല്ലാം ചീട്ടു കൊട്ടാരം പോലെ  തകർന്നാലും…. നമുക്ക് തളരാതിരിക്കാം. കാരണം നമ്മൾ കണ്ട  സ്വപ്നങ്ങളേക്കാൾ  സുന്ദരമായ സ്വപ്നങ്ങൾ  തമ്പുരാൻ കാണുന്നുണ്ടെന്നു  വിചാരിച്ചു  നമുക്കിനിമേൽ ജീവിച്ചു തുടങ്ങാം.

വചനം ഇപ്രകാരം പറയുന്നു  മക്കൾക്ക്‌  നല്ലത് കൊടുക്കണമെന്ന്  പിതാവാഗ്രഹിക്കാതെയും സ്വപ്നം കാണാതെയും ഇരിക്കില്ല.

ഫാ. സ്റ്റാഴ്സണ്‍ കള്ളിക്കാടന്‍