ദൈവത്തിന്‍റെ കണ്ണ്

0

“ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്‍െറ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്‍ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്‍െറ കണ്ണ്‌ അവരുടെമേല്‍ ഉണ്ട്‌.”(സഖ. 9 : 8)

കുഞ്ഞിനെ കുളിപ്പിച്ച് പാലൂട്ടി തൊട്ടിലിൽ ഉറക്കി കിടത്തിയതിന് ശേഷം ഏതെങ്കിലും ചെറിയ ജോലികളിലേക്ക് മാറുന്ന അമ്മമാരെ ശ്രദ്ധിച്ചിട്ടുണ്ടോ? തൊട്ടിലിൽ കിടക്കുന്ന കുഞ്ഞ് ഒന്നനങ്ങിയാൽ, ചെറുതായി ഒന്നു ചിണുങ്ങിയാൽ അമ്മ അതറിയും, നിമിഷങ്ങൾകൊണ്ട് കുഞ്ഞിൻ്റെ  അടുത്തെത്തുകയും ചെയ്യും. ശാരീരികമായി അടുത്തില്ലെങ്കിലും തന്നെ കുഞ്ഞിൽ എപ്പോഴും ഒരു കണ്ണ് സൂക്ഷിക്കുന്ന നമ്മുടെ അമ്മമാർ .. ! 

വ്യക്തി ജീവിതത്തിൽ എന്നെ ഏറെ സ്വാധീനിച്ച ഒരു വചനമാണ്  സഖ. 9/8. ദൈവപരിപാലനയെക്കുറിച്ച് ഇതിൽപരം ലളിതമായി പറയാൻ വാക്കുകളില്ല എന്നതുതന്നെ. എന്റെ ഭവനമെന്ന് ദൈവം വിശേഷിപ്പിക്കുന്നത് അന്ന് ഇസ്രായേൽജനത്തെ ആയിരുന്നെങ്കിൽ, ഇന്ന് അവന്റെ പ്രിയപ്പെട്ടവരായ നമ്മൾ ഓരോരുത്തരുമാണ്. തൻ്റെ ശരീരവും രക്തവുമൂട്ടി തമ്പുരാൻ വളർത്തുന്ന ഞാനും നീയും തന്നെ ! 

പാളയമടിച്ചു നിൽക്കുന്ന ദൈവസാന്നിധ്യം !പച്ചമലയാളത്തിൽ പറഞ്ഞാൽ, “ആരും കയറി നിരങ്ങാതിരിക്കാൻ” എന്റെ ( വീടിന്, ശരീരത്തിന്, കുടുംബത്തിന്, സ്വത്തിന് etc. ) ചുറ്റും പാളയമടിച്ചു കാവൽനിൽക്കുന്ന ദൈവം തമ്പുരാൻ. 
ഒന്നനങ്ങുകയോ, ചിണുങ്ങുകയോ ചെയ്താൽ ഓടിയെത്തുന്ന അമ്മയെപ്പോലെ ഒരു കണ്ണ് എൻ്റെമേൽ എൻ്റെ ദൈവം സൂക്ഷിക്കുന്നു എന്നത് എത്ര സുഖമുള്ള ഒരു ഓർമ്മപ്പെടുത്തലാണ് !

കൂട്ടുകാരാ, എന്റെ ദൈവം എന്റെ കാര്യത്തിൽ അത്രയ്ക്ക് സെൻസിറ്റീവാണ് ..! “യഹോവായിരേ ..” നാവിൽ തത്തിക്കളിക്കുന്നു, വീണ്ടും വീണ്ടും …”നീ മാത്രം മതി, നീ മാത്രം മതി .. “

ആമ്മേൻ. 
കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം .. 

ഫാ. അജോ രാമച്ചനാട്ട്