നന്മ നിറയും സ്വപ്നങ്ങൾ

0

നിങ്ങൾ സ്വപ്നം കാണാറുണ്ടോ? നിങ്ങളുടെ സ്വപ്നങ്ങളെപ്പറ്റി പറയാമോ?
ടീച്ചറുടെ ചോദ്യത്തിന് കുട്ടികൾ ഉത്സാഹത്തോടെ മറുപടി പറഞ്ഞു.വലുതായാൽ ആരാവണം എന്നതാണ് ചിലരുടെ സ്വപ്നങ്ങൾ.ഡോക്ടറും എഞ്ചിനീയറും കളക്ടറും വക്കീലും അധ്യാപകനുമൊക്കെ അവരുടെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നു.ചിലർ പ്രശസ്തി നേടുന്നതും മറ്റു ചിലർ സമ്പത്തു നേടുന്നതും സ്വപ്നം കണ്ടു.

വേറെ തരം സ്വപ്നങ്ങൾ കണ്ടവരുണ്ടോ? ടീച്ചറുടെ ചോദ്യത്തിന് മറുപടിയുമായി ഒരു കുട്ടി എഴുന്നേറ്റു.
“നമ്മുടെ നാട്ടിൽ ഞാൻ നല്ല വൃത്തിയുള്ള റോഡുകൾ സ്വപ്നം കാണുന്നു.”
“കൊള്ളാം, വേറെ വല്ലതുമുണ്ടോ?”
“ഉണ്ട്. പ്രളയത്തിൽ വീടുകൾ നശിക്കാത്ത ഒരു നാടിനെ ഞാൻ സ്വപ്നം കാണുന്നു.”

ഇത്തരം സ്വപ്നങ്ങൾ കാണാൻ നമുക്കു കഴിയും.കുറ്റകൃത്യങ്ങളില്ലാത്ത ഒരു നാട് നമ്മുടെ സ്വപ്നമായിരിക്കണം.മോഷണവും കൊലപാതകവും അഴിമതിയും നമ്മുടെ പത്രങ്ങളിലും ടി വി യിലുമൊന്നും കാണാൻ കഴിയാത്ത അവസ്ഥയെക്കുറിച്ച് ഓർത്തുനോക്കൂ. കാണാൻ കഴിയാതാവുക എന്നാൽ അവ ഇല്ലാതാവുക എന്നാണർത്ഥം.

നന്മ നിറയുന്ന സ്വപ്നങ്ങൾ കാണാൻ കഴിയണം. ഇന്നത്തെ നല്ല സ്വപ്നങ്ങൾ നാളെ യാഥാർത്ഥ്യമായിത്തീരും.നന്മയുള്ള നാട് സ്വന്തമാകുന്നതിനുള്ള ആദ്യപടി ഇതാണല്ലോ.

ഷാജി മാലിപ്പാറ