വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരെക്കുറിച്ചുള്ള വചനഭാഗം ധ്യാനിച്ചപ്പോള്‍ ആദ്യം ഓര്‍മ്മയിലേക്ക് വന്നത് വിയറ്റ്നാമിലെ ആര്‍ച്ച് ബിഷപ് തൂവാന്റെ വാക്കുകളാണ്. യേശുവിന്റെ കുറവുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ നിരീക്ഷണങ്ങള്‍ തന്നെ.
തൂവാന്‍ അക്കമിട്ട് പറയുന്ന ആ കാര്യങ്ങള്‍ ഇവയാണ്. 1 യേശു ഒരു മറവിക്കാരനായിരുന്നു. അതുകൊണ്ടാണ് നല്ല കള്ളനെയും പാപിനിയെയും ധൂര്‍ത്തപുത്രനെയും ഒരുപോലെ സ്വീകരിച്ചത്. 2 യേശുവിന് കണക്ക് അറിയില്ല. അതുകൊണ്ടാണ് 99 നെയും വിട്ട് കാണാതെ പോയ ഒന്നിന്റെ പുറകെ പോയത്. 3 യുക്തിബോധമില്ലായിരുന്നു. വില കുറഞ്ഞ വെള്ളിനാണയം പോലും അന്വേഷിച്ച് കണ്ടെത്തിക്കഴിയുമ്പോള്‍ വിളിച്ചുകൂവേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? നാലാമത്തേതാണ് നമ്മുടെ വിഷയം. അത് ഇതാണ്. യേശുവിന് ധനകാര്യമോ സാമ്പത്തികശാസ്ത്രമോ അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഒന്നാം മണിക്കൂറില്‍ വന്നവനും പതിനൊന്നാം മണിക്കൂറില്‍ വന്നവനും ഒരേ വേതനം കൊടുത്തത്.
പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍
ആര്‍ക്കും നിരാശയ്ക്ക് അടിസ്ഥാനമില്ല. പരാതിപ്പെടാനും. ഈ വചനഭാഗം നല്കുന്ന ഒരു ആശ്വാസചിന്ത അങ്ങനെയാണ്. കാരണം ഒന്നാം മണിക്കൂറില്‍ വന്നവര്‍ക്ക് അവര്‍ സമ്മതിച്ച വേതനത്തില്‍ നിന്ന് ഒന്നും കുറവുവരുത്തിയിട്ടില്ല. പതിനൊന്നാം മണിക്കൂറില്‍ വന്നവനാകട്ടെ അവന് അവകാശപ്പെട്ടത് നല്‍കുകയും ചെയ്തു. ആ പതിനൊന്നാം മണിക്കൂറുകാരെക്കുറിച്ച് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അവര്‍ ചിലപ്പോള്‍ ആ യജമാനന്റെ കാരുണ്യമോര്‍ത്ത് ഉള്ളില്‍ ഉറക്കെ കരഞ്ഞുപോയിട്ടുണ്ടാവും.
അര്‍ഹതയില്ലാത്ത മിക്കതുമാണ് നാം കൊണ്ടുനടക്കുന്നത്. ചിലര്‍ വച്ചുനീട്ടുന്ന ചില സ്നേഹങ്ങള്‍ക്ക് മുമ്പില്‍ അങ്ങനെയൊരു വിചാരം പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലപ്പൊഴൊക്കെ ആത്മനിന്ദ അനുഭവപ്പെട്ടിട്ടുമുണ്ട്. പക്ഷേ കാരുണ്യം കൊണ്ട് അവരതിനെ മറച്ചുപിടിക്കുമ്പോള്‍ അവിടെ ദൈവത്തിന്റെ മുഖം തെളിഞ്ഞുവരും. ജീവിതത്തില്‍ സംഭവിച്ചതെല്ലാം അങ്ങനെ കാണാനാണ് എനിക്കിഷ്ടം.
പതിനൊന്നാം മണിക്കൂറില്‍ വന്നവരാണ് നല്ലകള്ളനും ധൂര്‍ത്തപുത്രനും പാപിനിയും സക്കേവൂസും. ഞാന്‍ അങ്ങനെയാണ് വിചാരിക്കുന്നത്. ജീവിതത്തിന്റെ അവസാനനിമിഷം വന്നുചേര്‍ന്നവനും തനിക്കിഷ്ടമുള്ളതുപോലെ നല്കാന് അവന് സന്നദ്ധനായി.
