കര്‍ഷകആത്മഹത്യകള്‍ പെരുകുന്പോള്‍ ആശ്വാസമില്ലാത്ത മന്ത്രിസഭാപ്രഖ്യാപനങ്ങള്‍

0


കൊച്ചി: കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍ കര്‍ഷകരക്ഷയ്ക്കുതകുന്ന ആശ്വാസങ്ങളൊന്നുമില്ലാത്ത മന്ത്രിസഭാപ്രഖ്യാപനം കര്‍ഷകരുടെ പ്രതീക്ഷകള്‍ അട്ടിമറിച്ചെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നടപടികളില്ലാത്ത പൊടിക്കൈകള്‍ കര്‍ഷകരോഷം ശമിപ്പിക്കാനുതകില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

2018 ഒക്‌ടോബര്‍ 12ന് സംസ്ഥാനസര്‍ക്കാര്‍ ഇറക്കിയ ഒരുവര്‍ഷ മോറട്ടോറിയം ഉത്തരവ് അട്ടിമറിച്ച് കൃഷിഭൂമി ജപ്തിചെയ്ത ബാങ്ക് അധികൃതരേയും നിരന്തരം കര്‍ഷകദ്രോഹനടപടികളുമായി നീങ്ങുന്ന റവന്യൂ വനം വകുപ്പ് ഉദ്യോഗസ്ഥരേയും നിലയ്ക്കുനിര്‍ത്താനാവാത്ത ഭരണനേതൃത്വം മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയതുകൊണ്ട് ആര്‍ക്ക് എന്തു നേട്ടമെന്ന് വ്യക്തമാക്കണം. നിലവിലുള്ള ഉത്തരവിലും കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടെ എല്ലാ കര്‍ഷക വായ്പകളിന്മേലുമുള്ള ജപ്തിനടപടികള്‍ക്ക് സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിക്കുന്നുവെന്നു പറഞ്ഞിരിക്കുന്നത് നടപ്പിലാക്കാതെ മന്ത്രിസഭായോഗം വീണ്ടുമിത് ആവര്‍ത്തിക്കുകയാണ് ചെയ്തിരിക്കുന്നത്.

ആത്മഹത്യചെയ്ത കര്‍ഷകരുടെ ബാങ്ക് ഇടപാടുകള്‍ക്കായി പണയംവെച്ച ഭൂമി സര്‍ഫാസി നിയമത്തിലൂടെ ബാങ്കുകള്‍ കൈക്കലാക്കുകയും വിധവകളേയും മക്കളേയും തെരുവിലേയ്ക്ക് തള്ളിവിട്ട് കൂട്ട ആത്മഹത്യകള്‍ക്ക് സാധ്യതയേറുകയും ചെയ്യുമ്പോള്‍ ഈ കര്‍ഷകകുടുംബങ്ങള്‍ക്കെങ്കിലും ആശ്വാസമേകുന്ന യാതൊരു നിര്‍ദ്ദേശവും മന്ത്രിസഭായോഗത്തിലില്ലാത്തത് ദുഃഖകരമാണ്.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പ്രഖ്യാപിച്ച് ആയിരം ദിവസം അധികാരത്തിലിരുന്നവര്‍ കര്‍ഷക ആത്മഹത്യയിലാണ് ഇപ്പോള്‍ രാജ്യത്ത് ഒന്നാമതെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് അടിമപ്പണി ചെയ്യുന്നവരായി ജനപ്രതിനിധികളും ഭരണനേതൃത്വങ്ങളും മാറിയിരിക്കുന്നു. പ്രളയദുരന്തത്തിനുശേഷം ദുരിത മേഖലയില്‍ 28 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും ഈ മരണങ്ങള്‍ കാര്‍ഷികേതര വായ്പയിന്മേലുള്ള ജപ്തിനടപടികള്‍ മൂലമാണെന്ന് പറഞ്ഞ് തടിയൂരാനുള്ള അധികൃതരുടെ ശ്രമങ്ങള്‍ അപലപനീയമാണ്.

ആത്മഹത്യ ചെയ്തത് കര്‍ഷകരാണെന്നിരിക്കെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിലത്തകര്‍ച്ചയില്‍ നിത്യചെലവിനുമായി കൃഷിഭൂമി പണയം വെച്ചത് കുററകരമായി ചിത്രീകരിച്ച് കര്‍ഷകആത്മഹത്യകളെ നിസാരവല്‍ക്കരിക്കുന്നത് ശരിയല്ല. സര്‍ക്കാര്‍ ഇത്തരം ധിക്കാരമനോഭാവം തുടര്‍ന്നാല്‍ ജപ്തിനടപടികള്‍ക്കു വിധേയമായികൊണ്ടിരിക്കുന്നവരെയും ആത്മഹത്യ ചെയ്തകര്‍ഷകരുടെയും കുടുംബാംങ്ങളെ സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിലേയ്ക്ക് കര്‍ഷകരുടെ കണ്ണീര്‍യാത്ര നടത്തുവാന്‍ കര്‍ഷകസംഘടനകള്‍ നിര്‍ബന്ധിതരാകും.

5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച ഇടുക്കിജില്ലയിലാണ് രണ്ടുമാസത്തിനുള്ളില്‍ എട്ടുകര്‍ഷകര്‍ ആത്മഹത്യചെയ്തത്. ഇവരെല്ലാം പ്രളയകെടുതിയില്‍ ഇരകളുമാണ്. അഞ്ചുലക്ഷം രൂപ പരിധിനിശ്ചയിച്ച് കര്‍ഷക കടങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുകയും ചെറുകിട കര്‍ഷകരുടെ ബാധ്യതകളും ആത്മഹത്യ ചെയത കര്‍ഷകകുടുംബങ്ങളുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കുകയും ജപ്തിഭീഷണിയുയര്‍ത്തുന്ന ബാങ്കുകളെ നിയന്ത്രിക്കാന്‍ അടിയന്തരനടപടികളുമില്ലാതെ നിരന്തരം പ്രഖ്യാപനങ്ങള്‍ നടത്തി കര്‍ഷകരെ വിഢിവേഷം കെട്ടിക്കവാന്‍ ഭരണനേത്വങ്ങള്‍ ശ്രമിക്കുന്നത് ഇനിയും വിലപ്പോവില്ലന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.