എല്ലാവരും ബുദ്ധിമാന്മാരാണ്

0


എല്ലാവരും ബുദ്ധിമാന്മാരാണ്. എന്നാൽ നിങ്ങൾ ഒരു മത്സ്യത്തെ മരത്തിൽ കയറുവാനുള്ള കഴിവുമായി തുലനം ചെയ്താൽ അതിന്റെ ജീവിതം മുഴുവൻ താൻ കഴിവുകെട്ടവനെന്ന നിലയിൽ ജീവിക്കും.  ലോകം കണ്ടിട്ടുള്ളതിൽ വെച്ച് എറ്റവും വലിയ ബുദ്ധിശാലിയായ ഐസക് ന്യൂട്ടന്റെ വാക്കുകളാണിത്. 

നമ്മുടെ വിദ്യാഭ്യാസ രീതിയോട് ചേർത്തുവെച്ച് ഈ വാക്കുകൾ വായിക്കുമ്പോൾ ചില യാഥാർത്ഥ്യങ്ങൾ ബോധ്യമാകും. പഠനത്തിൽ  മോശമായ കുട്ടികളെ അദ്ധ്യാപകരും മാതാപിതാക്കളും സുഹൃത്തുക്കളും പൊതുവെ വിളിക്കുന്ന പേരാണ് മടയൻ അല്ലെങ്കിൽ കഴിവുകെട്ടവൻ.  പഠനം മാത്രം വിദ്യാഭ്യാസത്തിന്റെ അളവുകോലായി കാണുമ്പോൾ കുട്ടികളിലെ ചില തനിമയുള്ള കഴിവുകൾ മൂടിവെക്കപ്പെടുന്നു.

  അടുത്തിടെ ഒരു അപ്പൻ തന്റെ മകനെ കുറിച്ച് അവന്റെ അദ്ധ്യാപകൻ പറഞ്ഞത് പങ്കുവെക്കുകയുണ്ടായി.  ഇവന് ബുദ്ധിയില്ല. എല്ലാ പരീക്ഷയ്ക്കും തോറ്റു… ഇങ്ങനെയുള്ള കുട്ടിയെ പഠിപ്പിച്ചാൽ ഞങ്ങളുടെ സ്കൂളിന് അത് മാനക്കേടാണ്.  അദ്ധ്യാപകന്റെ അഭിപ്രായം കേട്ട് ആ അപ്പൻ തന്റെ മകനോട് ചോദിച്ചു. നീ ഇത് കേട്ടില്ലേ. നിനക്ക് തുടർന്ന് പഠിക്കണോ…? മകൻ അപ്പന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.. അപ്പാ എനിക്ക് അപ്പന്റെ തൊഴിലാണ് ഇഷ്ട്ടം ഞാൻ മരപ്പണി ചെയ്യാൻ ഇഷ്ട്ടപ്പെടുന്നു. 

എല്ലാവരുടെ ഉള്ളിലും വ്യത്യസ്ത കഴിവുകളുണ്ട്. അവയെ കണ്ടെത്തി പരിപോക്ഷിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം. പാഠപുസ്തകത്തിൽ ചിത്രങ്ങൾ വരച്ചതിന്റെ പേരിൽ, ക്ലാസ്സ് മുറിയിൽ മനോഹരമായി പാട്ടു പാടിയതിന്റെ പേരിൽ,  പഠനത്തിനിടയിൽ കളിക്കാൻ പോയതിന്റെ പേരിൽ വിദ്യാർത്ഥികളെ ശിക്ഷിക്കുമ്പോൾ അദ്ധ്യാപകർ ഓർക്കേണ്ടത് വിദ്യാഭ്യാസത്തിന്റെ ശരിയായ അർത്ഥം തന്നെയാണ്. വിദ്യ എന്നാൽ അറിവ് വെളിച്ചം…

അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് സഞ്ചരിക്കുവാൻ കുട്ടികളെ അഭ്യസിപ്പിക്കേണ്ടത് സമഗ്രമായ വളർച്ചയിൽ ഊന്നി കൊണ്ടായിരിക്കണം. പഠനത്തിൽ താല്പര്യമില്ലാത്ത കുട്ടിയെ തഴയുക അല്ല വേണ്ടത്. മറിച്ച് എന്തിലാണ് അവന്റെ താല്പര്യം എന്നും കണ്ടെത്തുകയാണ് ഉത്തമം. എല്ലാവരും വ്യത്യസ്തരാണ്. കഴിവുകളും അങ്ങനെ തന്നെ. ഈ വ്യത്യസ്തതയെ പരിപോക്ഷിപ്പിക്കുമ്പോൾ വിദ്യാർത്ഥികൾ വളരുവാൻ തുടങ്ങും. അങ്ങനെ സമഗ്ര വളർച്ച സാധ്യമാക്കും

ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