പ്രളയകാലത്തെ ഫോണ്‍കോള്‍
കേരളത്തെ പ്രളയദുരിതത്തിലാക്കിയ ആ ദിവസങ്ങള്‍ക്ക് ശേഷം ഒരു കന്യാസ്ത്രീ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഒരുപാട് ചിന്തിപ്പിച്ചു. ദൈവമേ എന്തുകൊണ്ട് നീ ഞങ്ങളെ തൊട്ടില്ല പത്തുലക്ഷത്തിലധികം ആളുകളെ ഒരേപോലെ കണ്ണീരിലാഴ്ത്തിയിട്ടും നീയെന്തേ എന്നെ,ഞങ്ങളെ വെറുതെ വിട്ടു? ദൈവത്തിന് മുമ്പില്‍ കണ്ണീരോടെ ആ കന്യാസ്ത്രീ ഈദിവസങ്ങളിലെല്ലാം ചോദിച്ചത് അതായിരുന്നുവത്രെ.. ദുരിതത്തില്‍ അകപ്പെടാതെപോയത് ദുരിതത്തില്‍ അകപ്പെടാതെപോയവരെക്കാള് നന്മയുള്ളതുകൊണ്ടായിരുന്നോ? ഒരിക്കലുമല്ല. ദുരിതത്തില്‍ പെട്ടുപോയവര്‍ പെടാത്തവരെക്കാള് മോശമായിരുന്നോ അതുമല്ല. അങ്ങനെയൊരു നേരിയ ചിന്തപോലും മാരകപാപമായിരിക്കും. കാരണം നമുക്കറിയില്ല ദൈവത്തിന്റെ തീരുമാനങ്ങള്‍..ദൈവം ഓരോരുത്തരുടെയും ജീവിതത്തില്‍ ഇടപെടുന്ന രീതികള്‍.
ഒന്നാം മണിക്കൂറില്‍ വന്നവരുടെ വിചാരങ്ങള്‍
ചിലരൊക്കെ ജീവിതത്തില്‍ ഉയര്‍ച്ചകളും ഭൗതികസമ്പത്തുകളുമെല്ലാം കൈവശമാക്കുമ്പോള്‍ അത് കിട്ടാതെ പോകുന്നവരുടെ മനസ്സില്‍ ചിലപ്പോഴെങ്കിലും ഒരു വിചാരം കടന്നുവന്നിട്ടുണ്ടാകാം. അവനെന്തുകൊണ്ട് അത്രയും ഭൗതികനന്മകള്‍..ശ്രേയസ്. അവനെക്കാള്‍ അദ്ധ്വാനിച്ചിട്ടും അവനെക്കാള്‍ നല്ല ജീവിതം നയിച്ചിട്ടുംഎനിക്ക് എന്തുകൊണ്ട് അവനൊപ്പമോ അവനെക്കാളുമോ ലഭിക്കുന്നില്ല?
തങ്ങളെക്കാള്‍ ജൂനിയറോ കഴിവുകുറഞ്ഞവരെന്ന് നമുക്ക് തോന്നുന്നവരോ ചിലപ്പോള്‍ മറ്റേതെങ്കിലും മാര്ഗ്ഗത്തിലൂടെയാണെങ്കില് പോലും പ്രമോഷനോ മേലുദ്യോഗസ്ഥരുടെ പ്രീതിയോ പിടിച്ചുപറ്റുമ്പോഴും നമുക്ക് ഇതേവികാരം തോന്നിയിട്ടുണ്ടാവാം.
ഒന്നാം മണിക്കൂറില്‍ വന്നവര്‍ക്ക് പ്രതീക്ഷ കൂടുതലായിരുന്നു പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍ക്ക് ഒരു ദെനാറ കൊടുത്തപ്പോള്‍ തങ്ങള്‍ക്ക് അതിലുമേറെ കിട്ടുമെന്ന്. ഇത് സ്വഭാവികമായ ചിന്തയാണ്. എന്നാല്‍ ദൈവത്തിന്റെ പ്ദ്ധതികളെ മാനുഷികമായ ചിന്തകള്‍ കൊണ്ട് നമുക്ക് അളക്കാനാവില്ല. ഭേദപ്പെട്ട രീതിയില്‍ ജീവിക്കാന്‍ നമുക്ക് എന്തുകൊണ്ട് അവസരം ലഭിച്ചു?രണ്ടു കൈകളും കാലുകളും കാഴ്ചയും കേള്‍വിയും ലഭി്ച്ചു? സ്നേഹമുള്ള കുടുംബാന്തരീക്ഷവും സന്മനസ്സുളള സൗഹൃദങ്ങളും ലഭിച്ചു? ഒന്നിനും നമ്മുടെ യോഗ്യത അടിസ്ഥാനമായിരുന്നില്ല. ദൈവത്തിന്റെ കണക്കുകളെ നമ്മുടെ ലോജിക്ക് കൊണ്ട് വിലയിരുത്താനാവില്ല.
പരാതികള്‍ അവസാനിപ്പിക്കുക
അയല്‍വക്കത്തെ നേട്ടങ്ങളിലേക്ക് നോക്കി മറ്റൊരുവന്റെ പോക്കറ്റിനെ നോക്കിപിന്നെ സ്വന്തം ജീവിതത്തെ നോക്കിയുമുള്ള നെടുവീര്‍പ്പുകള്‍ അവസാനിപ്പിക്കുക. അതാണ് ഈ വചനഭാഗം പറയുന്ന രണ്ടാമത് സന്ദേശം.എല്ലാറ്റിലും ദൈവത്തിന്റെകരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവിടെ പിന്നെ നമുക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടാവില്ല. ആരോടും അസൂയയും തോന്നുകയില്ല.
