എല്ലാവര്ക്കും എല്ലാം നന്നല്ല, എല്ലാവരും എല്ലാം ആസ്വദിക്കുന്നുമില്ല.( പ്രഭാ 37: 28)
മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത് മനുഷ്യസഹജമായ പ്രവണതയാണ്. അവനുള്ളതുപോലെ വലിയ വീട്, കാര്‍. സമ്പത്ത്..
എന്തിനേറെ ചിലരൊക്കെ മറ്റ് ചിലരുടെ ശൈലികള്‍ പോലും അതേപടി അനുകരിക്കാന്‍ ശ്രമിക്കുന്നവരാണ്. എഴുത്തില്‍ പോലുമുണ്ട് അത്തരം ചില പ്രവണതകള്‍. മറ്റുള്ളവരുടെ ശൈലികളും വാക്യങ്ങളും പ്രയോഗങ്ങളും ആശയങ്ങളും സ്വന്തമാക്കി ആസ്വദിക്കുന്നവര്‍.
എല്ലാവരെയും പോലെയാകാന്‍ ശ്രമിക്കുന്നതാണ് നമ്മുടെയൊക്കെ ചില നിരാശതകള്‍ക്കും അപമാനങ്ങള്‍ക്കു പോലും കാരണമെന്ന് തോന്നുന്നു. ജീവിക്കാനുള്ള അവകാശം എല്ലാവര്ക്കും ഒരേ പോലെയാണെങ്കിലും എല്ലാവര്ക്കും എല്ലാം അവകാശപ്പെട്ടതൊന്നുമല്ല. ചിലതിനെയൊക്കെ വിട്ടുനില്‍ക്കാനും ചിലതിനോടൊക്കെ അകലം പാലിക്കാനും ചിലതൊക്കെ വേണ്ടെന്ന് വയ്ക്കാനും ചിലയിടങ്ങളിലൊക്കെ സ്വന്തമായി അടയാളങ്ങള്‍ നല്‍കാനും വിളിക്കപ്പെട്ടിരിക്കുന്നവരാണ് ഓരോരുത്തരും.
ഞാന്‍ സവിശേഷമായി വിളിക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണെന്നും എന്റേത് വ്യത്യസ്തമായ വിളിയാണെന്നും തിരിച്ചറിവുള്ള ഒരാള്‍ക്ക് തനിക്ക് എല്ലാം ആസ്വദിക്കാന്‍ കഴിയാതെ പോകുന്നതോര്‍ത്ത് നിരാശയുണ്ടാവില്ല. കാരണം അയാള്‍ക്കറിയാം എല്ലാവര്ക്കും എല്ലാം നന്നല്ല എന്ന്.
മറ്റുള്ളവര്‍ക്കുള്ളതും എനിക്ക് ഇല്ലാതെപോകുന്നതും എന്റെ കുറവോ പോരായ്മയോ അല്ലെന്നും ശ്രമിച്ചിട്ടും എനിക്ക് കിട്ടാതെ പോകുന്നവ ദൈവം അത് എനിക്ക് നല്കാന് ആഗ്രഹിച്ചിരിക്കുന്നവയല്ല എന്ന് തിരിച്ചറിയുമ്പോള്‍ നമ്മള് തുറമുഖമണയുന്ന കപ്പല്‍ പോലെ സ്വസ്ഥവും ശാന്തവുമാകുന്നു.
ദൈവമേ മറ്റുള്ളവര്‍ ആസ്വദിക്കുന്നവയൊന്നും എനിക്ക് ആസ്വദിക്കാന്‍ കഴിയാതെ പോകുമ്പോഴും എന്റെ ചെറിയ ജീവിതത്തിലെ സന്തോഷങ്ങളും നേട്ടങ്ങളും എനിക്ക് ചുറ്റിനുമുള്ള പ്രിയപ്പെട്ടതിലും പ്രിയപ്പെട്ടവരിലും സന്തോഷം കണ്ടെത്താനും കഴിയുന്ന വിധത്തില്‍ എന്റെ ഇന്നേ ദിവസത്തെ അവിടുന്ന് ക്രമപ്പെടുത്തണമേ.
നല്ല ദിവസമായിരിക്കട്ടെ ഇന്ന്
വിഎന്‍