ശൂന്യത

0

ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരു കൂട്ടുകാരനുമായി സംസാരിച്ചപ്പോൾ അവൻ ആവർത്തിച്ചു പറഞ്ഞ ഒരു കാര്യം മനസിനെ ഏറെ സ്പർശിച്ചു. അവൻ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു , “എന്താണെന്നറിയില്ലെടാ, ഒരു സുഖവുമില്ല”.

ഞാൻ  ചോദിച്ചു, എന്ത് പറ്റി എന്ന്? അവൻ ഈ മറുപടി തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ അവൻ പറഞ്ഞു വച്ച മറുപടി ആണ്, എന്തോ ഒരു ശൂന്യത അനുഭവപ്പെടുന്നു എന്ന്.

ഈ ശൂന്യതയുടെ കാരണങ്ങൾ തിരിച്ചറിയാൻ കഴിയാതെ പോയപ്പോൾ അവൻ്റെ ഉള്ളിൽ നിറഞ്ഞ കുറെ ചോദ്യങ്ങൾക്കു അവനിൽ തന്നെ ഉത്തരം ഇല്ലാതെ വന്നു. ഈ ഉത്തരമില്ലായ്മ സൃഷ്ടിക്കുന്ന ചില അവസ്ഥകൾ മനസിന്‌ നൽകുന്ന ഭാരം, അതു പറഞ്ഞതു അറിയിക്കാവുന്നതിലും വലുതാണ്.  എന്‍റെ  മനസിന്‍റെ അവസ്ഥകൾ അതിന്‍റെ

പൂർണതയിൽ ആരെങ്കിലും മനസിലാക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച നിമിഷങ്ങൾ ജീവിതത്തിൽ ഏറെയുണ്ട്. അത് സാധാരണ ആർക്കും കഴിയാറില്ല എന്നതാണ് സത്യം.ജീവിത്തിലെ ഈ അനുഭവങ്ങളെ ഗോൽഗോൽത്താ അനുഭവങ്ങൾ എന്ന് വിളിക്കാൻ ആണ് എനിക്കിഷ്ടം. ഒരു നിമിഷം കുരിശിൽ കിടന്നവന്‍റെ അധരങ്ങൾ ഉരുവിടുന്ന വാക്കുകൾക്കു മൂർച്ച ഏറെയാണ്.

എല്ലാം അറിഞ്ഞു കുരിശിലേക്കു നടന്നവൻ, തന്നെ ഈ ബലിക്ക് വിട്ടുകൊടുത്ത അപ്പനോട് ചങ്കു പൊട്ടി നിലവിളിക്കുന്ന അലയടികൾ കുരിശിൽ നിന്ന് ഉയർന്നപ്പോൾ, അന്നേരം അതിനു ഉത്തരമില്ല. കുരിശിനടിയിൽ അത് മനസിലാക്കി നിന്നവരുടെ ഹൃദയം  പോലും തകർന്നു അടിഞ്ഞ നിമിഷം ആയിരിക്കണം അത്. ഞാനും ഇത്തരത്തിൽ  നിലവിളിക്കുന്ന നേരം ഉത്തരങ്ങൾ ഇല്ലാതെ പോകുമ്പോൾ, മുകളിൽ പറഞ്ഞ ശൂന്യതയിലേക്ക് ഞാൻ കൂപ്പു കുത്തുന്നു. ഈ ശൂന്യതയിൽ നിന്ന് കര കയറാൻ അത്ര കണ്ടു എളുപ്പം അല്ല താനും.

തകർന്നടിയുന്ന നിമിഷങ്ങളെ ഗത്സമെനി അനുഭവങ്ങൾ എന്ന് വിളിച്ചാലും തെറ്റില്ല എന്ന് കരുതുന്നു. വിയർപ്പു തുള്ളികൾ രക്തത്തുള്ളികൾ ആയില്ലെങ്കിലും വേദനയുടെ ഒരു ഒരു അറ്റം വരെ നടന്ന നിമിഷങ്ങൾ എനിക്ക് മാത്രം എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ  ഗത്സമെനി അനുഭവത്തിൽ വ്യത്യസ്തത നിറഞ്ഞ ഒരു മറുപടി കേൾക്കുന്നുണ്ട്. എനിക്ക് ഉരുവിടാൻ ഒട്ടും ഇഷ്ടം ഇല്ലാത്ത ഒരു മറുപടി ആണ് അത്. “എങ്കിലും എന്‍റെ ഹിതമല്ല, നിന്‍റെ ഹിതം പോലെ” എന്നത്.

കാരണം ഈ മറുപടിയിൽ ഉൾക്കൊള്ളേണ്ട, നിറഞ്ഞു നിൽക്കേണ്ട വലിയ ഒരു സമർപ്പണം ഉണ്ട്, പിതാവിനോടുള്ള സംവാദം ഉണ്ട്, ഒരു വിട്ടുകൊടുക്കൽ ഉണ്ട്… എനിക്ക് കഴിയാതെ പോകുന്നതും ഇതൊക്കെയാണ്. അതുകൊണ്ടൊക്കെയാകാം എന്നിൽ അവസാനം ശൂന്യത മാത്രം അവശേഷിക്കുന്നത്.

ഈ ശൂന്യത ഓരോ ജീവിതങ്ങൾക്കും വ്യത്യസ്തമായിരിക്കും. ഈ നിമിഷങ്ങളിൽ എന്നിൽ നിറയേണ്ടത് കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളേക്കാൾ പിതാവുമായുള്ള സംഭാഷണം ആയിരിക്കട്ടെ. അവിടെ എന്നെ  മനസിലാകുന്നിടത്തോളം വേറെ എവിടെയും ആരും എന്നെ മനസിലാകില്ല എന്ന് മറക്കാതിരിക്കാം. 

 ഫ്രിജോ തറയിൽ