മുന്നില്‍ നില്ക്കുന്നവര് ഒന്നാമതാകണമെന്നില്ല
മുന്നില്‍ നില്ക്കുന്നതുകൊണ്ട് നാം ഒന്നാമനാകണം എന്നില്ല. പിന്നില്‍ നില്ക്കുന്നതുകൊണ്ട് പിന്തള്ളപ്പെടണമെന്നുമില്ല. ഇന്നത്തെ സുവിശേഷം നല്കുന്ന മറ്റൊരു ആശ്വാസചിന്ത അതാണ്. ക്രിസ്തുവിന് വേണ്ടി ജീവിച്ചു പ്രസംഗിച്ചു, എഴുതി, ബലിയര്‍പ്പിച്ചു, ചെറുപ്പം തൊട്ടേ അവന്റെ വഴിയെ നടന്നു ഇങ്ങനെ
ചിലഅവകാശവാദങ്ങളുള്ള ചിലരുണ്ട് നമുക്ക് ചുറ്റിനും. അതുകൊണ്ടുതന്നെ അവരുടെ വിചാരം അവര്‍ക്ക് കൂടുതല്‍ ലഭിക്കുമെന്നാണ്. കൂടുതല്‍ ലഭിക്കണമെന്നില്ല, അര്‍ഹതപ്പെട്ടത് കിട്ടാതെ പോകില്ല. അത് തീര്‍ച്ച. പക്ഷേ നമുക്ക് അത് പോരല്ലോ. മറ്റുള്ളവരെ വീടുകൊണ്ടും പണം കൊണ്ടും പ്രതാപം കൊണ്ടും പിന്നിലാക്കാന്ശ്രമിക്കുന്നവര്ക്ക് വിധിദിവസത്തിലും അങ്ങനെയൊരു വിചാരമുണ്ടാകാം കൂടുതലായി പരിഗണിക്കപ്പെടണമെന്നും ആദരിക്കപ്പെടണമെന്നും.
നമ്മുടെ പലരുടെയും അസ്വസ്ഥത എനിക്ക് കിട്ടാതെ പോകുന്നു എന്നതല്ല മറ്റുള്ളവര്‍ക്ക് കിട്ടിയെന്നതാണല്ലോ? അങ്ങനെയുള്ള വിചാരങ്ങള്‍ വേണ്ട എന്നാണ് ക്രിസ്തുപറയുന്നത്. അര്‍ഹതയുളളത് കിട്ടും. മുന്നില്‍ നിലക്കുന്നതിലല്ല വലിയ കാര്യം, ദൈവകരുണയ്ക്ക് പാത്രമാകുകയാണ് മുഖ്യം. അതിന് വേണ്ടി പ്രാര്‍ത്ഥിക്കുക..ആഗ്രഹിക്കുക.
ചന്തസ്ഥലത്ത് വെറുതെ നിന്നിരുന്നവരാണ് ക്രസ്തുവിന്റെ രാജ്യത്തിന്റെ അവകാശികളായവര്‍ എന്നൊരു ചിന്തകൂടിയുണ്ട് പങ്കുവയ്ക്കാന്‍. ചുങ്കക്കാരന് മത്തായിയും മുക്കുവനായ പത്രോസും അങ്ങനെ തന്നെ വിളിക്കപ്പെട്ടവരും വേതനം കിട്ടിയവരുമായിരുന്നല്ലോ?ഓരോരുത്തരും ആഗ്രഹിച്ചതുകൊണ്ടോ അവരുടെ മേന്മകൊണ്ടോ ആയിരുന്നില്ല അവിടെയെത്തിയത്. ദൈവം അവരെ വിളിക്കുകയായിരുന്നു. ന്യായമായ വേതനം തരാമെന്ന് പറഞ്ഞ്. ന്യായമായ വേതനം കിട്ടാന്‍ വിശ്വസ്തതയോടെ ജോലി ചെയ്തോ എന്നത് നമ്മുടെ ആത്മവിശകലനത്തിന്റെ ഭാഗമാണ്.
ഞാന്‍ ചൊല്ലിത്തീര്‍ത്ത പ്രാര്‍ത്ഥനകളോ മനസ്സ് കൊടുക്കാത്ത ദിവ്യബലിയര്‍പ്പണമോ എന്റെ കൂലി നിശ്ചയിക്കുന്നതിന് പകരം ദൈവമേ ഇഷ്ടമുളളത് ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ളതുപോലെ കൊടുക്കുന്ന നിന്റെ ഇഷ്ടത്തിന് എന്നെ യോഗ്യനാക്കണമേയെന്ന് മാത്രം കണ്ണുനിറഞ്ഞ് പ്രാര്‍ത്ഥിച്ചുകൊണ്ട്…
വിനായക് നിര്‍മ്മല്‍